പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

യുസ്സും ആരോഗ്യവും മുഴുവന്‍ സമുദായത്തിനും രാജ്യത്തിനുമായി സമര്‍പ്പിച്ച, മനുഷ്യ സ്‌നേഹിയായിരുന്നു ഇ.അഹമ്മദ് സാഹിബ്. അദ്ദേഹത്തിന്റെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണ് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും വ്യക്തിപരമായി എനിക്കും ഉണ്ടാക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയാധ്യക്ഷന്‍ എന്ന നിലയില്‍ നമ്മുടെ അഭിമാനമായിരുന്ന അഹമ്മദ് സാഹിബ് പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു.

നിഷ്‌കളങ്കമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ നിഷ്‌കളങ്കത പ്രകടമായിരുന്നു. സങ്കടം വരുമ്പോള്‍ കരയുകയും സന്തോഷം വരുമ്പോള്‍ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന അദ്ദേഹം ദേഷ്യം വരുമ്പോള്‍ ഒരിക്കലുമതു മറച്ചുവെച്ചതുമില്ല. സൗഹൃദങ്ങള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഒരുപക്ഷേ ഇത്രമാത്രം ദേശീയ, സാര്‍വദേശീയ നേതാക്കളെ പരിചയമുള്ള മറ്റൊരു നേതാവ് കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ കുറവാകും.

അധികാര സ്ഥാനങ്ങളില്‍ ഇരുന്നപ്പോഴും അല്ലാത്തപ്പോഴും രാഷ്ട്രീയവേദികളില്‍ അദ്ദേഹം ഒരുപോലെ സ്വീകാര്യനായിരുന്നു. മധ്യേഷ്യയിലെ അനൗദ്യോഗിക ഇന്ത്യന്‍ അംബാസിഡറായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങളില്‍ അഹമ്മദ് സാഹിബിനെ പോലെ സ്വീകാര്യനായ മറ്റൊരാളില്ല. അറബ് നേതാക്കളുമായി അദ്ദേഹം പുലര്‍ത്തിയ ബന്ധം, നമ്മുടെ രാജ്യത്തിന് ആ രാജ്യങ്ങളുമായി കൂടുതല്‍ ഇഴയടുപ്പമുണ്ടാക്കിയിട്ടുണ്ട് എന്ന് നിസ്സംശയം പറാന്‍ കഴിയും.ഭരണ രംഗത്ത് മികച്ച മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1982 മുതല്‍ 87വരെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അഹമ്മദ് സാഹിബാണ് കേരളത്തിന്റെ വ്യവസായ വളര്‍ച്ചയില്‍ നാഴികക്കല്ലായ നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കേരളത്തെ സംബന്ധിച്ച് വിസ്മരിക്കാന്‍ കഴിയാത്ത പേരാണ് അഹമ്മദ് സാഹിബിന്റേത്. റെയില്‍വേ വകുപ്പിന്റെ സഹ ചുമതലക്കാരനായി പ്രവര്‍ത്തിക്കുമ്പോഴാണ് കേരളത്തില്‍ റെയില്‍വേ വികസനത്തിന് പുതിയ ദിശാബോധം കൈവന്നത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ നിരവധിയാണ്.

ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മലയാളി ഹാജിമാര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വലിയ ശ്രമമാണ് അദ്ദേഹം നടത്തിയത്. കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം ഉണ്ടാക്കുന്നതിലും ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കേരളത്തില്‍ കൊണ്ടുവരുന്നതിനും നേതൃത്വം നല്‍കിയത്് അദ്ദേഹമാണ്.  വിദേശ രാഷ്ട്രങ്ങളില്‍ വെച്ച് പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മലയാളികള്‍ ആദ്യം ബന്ധപ്പെടുന്നത് അഹമ്മദ് സാഹിബിനെയായിരുന്നു. ഏതു നേരവും ഫോണില്‍ ലഭിക്കുന്ന നേതാവാണ് അദ്ദേഹമെന്ന് അഭിമാനത്തോടെ പലരും എന്നോടു പറഞ്ഞിട്ടുണ്ട്.

ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ലമെന്റില്‍ ശക്തിയുക്തം നിലപാട് സ്വീകരിച്ച അഹമ്മദ് സാഹിബിനെ നമുക്ക് മറക്കാന്‍ കഴിയില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ സമുദായത്തിന് നേരെ വര്‍ഗീയശക്തികള്‍ അക്രമം അഴിച്ചുവിട്ടപ്പോഴൊക്കെ ആശ്വാസവും സഹായവുമായി അദ്ദേഹം ഓടിയെത്തി. ദേശീയ രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന് ഇടം നേടിക്കൊടുക്കാന്‍ വലിയ പരിശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. നിരന്തരം അതിനായി അദ്ദേഹം പ്രയത്‌നിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ ഒരു മുസ്‌ലിം ലീഗുകാരന്‍ അംഗമായതിന് പിന്നില്‍ അഹമ്മദ് സാഹിബിന്റെ വ്യക്തിപ്രഭാവം വളരെയേറെയുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരി വിപുലപ്പെടുത്തുന്നതിനും ശക്തമാക്കുന്നതിനും നടത്തിയ ശ്രമങ്ങള്‍ വിലപ്പെട്ടതാണ്.

