ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായി അഴിമതിക്കേസില്‍ പരാതി നല്‍കിയ അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൊല്ലപ്പെട്ട നിലയില്‍. ഡോ.ടി അയ്യപ്പ ദൊറെയാണ് വീടിനു സമീപത്തെ ആര്‍.ടി നഗറില്‍ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചത്. ഭൂമി അഴിമതിക്കേസില്‍ ഇദ്ദേഹം നേരത്തെ യെദ്യൂരപ്പക്കെതിരെ പരാതി നല്‍കിയിരുന്നു.

ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയതായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഏറെ കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.

നേരത്തെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട അയ്യപ്പ ദൊറെ. തുടര്‍ന്ന് 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജനസമനയ പാര്‍ട്ടി രൂപീകരിച്ചു.

2010ലാണ് ഇദ്ദേഹം യെദ്യൂരപ്പക്കെതിരായി പരാതി നല്‍കിയത്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് യെദ്യൂരപ്പ, ഡോ.കെ ശിവരാം കാരന്ത് ലേ ഔട്ടിനായി സ്ഥലമേറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കിയെന്നാരോപിച്ചായിരുന്നു ഇദ്ദേഹം അഴിമതി നിരോധന ബ്യൂറോയില്‍ പരാതി നല്‍കിയത്. എന്നാല്‍ 2017 സെപ്തംബര്‍ 22ന് കര്‍ണാടക ഹൈക്കോടതി പരാതിയിലെ അന്വേഷണം സ്റ്റേ ചെയ്തു.