കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്‌

രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നവരെന്ന മാറാപേര് മാറ്റിയെടുക്കാന്‍ വര്‍ത്തമാന കാലത്ത് സംഘ്പരിവാര്‍ പുതിയ നിയമവ്യവഹാരങ്ങളും കുപ്രചാരണങ്ങളും നടത്തിക്കൊണ്ടേയിരിക്കുകയാണ്. അഖണ്ഡഭാരതം പുലരുകയും പുണ്യനദിയായ സിന്ധു ഇന്ത്യയുടെ ഭാഗമാവുകയും ചെയ്യുന്ന കാലത്ത് മാത്രം തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്താല്‍ മതിയെന്നാണ് ഗോഡ്‌സേയുടെ മരണ വസിയ്യത്ത്. ആ ഗോഡ്‌സേക്ക് ക്ഷേത്രമുണ്ടാക്കുകയും ഗാന്ധിവധത്തിലെ നാലാം പ്രതിയായ വി.ഡി സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ചുമരില്‍ തൂക്കുകയും ചെയ്യുന്ന കാലത്ത് ഭരണകൂടത്തിന്റെ ഭാഗമായിത്തന്നെ ചരിത്രം വക്രീകരിക്കാന്‍ സ്ഥാപനവല്‍കൃതമായ പരിശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ രക്തസാക്ഷിദിനം കേവലം ആചരിക്കപ്പെടാനല്ലെന്നും രാജ്യപൈതൃകവും പാരമ്പര്യവും സംരക്ഷിക്കപ്പെടാനാണെന്നും മതേതര സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.

ഗോഡ്‌സേ കൊണ്ടാടപ്പെടുന്ന കാലത്ത് ചരിത്രം വിസ്മരിച്ച നാമമാണ് ബതഖ് മിയാ അന്‍സാരി. മഹാത്മാഗാന്ധിയെ ഇന്ത്യക്ക് നല്‍കിയത് ദേശസ്‌നേഹിയായ ഈ മുസല്‍മാനാണെന്ന് ആരുമറിയാതെ പോയതാണ്. സ്വാതന്ത്ര്യത്തിനായി രാഷ്ട്രപിതാവിനെ സമ്മാനിച്ച ഒരു സാധാരണ മനുഷ്യന്‍ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്ര നായകനായി മഹാത്മാഗാന്ധി കടന്നുവരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ പകുതിയോടെയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ദിശ നിര്‍ണയിച്ചതിലും സമര ശൈലി മാറ്റിപ്പണിതതിലും ഗാന്ധിജി വഹിച്ച പങ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകരായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മുഖ്യ ഇരകള്‍. ക്രൂരമായ അവഗണനയും ചൂഷണവും നേരിട്ട കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് മുഖ്യമെന്ന് ഗാന്ധിജി മനസ്സിലാക്കുകയുണ്ടായി. ഗാന്ധിജിയുടെ ഇന്ത്യയിലെ സമരങ്ങളില്‍ ആദ്യത്തേതും ഏറ്റവും ശ്രദ്ധേയവുമായിരുന്നു 1917ല്‍ ബീഹാറിലെ ചമ്പാരനില്‍ നടന്ന സത്യഗ്രഹസമരം. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വലിയ വില ലഭിച്ചിരുന്ന ‘ഇന്‍ഡിഗോ’ ചെടി കൃഷി ചെയ്തിരുന്ന ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിനായി കൃഷിഭൂമി മുഴുവന്‍ കൈയടക്കിയും വന്‍ ഭൂ നികുതി ചുമത്തുകയും ചെയ്ത ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നു ചമ്പാരനില്‍നിന്ന് തുടക്കംകുറിച്ചത്. കര്‍ഷക ചൂഷണത്തിനായി ബ്രിട്ടീഷ് പാര്‍ലമെന്റ് പടച്ചുവിട്ട അപരിഷ്‌കൃത നിയമങ്ങളെ ലംഘിക്കാനായിരുന്നു ഗാന്ധിജി കര്‍ഷകരോട് ആഹ്വാനം ചെയ്തത്. വസ്ത്രങ്ങളിലും മറ്റും നിറം കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന പ്രത്യേക തരം ‘ഡൈ’ നിര്‍മ്മിക്കാനുപയോഗിക്കുന്ന സസ്യമായിരുന്നു ഇന്‍ഡിഗോ.

