ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാന നഗരിയിലെ ഭീകരാക്രമണത്തിനുശേഷം മുസ്്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അഞ്ചിരട്ടി വര്‍ധിച്ചിരിക്കുകയാണെന്ന് ലണ്ടന്‍ മേയര്‍ സ്വാദിഖ് ഖാന്‍. ജൂണ്‍ ആറു മുതല്‍ മുസ്്‌ലിംകള്‍ക്കുനേരെയുള്ള വംശീയാക്രമണങ്ങളില്‍ 40 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ആക്രമണങ്ങളോട് പൊലീസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഖാന്‍ വ്യക്തമാക്കി. ബുധനാഴ്ച മാത്രം 54 വംശീയകാക്രമണങ്ങളുണ്ടായി. അതില്‍ 20 എണ്ണവും മുസ്്‌ലിംകള്‍ക്കുനേരെയായിരുന്നു. ബ്രിട്ടീഷ് സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുല്‍സിത ശക്തികള്‍ക്ക് നഗരത്തെ വിഭജിക്കാന്‍ സാധിക്കില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് ലണ്ടന്‍ ജനത ഒന്നിക്കണമെന്ന് ഖാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആഹ്വാനംചെയ്തു. വിഘടനവാദത്തെ പിഴുതെറിയുന്നതിന് പൊലീസ് ആവുന്നതെല്ലാം ചെയ്യും. എന്നിരിക്കെ മുസ്്‌ലിംകള്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളോട് പൊലീസ് ഒരു വിട്ടുവീഴ്ചക്കും തയാറാകില്ല-അദ്ദേഹം പറഞ്ഞു.