യുഎന്‍: അഭയാര്‍ത്ഥികളുടെ കുട്ടികളെ വേര്‍പെടുത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുഎന്‍. മാതാപിതാക്കളില്‍ നിന്നും കുട്ടികളെ അടര്‍ത്തി മാറ്റുന്ന യുഎസിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ലോക സമാധാന സംഘടന വ്യക്തിമാക്കി.
‘എന്തിനീ ക്രൂരത, കുട്ടികളുടെ അവകാശങ്ങളെ യുഎസിനു നിഷേധിക്കാനാവില്ല. മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടകള്‍ കഴിയേണ്ടത്’. യുഎന്‍ റൈറ്റ്‌സ് ഓഫീസ് വക്താവ് രവീണ ഷംദാസനി പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ ന്യായീകരിക്കാവുന്നതല്ല, കുട്ടികളുടെ അവകാശത്തെ തല്ലികെടുത്തരുത്. രവീണ ജവീനയില്‍ പറഞ്ഞു. മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കുന്ന നയത്തെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ തള്ളി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പിന്മാറിയ അമേരിക്കയുടെ തീരുമാനവും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മെക്‌സിക്കന്‍ അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് എത്തുന്നവരെ അറസ്റ്റ് ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ പ്രത്യേക സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റുക എന്നതുമായിരുന്നു ട്രംപിന്റെ വിവാദനയം. ഇതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ നടക്കുകയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ശക്തമാകുകയും ചെയ്തിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലായി 1940 മാതാപിതാക്കളില്‍ നിന്ന് 1995 കുട്ടികളെയാണ് വേര്‍തിരിച്ചത്. ഈ നയത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ട്രംപ് നയം പിന്‍വലിക്കുകയായിരുന്നു.