1917ലായിരുന്നു സ്വാതന്ത്ര്യസമര നേതാക്കളായ ഗാന്ധിജിയും ഡോ. രാജേന്ദ്രപ്രസാദും ബീഹാറിലെ ചമ്പാരന്‍ ജില്ലയുടെ ആസ്ഥാനമായ മോത്തിഹാരിയില്‍ എത്തിയത്. ഒരു ഇന്‍ഡിഗോ തോട്ടത്തിന്റെ മാനേജരായ ഇര്‍വിന്‍ എന്ന ബ്രിട്ടീഷുകാരന്‍ ഗാന്ധിയെ വകവരുത്തുന്നതിനായി തയ്യാറാക്കിയ ഗൂഢ പദ്ധതിയിലാണ് ബതഖ് മിയാ അന്‍സാരി കടന്നുവരുന്നത്. ഗാന്ധിജിക്ക് ഭക്ഷണം തയ്യാറാക്കാന്‍ നിയോഗിച്ച പാചകക്കാരനായ ബതഖ് മിയാനെക്കൊണ്ട് ഗാന്ധിജിക്ക് ഒരു ഗ്ലാസ് പാല്‍ നല്‍കാനും അതില്‍ വിഷം കലര്‍ത്താനുമായിരുന്നു പദ്ധതി. ഈ ദൗത്യം നിര്‍വഹിക്കാന്‍ ഭീഷണിയെന്നോണം മിയാന്റെ ഒരു മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ഗാന്ധിജിയെ വധിക്കാന്‍ കൂട്ടുനില്‍ക്കാത്തപക്ഷം ഇനിയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ രാജ്യഭക്തനായ മിയാന് ഒരിക്കലും അതിനു കഴിയുമായിരുന്നില്ല. അയാള്‍ ഗാന്ധിജിക്ക് പാല്‍ കൊടുത്തുവെങ്കിലും അതില്‍ വിഷം കലര്‍ത്തിയ വിവരം അദ്ദേഹത്തോട് പറയുകയായിരുന്നു. ഈ സംഭവത്തിന് ഡോ. രാജേന്ദ്രപ്രസാദ് സാക്ഷിയായിരുന്നു. ഗാന്ധിജിയെ ഇന്ത്യക്ക് ലഭിച്ചെങ്കിലും ബതഖ് മിയാന് ഈ സംഭവത്തിന്റെ തുടര്‍ച്ചയായി കനത്ത വിലയാണ് നല്‍കേണ്ടി വന്നത്. ക്രൂരനായ ബ്രിട്ടീഷ് മാനേജര്‍ മിയാനെ ജയിലിലടക്കുകയും ദയനീയമായി പീഡിപ്പിക്കുകയും ചെയ്തു. ഇയാളുടെ വീട് നിന്ന സ്ഥലം ശ്മശാനമായി മാറ്റുകയും ആ ഗ്രാമത്തില്‍നിന്നുതന്നെ ആട്ടിയോടിക്കുകയും ചെയ്തു. അസാധാരണ ധൈര്യവും ദേശഭക്തിയും കാണിച്ച ഈ മനുഷ്യനെ ചരിത്രം തമസ്‌കരിക്കുകയും നിന്ദിക്കുകയുമാണ് ചെയ്തത്. ഗാന്ധി ഘാതകന്‍ വാഴ്ത്തപ്പെടുകയും ഗാന്ധി രക്ഷകന്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് പുതിയ ഇന്ത്യ.

