ദുബൈ: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ മരുമകന്‍ ഡോക്ടര്‍ ബാബു ഷര്‍സാദ്(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

ഇ അഹമ്മദിന്റെ മകള്‍ ഡോക്ടര്‍ ഫൗസിയയുടെ ഭര്‍ത്താവായ ബാബു ഷര്‍സാദ് കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്. എഞ്ചിനീയര്‍ പി.കെ അബൂബക്കറിന്റെ മകനായ ഷര്‍സാദ്, ദുബായ് മെഡികെയര്‍ സിറ്റിയില്‍ നെഫ്രോളജിസ്റ്റാണ്.
സുഹൈല്‍ (അമേരിക്ക), സഫീര്‍ (ലണ്ടന്‍), ഡോക്ടര്‍ സുമയ്യ എന്നിവരാണ് മക്കള്‍.

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കാണുന്ന മകള്‍ ഡോക്ടര്‍ ഫൗസിയയും ഭര്‍ത്താവ് ഡോ. ബാബു ഷെര്‍ഷാദും

പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് വൈകിപ്പിച്ച വിവാദ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ എന്നിവര്‍ക്കൊപ്പം ഡോ. ബാബു ഷെര്‍ഷാദും സമീപത്തുണ്ടായിരുന്നു. ബാബു ഷെര്‍ഷാദാണ് ഇ അഹമ്മദിന്റെ മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നത്. 12 മണിക്കൂറോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയതും പ്രമുഖ നെഫ്രോളജിസ്റ്റായ മരുമകന്റെ അറിവോടെയായിരുന്നു.