1962 മുതലാണ് എനിക്ക് അഹമ്മദ് സാഹിബുമായി അടുത്തു പരിചയപ്പെടാനുള്ള സാഹചര്യമുണ്ടായത്. അന്ന് ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. ശ്രദ്ധേയനായ യുവനേതാവായിരുന്ന അഹമ്മദ് സാഹിബ് എന്റെ വന്ദ്യപിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളെ കാണാനായി കുടപ്പനക്കല്‍ തറവാട്ടിലെത്തുമ്പോഴൊക്കെ ഞാന്‍ സൗഹൃദം പുതുക്കി. അന്നുതൊട്ടുള്ള ഞങ്ങളുടെ ബന്ധം മരണം വരെ ഊഷ്മളമായി തുടര്‍ന്നു. അഭിവന്ദ്യ ജ്യേഷ്ടന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അഹമ്മദ് സാഹിബ് പുലര്‍ത്തിയിരുന്ന നിഷ്‌കളങ്കമായ സൗഹൃദം വളരെയേറെ ദൃഢമായിരുന്നു. ഇണപിരിയാത്ത കൂട്ടുകാരായിരുന്നു അവര്‍.

അഹമ്മദ് സാഹിബുമായി വേദികളില്‍ ഒരുമിച്ചിരിക്കാനും യോഗങ്ങളില്‍ പങ്കെടുക്കാനും കഴിഞ്ഞത് എന്നെ സംബന്ധിച്ച് വളരെ അഭിമാനകരമായ കാര്യമാണ്. സംഘടനയുടെയും സമുദായത്തിന്റെയും ഭാവിയെ സംബന്ധിച്ച ആലോചനകളിലായിരുന്നു അദ്ദേഹമെപ്പോഴും. അഹമ്മദ് സാഹിബിനെ സംബന്ധിച്ച് മുസ്‌ലിം ലീഗ് പ്രസ്ഥാനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ചന്ദ്രികക്ക് വളരെയേറെ പ്രധാന്യം അദ്ദേഹം നല്‍കിയിരുന്നു. കാണുമ്പോഴൊക്കെ ചന്ദ്രികയെക്കുറിച്ച് സംസാരിക്കാത്ത ഒരു വേളയും ഉണ്ടായിട്ടില്ല.

ചന്ദ്രികയുടെ നവീകരണം അദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു. കാലഘട്ടത്തിനനുസൃതമായി ചന്ദ്രിക മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മുസ്‌ലിം ലീഗും ചന്ദ്രികയുമായിരുന്നു അദ്ദേഹത്തിന്റെ പ്രാണവായു. മുസ്‌ലിം ലീഗിനും ചന്ദ്രികക്കും തീരാനഷ്ടമാണ് അഹമ്മദ് സാഹിബിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. അത് അപരിഹാര്യമാണ്. അദ്ദേഹത്തിന്റെ സദാ പുഞ്ചിരിക്കുന്ന മുഖം ഒരിക്കലും മറക്കാന്‍ കഴിയില്ല. രണ്ട് ദിവസം മുമ്പ് മുനവ്വറലി തങ്ങളുടെ ഗൃഹപ്രവേശന ചടങ്ങില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.

ഏറെ നേരം കുടപ്പനക്കല്‍ തറവാട്ടില്‍ സമയം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ഏറെ നേരം അദ്ദേഹത്തോട് അന്ന് സംസാരിക്കാന്‍ കഴിഞ്ഞു. കൊടപ്പനക്കല്‍ തറവാടിനോട് അദ്ദേഹം പുലര്‍ത്തിയിരുന്ന സ്‌നേഹവും ബഹുമാനവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വ്യക്തിപരമായി എനിക്ക് ജ്യേഷ്ടസഹോദരനെയാണ് നഷ്ടമായിരിക്കുന്നത്. എല്ലാ ഘട്ടങ്ങളിലും താങ്ങായും തണലായും നിന്ന് കരുത്തുനല്‍കിയ പ്രിയപ്പെട്ട അഹമ്മദ് സാഹിബിന്റെ വേര്‍പാടിന്റെ വേദന താങ്ങാനാകാത്തതാണ്. അല്ലാഹു അദ്ദേഹത്തിന് മഹ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.