ജറുശലം: പൊതുഖജനാവില്‍നിന്ന് പണം ദുരുപയോഗം ചെയ്തതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹുവിന്റെ പേരില്‍ വഞ്ചനക്കുറ്റം ചുമത്തി. ആര്‍ഭാട ഭക്ഷണം കഴിക്കാന്‍ പൊതുഖജനാവില്‍നിന്ന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 67.82 ലക്ഷം രൂപ) ദുരുപയോഗം ചെയ്തതിനാണ് കേസ്. രാജ്യത്തെ പ്രശസ്തരായ ഷെഫുമാര്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നതിനാണ് സാറാ നെതന്യാഹു പൊതുഖജനാവില്‍ നിന്ന് ഇത്രയും വലിയതുക ദുരുപയോഗം ചെയ്തത്.
ഔദ്യോഗിക പാചകക്കാരന്റെ സേവനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ചു പുറത്തു നിന്നു വാങ്ങരുതെന്നാണ് നിയമം. എന്നാല്‍, പ്രധാനമന്ത്രിയുടെ വസതിയില്‍ ഔദ്യോഗിക പാചകക്കാരനുള്ള വിവരം മറച്ചു വെച്ചു പലതവണ ഭക്ഷണം പുറത്തു നിന്നു വാങ്ങി സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്.
2010 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ ഔദ്യോഗിക വസതിയില്‍ പാചകക്കാരനില്ലെന്ന് കളവുപറഞ്ഞ് സാറ പുറമേനിന്ന് ഭക്ഷണം വാങ്ങുകയായിരുന്നുവെന്ന് ഇസ്രഈല്‍ നിയമ മന്ത്രാലയം പറഞ്ഞു. മോശമായ പെരുമാറ്റത്തിനും ആര്‍ഭാടജീവിതത്തിനും ഇതിനുമുമ്പും സാറാ നെതന്യാഹുവിനെതിരെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജീവനക്കാരനോട് മോശമായി പെരുമാറിയതിന് 2016ല്‍ അവര്‍ക്ക് കോടതി പിഴവിധിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം അവര്‍ നിഷേധിച്ചു. ഭാര്യക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും അസംബന്ധവുമാണെന്നു നെതന്യാഹു പറഞ്ഞു.