വാഷിങ്ടണ്‍: യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഭയന്നു വിറച്ച് വിങ്ങി പൊട്ടുന്ന കുരുന്നിന്റെ മുഖം ആര്‍ക്കും മറക്കാനാവില്ല. ലോകത്തിന് മുന്‍പില്‍ വിങ്ങലായി ഈ കുരുന്ന് മാറി. ഈ കുരുന്നിന്റെ ചിത്രമാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് മാറ്റം വരുത്താനിടയാക്കിയത്. മെക്‌സിക്കോ അതിര്‍ത്തി ഒളിച്ചുകടക്കുന്ന സമയത്ത് ഈ രണ്ടു വയസ്സുകാരിയുടെ അമ്മയെ അമേരിക്കന്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് വാഹനങ്ങള്‍ക്കിടയില്‍ നിന്ന് ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ നിന്ന് വിങ്ങിക്കരയുന്ന കുഞ്ഞിന്റെ ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ ഒളിച്ചുനിന്നാണ് പകര്‍ത്തിയത്.
കുടിയേറ്റത്തിന്റെ യാതനകളാണ് ഈ കുരുന്ന് നമ്മോട് പറയുന്നത്. ഹോണ്ടുറാസില്‍ നിന്നുള്ള അഭയാര്‍ത്ഥികളായിരുന്നു ഈ അമ്മയും കുഞ്ഞും. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമേരിക്കയുടെ ഫെഡറല്‍ ഏജന്റ്ുമാര്‍ ഇവരെ തടഞ്ഞു. കുഞ്ഞിനെ താഴെ നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ അമ്മയോട് ആവശ്യപ്പെട്ടു. മതിയായ രേഖകളില്ലാതെ അതിര്‍ത്തിയിലെത്തുന്ന അഭയാര്‍ത്ഥികളോട് കടുത്ത നടപടി സ്വീകരിക്കാന്‍ വേണ്ടിയാണ് ഈ സുരക്ഷാ പരിശോധന നടക്കാറ്. ഭയന്നു പോയ കുരുന്ന് അമ്മയെ നോക്കി കരയുകയായിരുന്നു. യുഎസ് പ്രസിഡന്റിന്റെ അഭയാര്‍ത്ഥി വിരുദ്ധ മനോഭാവമായി ചിത്രം വിലയിരുത്തപ്പെട്ടു.
അമ്മയെ കാണാതെ വിങ്ങിക്കരയുന്ന രണ്ട് വയസ്സുകാരിയുടെ ചിത്രമാണ് ജൂലൈ രണ്ട് ലക്കത്തിലെ ടൈം മാസികയുടെ കവര്‍ പേജില്‍ ഇടം പിടിച്ചത്.
ട്രംപിന് മുന്നില്‍ നിന്ന് കരയുന്ന രീതിയില്‍ കുട്ടിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് കവര്‍ പേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അമേരിക്കയിലേക്ക് സ്വാഗതമെന്ന് ട്രംപ് കുട്ടിയോട് പറയുന്ന രീതിയിലാണ് കവര്‍ പേജ് തയാറാക്കിയിരിക്കുന്നത്.