ഈ ചരിത്ര സംഭവത്തിന് പ്രാദേശിക വകഭേദവും വ്യത്യസ്തമായ ആഖ്യാനങ്ങളും നിലവിലുണ്ട്. ചരിത്രകാരന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വീക്ഷണ വ്യതിയാനങ്ങള്‍ എന്തായാലും ഇത്തരമൊരു സംഭവമുണ്ടായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിയാന്റെ ത്യാഗത്തിന് പ്രത്യുപകാരമായി 1950ല്‍ ഇന്ത്യയുടെ പ്രസിഡണ്ടായിരിക്കെ ചമ്പാരനിലെ മോതിഹാരിയിലെത്തിയ ഡോ. രാജേന്ദ്രപ്രസാദ് ഇയാളുടെ കുടുംബത്തിന് 24 ഏക്കര്‍ ഭൂമി നല്‍കാന്‍ (50 ഏക്കറെന്നും വാദമുണ്ട്) ഉത്തരവിട്ടതായി പറയപ്പെടുന്നു. പക്ഷേ, ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും മിയാന്റെ പിന്‍തലമുറക്ക് അനുഭവിക്കാന്‍ ഈ ഭൂമി ലഭിച്ചിട്ടില്ല എന്നതാണ് ദയനീയം. ധീരനായ ബതഖ് മിയാ 1957ല്‍ മരണമടഞ്ഞു. നിലവില്‍ അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ അക്‌വ പര്‍സോനി ഗ്രാമത്തിലാണ് താമസിക്കുന്നത്. നിരക്ഷരരും കുടിയേറ്റക്കാരുമായ ആ കുടുംബം ഇപ്പോഴും വാഗ്ദത്ത മണ്ണ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നത്.

ഗാന്ധിജിയുടെ രക്ഷകന്റെ കുടുംബത്തിന് ഒന്നാമത്തെ പ്രസിഡണ്ട് വാഗ്ദാനം ചെയ്ത ഭൂമി അനുവദിക്കുന്നതിനായി പ്രതിഭാപാട്ടീല്‍ പ്രസിഡണ്ടായിരുന്ന സമയത്ത് ശ്രമം നടത്തിയിരുന്നു. ഗാന്ധിജിയുടെ അറുപത്തിരണ്ടാം ചരമദിനത്തിന്റെ ഒരാഴ്ച മുമ്പ് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച ‘എമാശഹ്യ ീള ങമവമാേമ’ െടമ്ശീൗൃ ശി ഉശൃല േെൃമശെേ’ എന്ന വിശേഷ വാര്‍ത്തയായിരുന്നു പ്രസിഡണ്ടിന്റെ നടപടിക്ക് അടിസ്ഥാനമായത്. പ്രസിഡണ്ടിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി അര്‍ച്ചന ദത്ത് ഇക്കാര്യത്തില്‍ ബീഹാര്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെകുറിച്ച് ചമ്പാരന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ അന്നത്തെ മജിസ്‌ട്രേട്ടായിരുന്ന രമേശ് ലാലിന്റെ സ്ഥിരീകരണമുണ്ടാവുകയും ചെയ്തതാണ്. പിന്നീട് കാലമേറെ കഴിഞ്ഞ് അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും മിയാന്റെ കുടുംബത്തെ സഹായിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ‘തിര്‍ഹത്’ ഡിവിഷണല്‍ കമ്മീഷണര്‍ എസ്.എം. രാജുവിന് നല്‍കിയതായി വിവരമുണ്ടായിരുന്നു. ഓരോ രക്തസാക്ഷിദിനം പിന്നിടുമ്പോഴും മിയാന്റെ കുടുംബത്തിലെ അവശേഷിക്കുന്നവര്‍ക്കെങ്കിലും പ്രഖ്യാപിത ഭൂമി ലഭിച്ചോ എന്ന ചര്‍ച്ചപോലും ഇല്ലാതായിരിക്കുന്നു. വിവരാവകാശ നിയമപ്രകാരം മിയാന്റെ കുടുംബത്തിന് ഭൂമി ലഭിച്ചോ എന്ന ചോദ്യത്തിന് 1957ല്‍ ഭൂമി അനുവദിച്ചു എന്ന മറുപടി കിട്ടിയിരുന്നതായി ‘ഹിന്ദു’ ദിനപ്പത്രത്തിന്റെ മുഖപേജില്‍ വന്നിരുന്നു.

