ഷുക്കൂര്‍ ഉഗ്രപുരം

ആഗോള സമൂഹത്തിലെ പ്രബുദ്ധ ധൈഷണിക സമൂഹത്തോട് ചേര്‍ന്ന്‌നില്‍ക്കാനാണ് മലയാളികള്‍ക്കിഷ്ടം. വൈജാത്യ സംസ്‌കാരങ്ങളെ മനസ്സിലാക്കിയതും അവയോടെല്ലാം അടുത്തിടപഴകിയതും സാംസ്‌കാരികമായ വായനയുമെല്ലാം ഇതിനുള്ള നിദാനങ്ങളായേക്കാം. കലുഷിത കാലത്ത് ഔചിത്യബോധത്തോടെ ഇന്ത്യന്‍ ഫാഷിസത്തിനെതിരെ തീക്ഷ്ണമായി പ്രതികരിക്കുന്നവരുടെ കൂട്ടത്തിലാണ് കേരളത്തിലെ എഴുത്തുകാര്‍. അഭിനവ സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കുക എന്നത് ഓരോ തൂലികക്കാരന്റേയും ധാര്‍മിക ഉത്തരവാദിത്വമാണ്. കെ.പി രാമനുണ്ണിയും എം.ടി വാസുദേവന്‍ നായരും സച്ചിദാനന്ദനും പി. സുരേന്ദ്രനും ഒ.വി വിജയനും കമലാദാസും ഫാഷിസത്തിനെതിരെ തീക്ഷ്ണമായി പ്രതികരിച്ചവരാണ്. സച്ചിദാനന്ദന്റെ കവിതകള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതാണ്.

കെ.പി രാമനുണ്ണി തന്റെ കൃതിക്ക് ലഭിച്ച അവാര്‍ഡ് തുക ഹിന്ദുത്വ വര്‍ഗീയവാദികളാല്‍ കൊല ചെയ്യപ്പെട്ട ജുനൈദിന്റെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കുകയും ഓരോ ഹിന്ദു മത വിശ്വാസിയുടെ പേരിലും മാപ്പ് ചോദിക്കുകയും ഹിന്ദു മതത്തെ അപമാനിച്ച വര്‍ഗീയവാദികളുടെ മുഖത്തേക്ക് പ്രതിഷേധത്തിന്റെ അഗ്‌നി കോരിയിടുകയും ചെയ്ത യഥാര്‍ത്ഥ ഹിന്ദുമത വിശ്വാസിയാണ് രാമനുണ്ണി. അധിനിവേശത്തിനും അടിമത്വത്തിനും വര്‍ഗീയതക്കുമെതിരേ രൂക്ഷമായി പ്രതികരിക്കുന്ന സൈനുദ്ദീന്‍ മഖ്ദൂം മുതലുള്ള ‘പൊന്നാനി സ്‌കൂള്‍ ഓഫ് തോട്ടിന്റെ’ വക്താവുകൂടിയാണ് കെ.പി രാമനുണ്ണി. ഇംഗ്ലീഷിലുള്‍പ്പെടെ ഫാഷിസത്തിനെതിരെ രൂക്ഷമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ അഭിമാനമാണ് ഡോ. ശശി തരൂര്‍. ഒ.വി വിജയന്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ഫാഷിസ്റ്റ് വിരുദ്ധത എല്ലാ കാലത്തും എടുത്തുദ്ധരിക്കാന്‍ മാത്രം ഈടുറ്റവയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പേ വിശുദ്ധ പശു എഴുതി തന്റെ പക്ഷവും കൃത്യമായി വരച്ചുവെച്ചിട്ടുണ്ട് കമലാദാസ്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തനാണ് പി. സുരേന്ദ്രന്‍. അദ്ദേഹം ഫാഷിസത്തിനെതിരെ സംവദിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് തെരുവുകളാണ്. തെരുവുകളിലദ്ദേഹം നൂറുകണക്കിന് പ്രഭാഷണങ്ങള്‍ നടത്തുന്നു. യുവതയെ ആവേശംകൊള്ളിക്കുകയും അവരുടെ ചിന്തക്ക് തീ കൊളുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും സംഘടനയുടേയും യാതൊരു പിന്തുണയുമില്ലാത്ത ഒരാള്‍; അത് തന്നെയാണ് അദ്ദേഹത്തിന്റെ സൗകര്യവുമെന്ന് അദ്ദേഹം അടിവരയിടുകയും ചെയ്യുന്നു. കേവലമൊരു എഴുത്തുകാരന്‍ മാത്രമല്ല നല്ലൊരു സാമൂഹിക ശാസ്ത്രജ്ഞന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ നിന്നും എമിലി ദുര്‍ഖീമിന്റെയും വെബറിന്റെയും റോബര്‍ട്ട് കെ.മെര്‍ട്ടന്റെയുമെല്ലാം സൈദ്ധാന്തിക ശാഖകളെ നിഷ്പ്രയാസം വേര്‍തിരിച്ചെടുക്കാനാവും. ഫാഷിസത്തിന്റെ നുണ ഫാക്ടറികള്‍ക്കെതിരെ സമൂഹത്തിനദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫാഷിസത്തിനെതിരേ ഭയമില്ലാതെ പോരാടാനാണിവരെല്ലാം ആഹ്വാനം ചെയ്യുന്നത്. ഈ ആഹ്വാനത്തെ പൊതു സമൂഹം ഏറ്റെടുക്കേണ്ട മയം അതിക്രമിച്ചിട്ടുണ്ട്.

