Connect with us

Views

ഇ. അഹമ്മദ് സാഹിബില്ലാത്ത ഒരാണ്ട്

Published

on

ലുഖ്മാന്‍ മമ്പാട്

ലോകത്തിന്റെ ഏതൊക്കെയോ ദിക്കുകളില്‍, ദുരിതത്തിന്റെ കനല്‍ പഥങ്ങളില്‍ ആശ്വാസത്തിന്റെ കുളിര്‍തെന്നലായി ഉറപ്പായും വരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്ന ഒരാളുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ വെളിച്ചമായി എത്താതിരിക്കുമ്പോള്‍ അവരില്‍ എത്ര പേര്‍ അറിയുന്നുണ്ടാവും, നാഥന്റെ വിളിക്കുത്തരം തേടി അദ്ദേഹം പോയിരിക്കുന്നുവെന്ന്. വഴിക്കണ്ണുമായി കാത്തിരുന്ന് നെടുവീര്‍പ്പായി നൂറു നൂറു ദേശങ്ങളെ നൊമ്പരപ്പെടുത്തുന്ന ഒരിന്ത്യക്കാരനെയൊള്ളൂ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ത്യയില്‍; ഇ അഹമ്മദ് സാഹിബ്.
വിയോഗത്തിന്റെ നാലാം നാള്‍ ഫലസ്തീന്‍ അമ്പാസിഡര്‍ അദ്‌നാന്‍ അബൂ ഹൈജയുടെ കണ്ണുനീര്‍ വീണ് കണ്ണൂര്‍ സിറ്റിയിലെ മീസാന്‍ കല്ലുകളിലെ മൈലാഞ്ചി ചെടി നനഞ്ഞു. കൂടെപ്പിറപ്പിനെ പോലെ അദ്ദേഹം വിങ്ങിപ്പൊട്ടി; ഇനി ആരാണ് ഞങ്ങള്‍ക്കുള്ളത്. ഫലസ്തീനിലെ ഓരോ കുട്ടിയും അഭിമാനത്തോടെ ഓര്‍ക്കുന്ന യാസര്‍ അറഫാത്തിനൊപ്പം ഇ അഹമ്മദും സ്ഥാനം നേടിയത് ആകസ്മികമല്ല. മാസം പത്തു കഴിഞ്ഞ ശേഷം, യു.എസ്ഇസ്രാഈല്‍ ജറൂസലേം ആസ്ഥാന നീക്കത്തിനെതിരെ കോഴിക്കോട്ടു നടന്ന മുസ്്‌ലിം യൂത്ത്‌ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എണീറ്റപ്പോഴും അദ്‌നാന്‍ അബൂ ഹൈജയുടെ കണ്ഠം ഇടറി.
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനം ഞങ്ങളുടെ സഹോദരന്‍ ഇ അഹമ്മദ് സാഹിബിനായി പ്രാര്‍ത്ഥിക്കാതെ എങ്ങിനെ തുടങ്ങും; അല്‍ ഫാത്തിഹ. മാതാപിതാക്കള്‍ക്കും ഭാര്യക്കും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കുമായി പ്രതിദിനം മൂന്ന് യാസീന്‍ ഓതി ഹദ്‌യ ചെയ്തിരുന്ന അഹമ്മദ് സഹിബിനായി അറബിക്കടലും യൂഫ്രട്ടീസ് നദിയും കടന്ന് നയാഗ്രനദിപോലെ പുണ്ണ്യം തേടിയെത്തുന്നു എന്നതാണ് ഒരു പുരുഷായുസ്സ് കൊണ്ട് നേടിയ ഭാഗ്യം.
ഫലസ്തീന്റെ തലസ്ഥാനം യു.എസ് പ്രസിഡന്റ് ട്രംപ്് ജറൂസലേമിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചപ്പോള്‍ അറബ് ലോകം ആശ്വാസത്തിന്റെ തലോടല്‍ പ്രതീക്ഷിച്ചൊരു ലോക നേതാവ് ആരാവും. ഫലസ്തീനെ തുറന്ന ജയിലാക്കി യസര്‍ അറഫാത്തിനെ വീട്ടു തടങ്കലിലിട്ട് പോര്‍ വിമാനങ്ങളുടെ മുരള്‍ച്ച ഉറക്കം നഷ്ടപ്പെടുത്തിയ നാളുകളില്‍ തലയെടുപ്പോടെ ചെന്ന് ചേര്‍ത്തു പിടിച്ച് നൂറു കോടി പിന്തുണ അറിയിച്ചത് മറ്റാരുമായിരുന്നില്ലല്ലോ. ഇന്ത്യയും അഹമ്മദ് സാഹിബും അന്നങ്ങിനെയൊരു കരുത്ത് പ്രകടിപ്പിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ, ഫലസ്തീന്‍ ഭൂഗോളത്തിന്റെ മാപ്പില്‍ ഇന്നത്തെപ്പോലെ കാണുമായിരുന്നോ. ഫലസ്തീന്‍ ജനത ഓരോ പ്രതിസന്ധിയുടെ മുഖത്തും ഓര്‍ക്കുന്ന നാമം ഒരു ഇന്ത്യക്കാരന്റേതാണ്, ഒരു മലയാളിയുടേതാണ്, നമ്മെ സ്‌നേഹിച്ച നാം സ്‌നേഹിച്ച് കൂടെ നിന്ന ഇ അഹമ്മദ് എന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അമരക്കാരന്റേതാണ്.
വിശ്വപൗരനായി രാജ്യം അദ്ദേഹത്തെ വരിച്ചതോടെ നിയോഗം പോലെ കഅബയുടെയുടെ ഉള്ളില്‍ പലതവണ മുസല്ലയിട്ട് പ്രാര്‍ത്ഥിച്ചപ്പോഴും ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളില്‍ അജഞ്ചലനായി പ്രസംഗിച്ചപ്പോഴും സഹജീവികളുടെ കാര്യമാണ് ഹൃദയം കൊണ്ട് അദ്ദേഹം പറഞ്ഞത്. രണ്ടു മഹാദൗത്യങ്ങളിലും ഇത്രയധികം ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതും ലോകത്തിന്റെ ആയിരമായിരം ഭാഷകളിലുള്ള പ്രാര്‍ത്ഥനാ വചസ്സുകളാലാവും. ഒരിക്കലും പരിഹാരമില്ലെന്ന് പലരും കരുന്നിടത്തു നിന്നായിരുന്നല്ലോ അഹമ്മദ് സാഹിബ് കുരുക്കഴിച്ച് തുടങ്ങുക. ഐ.എസ്.ഐ.എസ് ഭീകരര്‍ സിറിയയില്‍ ബന്ദിയാക്കിയ ടോം ഉഴുന്നലാലിന്റെ മോചനത്തിനായി എന്തു ചെയ്യണമെന്നറിയാതെ പകച്ച കഴിഞ്ഞ മാസങ്ങളില്‍ ഒരു ഇ അഹമ്മദിനെ രാജ്യം എത്രമേലാണ് മിസ്സ് ചെയ്തത്.
നമ്മള്‍ ഓര്‍ക്കുകയാണ്. കേന്ദ്ര മന്ത്രി പദത്തിന്റെ ആദ്യ ദിനങ്ങളില്‍ അഹമ്മദ് സാഹിബിനെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും ഇറാഖിലെ ബന്ദികളുടെ മോചന ദൗത്യത്തിന്റെ തലപ്പത്തേക്ക് നിയമിക്കുമ്പോള്‍ പ്രതീക്ഷ എത്രയോ അകലെയായിരുന്നു. ഇന്ത്യയുമായി നയതന്ത്ര ബന്ധമില്ലാത്ത വിമതരുടെ പിടിയില്‍ അമര്‍ന്ന ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ ഒരു തുള്ളി ചോര പൊടിയാതെ ഒരു ചില്ലിക്കാശ് മോചന ദ്രവ്യം നല്‍കാതെ പിറന്ന മണ്ണിലെ ഉറ്റവരുടെ സ്‌നേഹത്തിലേക്ക് തിരികെയെടുത്തു അദ്ദേഹം. ഖുര്‍ആനും സ്വലാത്തും ഉരുവിട്ട് അറബിയില്‍ സംസാരിച്ചു ആറാഴ്ച നീണ്ട നയതന്ത്ര നീക്കങ്ങള്‍ക്കൊടുവിലാണ് അസാധ്യമായത് നേടിയെടുത്തത്.
