പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന പരാമര്‍ശവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. തിരിച്ചറിയാനാവാത്ത തരത്തില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ് കേമറയില്‍ കൃത്യമായി കാണാന്‍ ക്യൂവില്‍ നില്‍ക്കുന്ന സമയത്ത് തന്നെ മുഖപടം മാറ്റണം. അത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമുണ്ടോ, അങ്ങനെ ചെയ്താല്‍ പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കള്ളവോട്ട് പൂര്‍ണമായും തടയാന്‍ കഴിയും. ഇതുവഴി എല്‍.ഡി.എഫിന്റെ വോട്ട് വര്‍ദ്ധിക്കുകയും യു.ഡി.എഫിന്റെ വോട്ട് കുറയുകയും ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു.

പര്‍ദ്ദക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാമര്‍ശം നടത്തി. കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് കോടിയേരിയുടെ പ്രസ്താവന.
എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല. ആരാണെന്ന് തിരിച്ചറിയാൻ അവകാശമുണ്ട്. അതുകൊണ്ടാണ് പര്‍ദ ധരിച്ച് വരുന്നവര്‍ ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി  പറഞ്ഞു.

പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.