ഈ സപ്തംബര്‍ 22 ന് അരീക്കോട്ട് സുരേന്ദ്രന്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഓഡിറ്റോറിയത്തിലും പുറത്തുമായി തടിച്ച്കൂടിയ ആയിരിക്കണക്കിന് സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന മഹാജനസദസ്സ്. പകുതിയിലേറെ സ്ത്രീകളാണ് സദസ്സിലുണ്ടായിരുന്നത്. പ്രാദേശിക ചരിത്രങ്ങളേയും പ്രഗത്ഭ കഥകളിലേയും നോവലുകളിലേയും ഭാഗങ്ങളെ ഉദാഹരിച്ച് ധൈഷണിക അപഗ്രഥനത്തിലൂടെ കത്തിക്കയറുകയായിരുന്നു. അരീക്കോട് വന്നിട്ട് ഒ.വി വിജയന്റെ ഫാഷിസ വിരുദ്ധ ‘ക്വാട്ടുകളെ’ എടുത്തുപയോഗിച്ചില്ലെങ്കില്‍ ശരിയല്ലെന്ന് പറഞ്ഞ് അനേകം തവണകളിലായി വിജയന്റെ എഴുത്തുകളെ അദ്ദേഹമുദ്ധരിച്ചു.

‘ഖസാക്കിന്റെ ഇതിഹാസത്തില്‍ അള്ളാപിച്ച മൊല്ലാക്ക പച്ചിലപ്പാമ്പിനെ പിടിച്ചുനില്‍ക്കുന്ന നൈസാമലിയോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്, എന്തിനാണ് നൈജാമലി അങ്ങ് ഒരു പച്ചിലപ്പാമ്പിനെ പിടിച്ച്‌നില്‍ക്കുന്നത്? മറുപടിയായി നൈജാമലി പറയുന്നു, അവസരം വന്നാല്‍ ഇവനൊക്കെ ഏത് സാഹചര്യത്തിലും മൂര്‍ഖനാവും!’ ആ സന്ദര്‍ഭത്തെ നവ ഇന്ത്യന്‍ ഫാഷിസത്തിന്റെ എല്ലാം തികഞ്ഞ ലക്ഷണങ്ങളോട് അദ്ദേഹം കൂട്ടിക്കെട്ടി സദസ്സിനോട് സംസാരിച്ചു. വിജയന്റെ ഒരു നോവലെറ്റിലെ ആളെ മയക്കുന്ന എണ്ണയേയും ചട്ടിയേയും കുറിച്ച് പ്രതിപാദിച്ച് ആനുകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ മൗനികളായിരിക്കുന്ന യുവതയേയും അദ്ദേഹം ചോദ്യം ചെയ്തു. സദസ്സില്‍ മഹാഭൂരിപക്ഷവും യുവതീ യുവാക്കളായിരുന്നു. സത്യത്തില്‍ പി. സുരേന്ദ്രന്റെ വാഗ്‌ധോരണികളും ശരീര ഭാഷയും യുവതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കൊണ്ടുള്ളതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തിരിഞ്ഞ് കളിക്കുന്ന യുവത സമൂഹത്തിനു വേണ്ടി എന്ത് ചെയ്തുവെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഗൂഗിളിന്റെ സമുന്നത ഉദ്യോഗസ്ഥന്‍ സുന്ദര്‍ പിച്ചൈയും പി.