രാജേന്ദ്ര പ്രസാദിന്റെ രണ്ടാം ചമ്പാരന്‍ സന്ദര്‍ശനത്തെ സംബന്ധിച്ചും ബതഖ് മിയാനെ കുറിച്ചും ചരിത്രകാരനായ ഗിരീഷ് മിശ്ര ഓര്‍ത്തെടുക്കുന്നുണ്ട്. പ്രത്യേക ട്രെയിനില്‍ മോതിഹാരി റെയില്‍വെസ്റ്റേഷനിലെത്തിയ പ്രസിഡണ്ടിനെ ബതഖ് മിയാ കണ്ട് സംസാരിച്ച വിവരം അദ്ദേഹം വിവരിക്കുന്നുണ്ട്. 1917ല്‍ നടന്ന സംഭവത്തെ കുറിച്ച് പ്രസിഡണ്ട്തന്നെ റെയില്‍വെസ്റ്റേഷനിലെ ജനക്കൂട്ടത്തിന് വിവരിച്ചു നല്‍കിയെന്ന് മിശ്ര പറയുന്നു. ചമ്പാരനിലെ ശിഖാര്‍പൂര്‍ എസ്റ്റേറ്റ് സ്ഥാപകരായ കുടുംബത്തിലെ അംഗമായ ‘നാര്‍കാട്ടിയകഞ്ചി’ലെ അന്നത്തെ കോണ്‍ഗ്രസ് എം.എല്‍. എ. വിനയ് വര്‍മ്മ ഈ സംഭവത്തെ വിവരിക്കുന്നതെങ്ങനെയെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അജാസ് അശ്‌റഫ് പറയുന്നുണ്ട്. വര്‍മ്മയുടെ മുത്തച്ഛനായ ഭഗവതി പ്രസാദ് വര്‍മ്മ ഡോ. രാജേന്ദ്രപ്രസാദിന്റെ മരുമകനായിരുന്നു. പ്രസാദ് വര്‍മ്മയുടെ മൂത്ത സഹോദരനായ അവദേശ് രോഗബാധിതനായതിനാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനായിരുന്നു 1950ല്‍ പ്രസിഡണ്ട് രാജേന്ദ്രപ്രസാദ് ചമ്പാരനിലെത്തുന്നത്. മോതിഹാരിയില്‍ അല്ല നാര്‍കാട്ടിയാകഞ്ചിലാണ് അദ്ദേഹം തീവണ്ടിയിറങ്ങിയതെന്നും വര്‍മ്മ ഓര്‍ത്തെടുക്കുന്നു. അവിടെവെച്ചായിരുന്നു ബതഖ് മിയാനെ പ്രസിഡണ്ട് കാണുന്നതും അദ്ദേഹത്തെ ആശ്ലേഷിക്കുന്നതും 1917ലുണ്ടായ സംഭവം പൊതുജനത്തെ അറിയിക്കുന്നതും.

ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് വേറെയും അഭിപ്രായങ്ങളുള്ളതായി ‘മെയിന്‍ സ്ട്രീം വീക്ക്‌ലി’യെ ഉദ്ധരിച്ച് മിശ്രതന്നെ വിവരിക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ക്കെതിരായ സമരത്തിനിടെ ജാതി മത ഭേദമെന്യേ സംഘടിപ്പിക്കപ്പെട്ട ഒരു പൊതുസദ്യക്കിടെയാണ് ‘വിഷം കലര്‍ത്തല്‍’ സംഭവം നടന്നതെന്നാണ് മെയിന്‍ സ്ട്രീം പറയുന്നത്. ഗാന്ധിജിക്കും രാജേന്ദ്രപ്രസാദിനും സമരഭടന്മാര്‍ക്കും നല്‍കുന്ന ഭക്ഷണത്തില്‍ വിഷം കലര്‍ത്താനായിരുന്നു ഇര്‍വിന്റെ നിര്‍ദ്ദേശം. പാചകക്കാരനായ ബതഖ് മിയാ ഇത് നിരസിച്ചെന്നു മാത്രമല്ല പ്രസ്തുത പദ്ധതി