അഹമ്മദ് സാഹിബ് പരാജയപ്പെടുമെന്ന് ഉറപ്പിച്ച് വിമര്‍ശനത്തിന്റെ കുന്തം കൂര്‍പ്പിച്ച് ചങ്കില്‍ കുത്താനിരുന്നവരും ഖണ്ഡഹാര്‍ കളങ്കിതരും ഒരുപോലെ നമിച്ചുപോയി. ഊണും ഉറക്കവുമില്ലാതെ രാപകല്‍ കഠിനാധ്വാനം ചെയ്ത് നേടിയ അഹമ്മദ് സാഹിബ് മോഡലിന്റെ പോരിശ ഇന്ത്യന്‍ നയതന്ത്ര ചരിത്രത്തിലെ സുവര്‍ണ്ണ ഏടാണിന്ന്. സഊദിയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും സൗദിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി ഇറാന്‍ പൊലീസ് പിടിയിലായ പരപ്പനങ്ങാടി, താനൂര്‍ സ്വദേശികളെയും നാട്ടിലെത്തിച്ചതും അഹമ്മദ് സാഹിബ് മോഡലിന്റെ അനുബന്ധമാണ്.
സര്‍വ്വ ശക്തന്റെ കരുണയെന്നാണ് അഹമ്മദ് സാഹിബ് ഇതിനെയൊക്കെ ചുരുക്കി പറഞ്ഞിരുന്നത്. ഒരിക്കല്‍ അദ്ദേഹം വിശദീകരിച്ചു: പ്രത്യാശയുടെ ചെറു തരിപോലുമില്ലാത്തപ്പോഴാണ് പലതും തുടങ്ങുക. അല്ലാഹുവില്‍ തവക്കുലാക്കും. പാണക്കാട് വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പറയും. രാപകല്‍ അതിന്റെ പിന്നാലെ എല്ലാ വഴികളും തേടും. ഒന്നടയുമ്പോള്‍ മറ്റൊന്ന് തുറന്നു വരും. പിന്നെ എങ്ങിനെയോ വിജയം തെളിയും.
ഖത്തറിലെ പ്രതിസന്ധിയോ സഊദിയിലെ നിതാഖാത്തോ അഫ്ഗാനിലോ ഉഗാണ്ടയിലോ കാണാതായ വിവരമോ എത്തുമ്പോള്‍ അഹമ്മദ് സാഹിബുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചത് അദ്ദേഹത്തെ വോട്ടു ചെയ്ത് ഇന്ദ്ര പ്രസ്ഥത്തിലേക്കു വിട്ടവര്‍ മാത്രമായിരുന്നില്ല.
ഫലസ്തീനില്‍ മാത്രമല്ല, കുവൈത്ത് യുദ്ധാനന്തരം ആദ്യമായി അവിടെയെത്തിയതും അഹമ്മദ് സാഹിബായിരുന്നു. ആ പ്രതിസന്ധിക്കാലത്ത് ലോക രാജ്യങ്ങളില്‍ നിന്നുള്ള കുവൈത്ത് നാഷണല്‍ അസംബ്ലി സന്ദര്‍ശിച്ച രണ്ടാമത്തെ പ്രതിനിധിയായിരുന്നു കന്നി എം.പിമാത്രമായിരുന്ന അദ്ദേഹം. അന്നത്തെ കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍ സബാഹ് നല്‍കിയ വരവേല്‍പ്പിനെ കുറിച്ച് പലവുരു അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. ‘രാജ്യം നഷ്ടപ്പെട്ട് അലഞ്ഞ ഞങ്ങള്‍ക്ക് ഐക്യദര്‍ഢ്യം പ്രകടിപ്പിച്ച മഹാനായ താങ്കളെ ഒരിക്കലും മറക്കില്ലെന്നാണ്’ കുവൈത്ത് അമീര്‍ പറയുമ്പോള്‍ പില്‍ക്കാലത്ത് ഗള്‍ഫിലെ ഏതു രാജ്യത്തെ അധികാര വാതിലുകളും തുറക്കാനുള്ള താക്കോല്‍ ആ കൈകളിലുണ്ടാരുന്നുവെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.