വി സിന്ദുവുമൊക്കെ യുവതയുടെ പ്രതീകങ്ങളാണെന്ന് നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ യുവത്വം കഴിഞ്ഞ് മധ്യവയസ്സ് പിന്നിട്ടവരും മധ്യവയസ്സിലേക്ക് കാലെടുത്ത് വെക്കുന്നവരുമായ ഷാമാരാണ് നിങ്ങളെ ഭരിക്കുന്നതെന്ന് മറക്കരുത്. എല്ലാം ചെയ്യുന്നത് യുവതയാണെന്ന് പറഞ്ഞ് അവശ്യ സമയത്ത്‌പോലും മൗനികളായിരിക്കുന്നത് ഒട്ടും ഉചിതമല്ല. ഗീതാഞ്ജലിയിലൂടെ യൂറോപ്പിന്റെ മസ്തിഷ്‌ക്കത്തിലിടം നേടിയ ടാഗോറും സി.വി രാമനും നൊബേല്‍ പ്രൈസ് കൊണ്ടുവന്നത് അവരുടെ യുവത്വത്തിലായിരുന്നോ എന്ന് നിങ്ങള്‍ വിലയിരുത്തണം.

ഫാഷിസ വിരുദ്ധ പോരാട്ടത്തിന് നിങ്ങള്‍ നിങ്ങളുടേതായ ഭാഷയും ആയുധവും വികസിപ്പിക്കണം. അത് ഫേസ്ബുക്കിന്റെ ഭാഷയാകരുത്, നക്‌സലൈറ്റുകള്‍ ചെയ്യുന്ന പോലെ സാമ്രാജ്യത്വം വികസിപ്പിച്ച ആയുധങ്ങളെടുത്തുപയോഗിക്കുന്നതുമാകരുത് അത്. ഫേസ്ബുക്കുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളൊക്കെ ചില സ്ഥാപിത താല്‍പര്യങ്ങള്‍ക്ക്കൂടി നിലകൊള്ളുന്നതാണ്. അതിനാല്‍ നിങ്ങളവയെ സൂക്ഷിക്കണം. സൈനുദ്ദീന്‍ മഖ്ദൂമിനേയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയേയും അദ്ദേഹം എടുത്തുദ്ധരിക്കുന്നുണ്ടായിരുന്നു. എന്തിനാണ് നിങ്ങള്‍ ഭയപ്പെടുന്നത്? അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമല്ലേ നിങ്ങള്‍ ചോദിക്കുന്നത്. ഞാന്‍ ചോദിക്കുന്നതുമതാണ്; സ്വാതന്ത്ര്യം അല്ലങ്കില്‍ മരണം.

ഫാഷിസത്തിന്റെ ഘടനയെ കുറിച്ചദ്ദേഹം പറയുന്നത് നോക്കൂ: ‘പഴുതാര എന്ന് പറയുന്ന ഒരു ജീവിയുണ്ട്, ഏറനാട്ടുകാര്‍ ഇതിനെ കല്‍ക്കുഞ്ഞന്‍ എന്നു വിളിക്കുന്നു, ഇവിടെ അതിന് ഒരു വിരലിന്റെ വലിപ്പമേ ഏകദേശം കാണൂ; പക്ഷേ ഞങ്ങളുടെ നാട്ടിലതിന് ഏകദേശം ഒരു ചാണ്‍ വലിപ്പമുണ്ടാകും. രണ്ടും വരുത്തിവെക്കുക തുല്യ അപകടങ്ങളായിരിക്കും. ഭൂമിശാസ്ത്രത്തിനും തങ്ങള്‍ക്ക് വളരാനുള്ള കാലാവസ്ഥക്കുമനുസരിച്ച് ഇവയുടെയൊക്കെ ഘടനയില്‍ മാറ്റമുണ്ടാവുമായിരിക്കും. ഇതുപോലെ തന്നെയാണ് ഫാഷിസവും. ആത്യന്തികമായി ഫാഷിസം അതിന്റെ ജോലി അവസരം ലഭിക്കുമ്പോള്‍ ചെയ്യുമെന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ കാണാം.