വെളിപ്പെടുത്തുകയും ചെയ്തു. ഗാന്ധിജിയുടെ കൈയില്‍ കൊടുത്ത പാല്‍ കഴിച്ചുപോകരുതെന്ന് മിയാ പറഞ്ഞതായും പാല്‍ ഗ്ലാസ് ഗാന്ധിജിയുടെ കൈയില്‍നിന്ന് മിയാ തട്ടിക്കളഞ്ഞെന്നും അഭിപ്രായമുണ്ട്. ഗാന്ധിജിയെ വധിക്കാന്‍ കൂട്ടുനിന്നാല്‍ തനിക്ക് വാഗ്ദത്തം ചെയ്ത സമ്മാനങ്ങളെകുറിച്ച് മിയാ പറഞ്ഞിരുന്നു. താഴെ വീണുപോയ പാല്‍ നക്കിക്കുടിക്കാന്‍ ശ്രമിച്ച പൂച്ച ഉടന്‍ ചത്തുപോവുകയുണ്ടായത്രെ. കര്‍ഷകരെ സാമ്പത്തികമായും ശാരീരികമായും പീഡിപ്പിക്കാന്‍ കൂട്ടുനിന്നിരുന്ന ഇര്‍വിന് ഗാന്ധിജി കര്‍ഷകരെ സംഘടിപ്പിച്ച് സമരം നടത്തിയതാണ് പ്രകോപനവും പ്രതികാരവും ഉണ്ടാകാന്‍ കാരണമായതായി ചരിത്രം പറയുന്നത്.

ഗാന്ധിജിയെ രക്ഷപ്പെടുത്തിയ കുടുംബത്തിന് ബതഖ് മിയാ അന്‍സാരിയുടെ മരണശേഷം 1958ല്‍ മാത്രമാണ് കേവലം 6 ഏക്കര്‍ ഭൂമി ലഭിച്ചത്. അതും വനഭൂമിയായ പ്രദേശം. പേരമക്കളായ അലാഉദ്ദീന്‍ അന്‍സാരിയും കലാം അന്‍സാരിയും ഇക്കാര്യം പറയുന്നുണ്ട്. ലഭ്യമായ ഈ സ്ഥലത്തേക്ക് 1960ല്‍ താമസം മാറ്റിയ ഇവര്‍ക്ക് യഥാര്‍ത്ഥ കൈവശാവകാശ രേഖ ലഭിക്കാന്‍ പിന്നെയും നിയമവ്യവഹാരങ്ങളെ തുടര്‍ന്ന് ഏഴ് കൊല്ലം വേണ്ടിവന്നു. മിയാന്റെ കുടുംബത്തിന് നല്‍കാമെന്നേറ്റ ഭൂമിയില്‍ വനം വകുപ്പ് അവകാശവാദം ഉന്നയിച്ചതായിരുന്നു പ്രധാന പ്രശ്‌നം. രാജ്യത്ത് പിന്നീടു വന്ന പ്രസിഡണ്ടുമാരെയും പ്രധാനമന്ത്രിമാരെയും മാറിമാറിക്കണ്ട ഈ കുടുംബത്തിന് സാമാന്യമായ നീതിപോലും കിട്ടാതെ പോയി. മക്കളും പേരമക്കളുമായി ഒട്ടേറെ അംഗങ്ങളുള്ള ഈ കുടുംബം ഇപ്പോഴും സര്‍ക്കാറിന്റെ ദയാദാക്ഷിണ്യത്തിനായി കാത്തുകിടക്കുകയാണ്. മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടിയിട്ടും ‘ഗോഡ്‌സെ’ ദേശീയതയുടെ വക്താവായി വാഴ്ത്തപ്പെടുന്ന ഭരണകൂടത്തില്‍നിന്ന് ഇനി ഒന്നും കിട്ടുമെന്ന പ്രതീക്ഷ ഗാന്ധിജിയുടെ ജീവന്‍ രക്ഷിച്ച ഈ കുടുംബത്തിനില്ല. മിയാന്റെ ഭാഷയായ ഉര്‍ദുവിനും ഭാരതീയ സംസ്‌കാരത്തിനുമായി ഗാന്ധിജി നടത്തിയ പോരാട്ടം കൂടിയായിരുന്നു അദ്ദേഹം വധിക്കപ്പെടാനുണ്ടായ കാരണങ്ങളിലൊന്ന്, ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.