പത്തു തവണ ഐക്യരാഷ്ട്ര സഭയിലും നാല് തവണ അറബ് ലീഗിലും ജി7 സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു പൗരനെ മാത്രമെ ഇന്ത്യ പ്രസവിച്ചിട്ടുള്ളൂ. ഗള്‍ഫ്, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, മധേഷ്യ, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായെല്ലാം ബന്ധം ശക്തമാക്കാന്‍ രാജ്യം നിയോഗിച്ചത് മറ്റാരെയുമായിരുന്നില്ല. അങ്ങിനെയൊരു അമ്പാസിഡര്‍ പിന്നെ ഉണ്ടായില്ല. ഗള്‍ഫ് ഭരണകൂടങ്ങളുടെ ഏതു വാതിലും ഏതു സമയത്തും മുട്ടിത്തുറക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ എന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജീപ് സര്‍ദേശി വിശേഷിപ്പിച്ച അഹമ്മദ് സാഹിബിന്റെ വിടവ് നികത്താന്‍ ഒരാണ്ടുകൊണ്ട് സാധിച്ചിട്ടില്ലെന്ന് ഉറപ്പാണ്. ഇനി സാധിക്കുമോ എന്നതും നശ്ചയമില്ല. പരിഹരിക്കാനാവാത്ത വിടവെന്ന ആലങ്കാരിക പ്രയോഗം അക്ഷരത്തിലും അര്‍ത്ഥത്തിലും ഒരാണ്ടുകൊണ്ട് ബോധ്യപ്പെടുത്തി അഹമ്മദ് സാഹിബിന്റെ പ്രതിഭ.
ഹജ്ജ് ക്വാട്ട 72,000 ല്‍ നിന്ന് 1,70,000 ആയി വര്‍ധിപ്പിച്ച അദ്ദേഹത്തെ ഹജ്ജ് സബ്‌സിഡി ഒറ്റയടിക്ക് എടുത്തു കളഞ്ഞപ്പോള്‍ നമ്മള്‍ ഓര്‍ത്തു. കരിപ്പൂര്‍ ഹജ്ജ് ഹൗസിന്റെ ശില്‍പിയായ അദ്ദേഹത്തെ എമ്പാര്‍ക്കേഷന്‍ പോയിന്റിന്റെ അനിശ്ചിതത്വത്തിലും കൊതിച്ചു. അദ്ദേഹത്തിന്റെ പിന്‍കാമികള്‍ അവിടെയെല്ലാം ഫലപ്രദമായി ഇടപെടുമ്പോഴും ഒരു കാരണവരായി അഹമ്മദ് സാഹിബും മുമ്പില്‍ ഉണ്ടായിരുന്നെങ്കിലെന്ന് പലരും ആശിച്ചു.
ആദ്യമായി ഗള്‍ഫില്‍ പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന് ഡല്‍ഹില്‍ പോയിരുന്നതിന് പകരം സംസ്ഥാനത്തു സൗകര്യമെത്തിച്ചതും സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ നമ്മുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതും മറ്റു ഗള്‍ഫ് എംബസികളില്‍ മാസത്തിലൊരിക്കല്‍ ഓപ്പണ്‍ ഹൗസ് സംവിധാനമുണ്ടാക്കിയതും പ്രവാസികളുടെ മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കാനുള്ള സൗകര്യം എളുപ്പമാക്കിയതുമെല്ലാം അദ്ദേഹത്തിന്റെ നിശ്ശബ്ദവിപ്ലവും ഓര്‍മ്മകളുടെ നിലക്കാത്ത പ്രവാഹവുമാണ്.
വൈകിയോടുന്ന തീവണ്ടിയോ അടിസ്ഥാന സൗകര്യം വികസിക്കാത്ത റെയില്‍വെ സ്‌റ്റേഷനോ കാണുമ്പോള്‍ മലയാളി അഹമ്മദ് സാഹിബിനെ തൊട്ടറിയുന്നു. ആ വകുപ്പ് ഭരിച്ച 19 മാസത്തില്‍ 19 തീവണ്ടികള്‍ കേരളത്തിന് ലഭ്യമാക്കിയത് ഉന്നതോ ഉദ്യോഗസ്ഥര്‍ക്കും പിടികിട്ടാത്ത ഉത്തരമാണ്. മലപ്പുറത്ത് അഹമ്മദ് സാഹിബ് യാഥാര്‍ത്ഥ്യമാക്കിയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് രാജ്യത്തൊരിടത്തുമില്ലാത്ത