വൈവിധ്യമാണ് ഇന്ത്യയുടെ പുരോഗതിയുടെ നിദാനം. ദൈവ വിശ്വാസിയായ മഹാത്മാഗാന്ധിക്ക്, നിശീശ്വരവാദിയായ നെഹ്‌റുവിനെ സ്വന്തം പുത്രനേ പോലെ വാല്‍സല്യത്തോടെ ചേര്‍ത്ത് പിടിക്കുന്നതിന് സാധിച്ചത് ഈ വൈവിധ്യത്താലാണ്. ഹിറ്റ്‌ലറുടെ മിമിക്രിയെടുക്കുന്നവരെ ഭയപ്പെടുന്നവനല്ല ഞാന്‍, നിങ്ങളും ഭയപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. അഹങ്കാരികളോടൊക്കെ ചരിത്രം കണക്ക് ചോദിച്ചിട്ടുണ്ട്. ഹിറ്റ്‌ലര്‍ക്ക് അവസാനം ‘അണ്ടര്‍ ഗ്രൗണ്ടില്‍’ കാമുകിയോടൊന്നിച്ചിരുന്ന് ആത്മഹത്യ ചെയ്യേണ്ടിവന്നെങ്കില്‍ ആ ചരിത്രത്തിന്റെ പൊരുള്‍ പഠിക്കാന്‍ നാം തയ്യാറാകണം. ഫാഷിസ്റ്റുകള്‍ക്ക് ഒരുപക്ഷേ ശരീരത്തെ വെടിവെച്ചിടാനായേക്കാം. പക്ഷേ ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഉതിര്‍ന്നുവീണ വാക്കുകളേയും അക്ഷരങ്ങളേയും കൊന്നൊടുക്കാനാവില്ല.

നിങ്ങളെന്തിന് ജയിലുകളെ ഭയപ്പെടണം? ചിദംബരം എന്തിന് ജയിലിനെ ഭയക്കണം. നീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി സംസാരിച്ചതിന്റെ പേരില്‍ മഹാത്മജിയും നെഹ്‌റുവും ജയിലില്‍ കയറിയെങ്കില്‍ പിന്നെ നാമെന്തിന് അവയെ ഭയക്കണം. യുവത ഇന്ന് എന്തിനേയാണ് ഭയക്കേണ്ടത്? ഒരു പ്രത്യയ ശാസ്ത്രവുമില്ലാതെ നിര്‍ജീവമായിരിക്കുന്നതാണ് വലിയ ഭയം. നിങ്ങള്‍ മാക്‌സിസത്തേയും ഗാന്ധിയനിസത്തേയുത്തേയുമൊക്കെ അവഗണിച്ച് കടന്നുപോകുന്നതാണ് പ്രശ്‌നം. നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഫാഷിസത്തിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യാനാവും. പക്ഷേ നിങ്ങള്‍ എന്ത് ചെയ്തു എന്ന് ആത്മവിചാരണ നടത്തണം.

രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണുകയാണെങ്കില്‍ അദ്ദേഹത്തോട് സംസാരിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്ന ഒരു കാര്യമിതാണ് ‘താങ്കള്‍ അമേഠിയില്‍ പരാജയപ്പെട്ടു എന്നത് ശരിയാണ്, പക്ഷേ ഒരൊറ്റ വോട്ടും ലഭിക്കാതെയല്ല താങ്കളവിടെ പരാജയപ്പെട്ടത്. അങ്ങയെ വോട്ടിലൂടെ പിന്തുണച്ച പൗരന്‍മാരെ അണിനിരത്തി പാര്‍ലമെന്റിന് പുറത്ത് പോരാടണം’.

