ടെല്‍അവീവ്: സിറിയയില്‍ വ്യോമാക്രമണങ്ങള്‍ക്കിടെ പോര്‍വിമാനം നഷ്ടപ്പെട്ടതിനുശേഷം ഇറാന് മുന്നറിയിപ്പുമായി ഇസ്രാഈല്‍. ഏത് ആക്രമണത്തെയും ചെറുക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രാഈലിന്റെ പരമാധികാരത്തെ ഇറാന്‍ ലംഘിച്ചതായും വ്യോമാതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ ഡ്രോണ്‍ തകര്‍ത്തതായും നെതന്യാഹുവും വ്യക്തമാക്കി. സിറിയയില്‍ സൈനികമായി കാലുറപ്പിക്കാനുള്ള ഇറാന്റെ ഏത് നീക്കത്തെയും എതിര്‍ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയിലെ ഇറാന്‍ കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ വന്‍ ആക്രമണം നടത്തിയിരുന്നു. ദശാബ്ധങ്ങള്‍ക്കിടെ സിറിയയില്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമെന്നാണ് ഇസ്രാഈല്‍ അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ സിറിയന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ പോര്‍വിമാനം തകര്‍ന്നുവീണത് ഇസ്രാഈലിന് കനത്ത തിരിച്ചടിയായിരുന്നു. വെടിയേറ്റ യുദ്ധവിമാനം വടക്കന്‍ ഇസ്രാഈലിലാണ് തകര്‍ന്നു വീണത്. പോര്‍വിമാനത്തിന്റെ രണ്ടു പൈലറ്റുമാര്‍ ചാടി രക്ഷപ്പെട്ടെങ്കിലും ഒരാളുടെ നില അതീവ ഗുരുതരമാണ്. സിറിയയിലും ഇറാന്റെ സൈനിക ലക്ഷ്യങ്ങളിലും രണ്ടാം തവണയും വന്‍ ആക്രമണം നടത്തിയതായി ഇസ്രാഈല്‍ അവകാശപ്പെട്ടു.

1982ലെ ലബനാന്‍ യുദ്ധത്തിനുശേഷം സിറിയക്കെതിരെ നടത്തിയ ഏറ്റവും വലിയ ആക്രമണമെന്നാണ് ഇസ്രാഈല്‍ സേന അതിനെ വിശേഷിപ്പിക്കുന്നത്. സിറിയയില്‍ കനത്ത നാശനഷ്ടമുണ്ടായതായും ഇസ്രാഈല്‍ പറയുന്നു. ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന് ഇറാന്റെ ശക്തമായ പിന്തുണയുണ്ട്. നൂറുകണക്കിന് സൈനികരെയും സന്നദ്ധ പോരാളികളെയും സൈനിക ഉപദേശകരെയും ഇറാന്‍ സിറിയയിലേക്ക് അയച്ചിരുന്നു. കൂടാതെ വന്‍ ആയുധ ശേഖരവും ഇറാന്‍ സിറിയക്ക് നല്‍കി.