ദൂര പരിധിയില്‍ തന്റെ ജനതക്ക് അദ്ദേഹം ആ സൗകര്യം ഒരുക്കിയതെന്ന് പലരും തിരിച്ചറിഞ്ഞത്. ആ സാനിധ്യം ഇല്ലെന്ന ധൈര്യത്തില്‍ അതിനെ റാഞ്ചിപറക്കാന്‍ ശ്രമിച്ചവര്‍ക്ക് അഹമ്മദ് സാഹിബിന്റെ പിന്‍ഗാമിയുടെ ചടുലനീക്കങ്ങളില്‍ പിന്തിരിയേണ്ടി വന്നെങ്കിലും എതിരാളികള്‍ പോലും പലവട്ടം ആ പേര് അതുമായി ചേര്‍ത്തു പറഞ്ഞു.
ന്യൂനപക്ഷത്തിനു നേരെ കലാപത്തിന്റെയോ സംഘര്‍ഷത്തിന്റെയോ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കനലെരിയുന്ന ദേശങ്ങളില്‍ ആദ്യം ഓടിയെത്തിയിരുന്ന അഹമ്മദ് സാഹിബാണ് മനസ്സിലെത്തുക. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കു നേരെ നിരന്തരം ശബ്ദിച്ചൊരാള്‍ സുപ്രീം കോടതി ജഡ്ജിമാരുടെ അസാധാരണ ഏറ്റു പറച്ചിലിന്റെ നാളുകളില്‍ പ്രതിധ്വനിക്കുന്നു. മീററ്റിലും ഭഗത്പൂരിലും ഗുജറാത്തിലും കോയമ്പത്തൂരിലും മുംബൈയിലുമെല്ലാം ജീവന്‍ പണയം വെച്ച് പോയി തീകെടുത്തി ആശ്വാസം പകര്‍ന്നൊരാള്‍ ഓരോ ആള്‍കൂട്ട കൊലകലാപ വാര്‍ത്തകളുടെയും അനുബന്ധമായി നിറയാതിരിക്കുന്നതെങ്ങിനെ. ഗുജറാത്ത് വംശഹത്യക്കാലത്ത് രാഷ്ട്രീയ നേതാക്കള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കിയ കേന്ദ്രസംസ്ഥാന ബി.ജെ.പി ഭരണകൂടങ്ങളെ വെല്ലുവിളിച്ചാണ് അഹമ്മദ് സാഹിബ് അവിടെയെത്തിയത്. മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ മുഖത്തുനോക്കി പ്രതിഷേധത്തിന്റെ കനമുള്ള സ്വരം അറിയിച്ചപ്പോള്‍, മരിച്ചവരെല്ലാം മുസ്‌ലിംകളല്ല എന്നായിരുന്നു മോദിയുടെ വാദം. ഞാന്‍ മനുഷ്യരെ കുറിച്ചാണ് പറയുന്നതെന്ന മറുപടിയില്‍ 54 ഇഞ്ച് നെഞ്ചകവും തരിച്ചു. ഇതെന്റെ ആളുകളാണെന്ന് നെഞ്ചുപൊട്ടി പറഞ്ഞ് മനുഷ്യഗന്ധം അലയടിക്കുന്ന ദേശങ്ങളില്‍ ശാന്തിദൂതുമായി കടന്നു ചെല്ലാന്‍ അഹമ്മദ് സാഹിബില്ല. പക്ഷെ, ആ ഓര്‍മ്മകള്‍ പിന്‍ഗാമികളെ നയിക്കുന്നതും ഒരാണ്ടിന്റെ ബാക്കി പത്രം.
ഡല്‍ഹി പാര്‍ലമെന്റ് ഹൗസ് മസ്ജിദിന് തൊട്ടുള്ള ഗല്ലിയില്‍ വെള്ളിയാഴ്ചയിലെ അന്നമായി തുടരുന്ന സുകൃതം ഉള്‍പ്പെടെ പലതും മുടങ്ങാതെ നോക്കുന്ന മക്കളും സംഘടനയും ഓര്‍മ്മകളുടെ സ്‌നേഹമാല്ല്യമാണ് ഒരാണ്ടായി കോര്‍ക്കുന്നത്. രാജ്യവും സമൂഹവും സമുദായവും സംഘടനയും നാടും ദീനും ഇസ്‌ലാം സഭയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളും പിന്നെ ദേശമോ പേരോ അറിയാത്ത പതിനായിരങ്ങളും ഹൃദ്യമായ ഓര്‍മ്മകളെ മാത്രമെ മാടിവിളിക്കാന്‍ കൊതിക്കൂ. മരണാനന്തരം ഭരണകൂടം ചെയ്ത നെറികേടിന്റെയും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച മരുമകന്‍ ബാബു ഷഹ്‌സാദിന്റെ അകാല വിയോഗത്തിന്റെയും നൊമ്പരങ്ങളും വിയോഗത്തിന്റെ ഒന്നാം ആണ്ടില്‍ കണ്ണു നിറക്കും.