ഫാഷിസ്റ്റുകളുടെ മനോഘടന വളരെ വിചിത്രമാണ്. റിപ്പറെന്ന കൊടും ക്രിമിനലിന്റെ വിചിത്ര മനോഘടനയെകുറിച്ച് നാം വായിച്ചതാണ്. നിരപരാധികളായ എത്രയോ ജീവനുകളെ അയാള്‍ തല്ലിക്കെടുത്തി; തല്ലിക്കൊല്ലുമ്പോള്‍ അയാള്‍ക്ക് സ്ഖലന സുഖം ലഭിച്ചിരുന്നുവത്രേ, പലപ്പോഴും ചരിത്രത്തിലെ ഏകാധിപതികളേയും ഫാഷിസ്റ്റുകളേയുമൊക്കെ പരിശോധിച്ചാല്‍ ഇതുപോലെ വിചിത്ര മനോഘടനയുള്ളവരെ കാണാനാവും. വെജിറ്റേറിയനായ ഹിറ്റ്‌ലറും ഇതേ മനോഘടനയുള്ള ആളായിരുന്നു. എന്നോട് ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു എന്താണ് താങ്കള്‍ സംഘ്പരിവാരത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടാത്തത്.

അതിന് ഞാന്‍ മറുപടി പറഞ്ഞതിങ്ങനെയാണ്; തെരുവുകളെയാണ് സംഘ്പരിവാറിനെതിരെ സംസാരിക്കാന്‍ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഒന്ന് പത്തായി പത്ത് നൂറായി ഒരു മഹാജനസാഗരം വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ അണിനിരക്കുകതന്നെ ചെയ്യും. മതങ്ങള്‍ക്കിടയിലും വംശീയതയുടേയും വൈജാത്യങ്ങളുടേയും പേരില്‍ കയറിക്കൂടിയ ഹിംസാത്മക രീതികളെയും ഫാഷിസത്തിന്റെ അനുകരണങ്ങളേയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇറാനിലും മറ്റുമുള്ള ശിയാ സുന്നി സംഘര്‍ഷങ്ങളൊക്കെ ഈ തലത്തിലുള്ളതാണ്. ചെഗ്വേരയെ എനിക്കിഷ്ടമാണ്, പക്ഷേ കമ്യൂണിസ്റ്റ് ചരിത്രത്തിലെ ലെനിനെ പോലുള്ളവരുടെ ഫാഷിസ്റ്റ് ചെയ്തികളെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് സത്യത്തോടുള്ള മുഖം തിരിക്കലാവും.

ഇന്ത്യയുടെ മതേതര ശരീരത്തില്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് പതിയിരുന്നാണ് സംഘ്പരിവാര്‍ രോഗാണുക്കള്‍ ഇപ്പോള്‍ മതേതര ഇന്ത്യന്‍ ശരീരത്തെ ആക്രമിക്കുന്നത്. നമ്മുടെ ശരീരത്തില്‍ രോഗാണു പതിയിരിക്കും, ശരീരം ദുര്‍ബലമായെന്ന് കരുതുമ്പോള്‍ അവ തല പൊക്കും. ഇന്ത്യയെന്ന മതേതര ശരീരം ദുര്‍ബലപ്പെട്ടപ്പോഴാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. രഥയാത്രയിലൂടെയും കര്‍സേവയിലൂടെയും രാജ്യത്തെ മനസ്സുകളെ ദ്രുവീകരിക്കാന്‍ അതിന്റെയാളുകള്‍ക്കായി. ഇനി നാം ചെയ്യേണ്ടത് ഇവക്കെതിരെ സധൈര്യം ശബ്ദിക്കുകയും പോരാടുകയുമാണ് വേണ്ടത്.തെരുവുകളില്‍നിന്ന് തന്നെയാണ് യുവാക്കളിലൂടെ ഈ ചിന്ത കത്തിപ്പടര്‍ന്ന് മതേതര സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് നിദാനമാവേണ്ടത്. പൊതുജനം നിര്‍ഭയത്വത്തോട്കൂടി ഫാഷിസത്വത്തിനെതിരെ തെരുവിലിറങ്ങണ്ട സമയം അതിക്രമിച്ചിരിക്കുന്നു.