ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന് രാജസ്ഥാനില്‍ നടന്ന വാഹനാപകടത്തില്‍ പരിക്ക്. കൂടെയുണ്ടായിരുന്ന ഒരു ബന്ധു മരിച്ചു. ചിറ്റോര്‍ഗഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ചിറ്റോര്‍ഗഡ് – കോട്ട നാലുവരിപ്പാതയില്‍ യശോദ ബെന്നും മറ്റു നാലു പേരും സഞ്ചരിച്ച ഇന്നോവ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. കാറിന്റെ മുന്‍സീറ്റിലിരുന്ന ബസന്ത് ഭായ് മോദി (67) എന്നയാളാണ് മരിച്ചത്. മരിച്ച ബസന്തിന്റെ ഭാര്യ വിമല മോദിക്കും പരിക്കുണ്ട്. ഇവര്‍ക്കു പുറമെ ഒരു ഗണ്‍മാന്‍ യതന്ദ്രക്കും (45) അഞ്ചു വയസ്സായ ബന്‍സി എന്ന കുട്ടിക്കും പരിക്കേറ്റു.

ജില്ലാ ആസ്ഥാനത്തു നിന്ന് 45 കിലോമീറ്റര്‍ അകലെ പര്‍സോലി സ്‌റ്റേഷന്‍ പരിധിയിലെ കാഠുണ്ഡയിലാണ് അപകടമുണ്ടായത്. കോട്ടയിലെ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് യശോദ ബെന്നും ബന്ധുക്കളും പോയിരുന്നത്.

പരിക്കേറ്റ യശോദ ബെന്നിനെ ചിറ്റോര്‍ഗഡിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗണ്‍മാനെയും വിമല മോദിയെയും ഉദയ്പൂരിലെ ആസ്പത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ചു നിസ്സാര പരിക്കുകളുള്ള പെണ്‍കുട്ടി ആസ്പത്രി വിട്ടു.