മരണാനന്തരം ഓര്‍ക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുകയെന്നത് ഭാഗ്യമാണ്. സ്വന്തക്കാരും ഇഷ്ടക്കാരുമായി ചിലരെങ്കിലും അങ്ങിനെ ഉണ്ടാവുകയെന്നത് അപൂര്‍വ്വവുമല്ല. പക്ഷെ, ഭൂഖണ്ഡങ്ങളും സാഗര മതിലുകളുമില്ലാതെ ഒരാണ്ടായി പ്രതിദിനം ഇ അഹമ്മദ് എന്ന നാമം ഓര്‍ക്കുന്നുവെന്ന് പറയുന്നത് അതിശയോക്തിയല്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തില്‍ ജാതിയും മതവും വര്‍ഗവും ഭാഷയും രാഷ്ട്രവും അപ്രസക്തമാണ്. അര നൂറ്റാണ്ടിലേറെ നീണ്ട പൊതു ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും പ്രാന്തവല്‍ക്കരിക്കരിക്കപ്പെട്ടവര്‍ക്കും ഇരയാക്കപ്പെട്ടവര്‍ക്കും കൂടെ കരുത്തായി നിന്ന ആ സാനിധ്യം കൊതിക്കാതെ കഴിഞ്ഞ ഒരാണ്ടായി ലോകം ഉറങ്ങുകയോ ഉണരുകയോ ചെയ്തിട്ടില്ല.
(ചന്ദ്രിക ഓര്‍മ്മ പതിപ്പ്: 2018, ഫെബ്രുവരി 1)

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

Health

കൊവാക്‌സിനും പാര്‍ശ്വഫലം; വാക്‌സിന്‍ സ്വീകരിച്ച 30 ശതമാനം പേര്‍ക്കും ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നമുണ്ടായെന്ന് പഠനം

ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കൊവാക്‌സിന്‍ സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്‍ പഠനം. ഇതില്‍,635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു.50 ശതമാനത്തിനടുത്തോളം പേര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ക്കാണ് ഗുരുതാരമായ പാര്‍ശ്വഫലം കണ്ടെത്തിയത്.ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്.പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയവരുടെ മുന്‍കാല അസുഖ വിവരങ്ങള്‍ ഉള്‍പ്പെടെ വിശകലനം ചെയ്യണം. കൊവാക്‌സിന്‍ സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു

Continue Reading

Culture

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.

Published

on

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading

Trending