കാടും മേടും കടന്ന വികസനത്തിന്റെ മഹാശില്‍പങ്ങളില്‍ സ്‌നേഹവും സൗഹൃദവും സുവര്‍ണമുദ്ര ചാര്‍ത്തിയ നിറപ്പകിട്ടിലാണ് മലപ്പുറം ജില്ല. ഒരു ജനതയുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം അര നൂറ്റാണ്ടിന്റെ സഞ്ചാരപഥം തീര്‍ത്ത മലപ്പുറം, ആത്മാഭിമാനത്തിന്റെ അമ്പതാം വയസിലേക്കാണ് പാദമൂന്നിയിരിക്കുന്നത്. നീലഗിരിക്കുന്നുകള്‍ മുതല്‍ അറബിക്കടലിന്റെ തീരം വരെയുള്ള പ്രവിശാലതയുടെ പ്രാരാബ്ധങ്ങള്‍ക്കിടയിലും അഞ്ചുപതിറ്റാണ്ടിന്റെ നേട്ടങ്ങള്‍ സുവര്‍ണ ജൂബിലിയുടെ സാക്ഷ്യമായുണ്ട്. 1969 ജൂണ്‍ 16ന് നിലവില്‍വന്ന മലപ്പുറം ജില്ല ഇന്ന് സര്‍വ മേഖലകളിലും ഉയര്‍ച്ചയുടെ പടവകുള്‍ കയറിക്കൊണ്ടിരിക്കുകയാണ്. വികസനത്തിലും വിദ്യാഭ്യാസത്തിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും മാനവവിഭവ ശേഷിയിലും മതസൗഹാര്‍ദത്തിലും കളിയിലും തൊഴിലിലുമെല്ലാം ‘മലപ്പുറം മോഡല്‍’ അടയാളപ്പെട്ടുകഴിഞ്ഞു. ഇച്ഛാശക്തികൊണ്ട് ക്ലേശങ്ങളെ മറികടന്ന മന:പൊരുത്തമാണ് മലപ്പുറത്തിന്റെ വിജയഗാഥ.
ഏറെ മുറവിളികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവിലാണ് മലപ്പുറം ജില്ല യാഥാര്‍ഥ്യമായത്. കുട്ടിപ്പാകിസ്താനെന്നും മാപ്പിള വര്‍ഗീയവാദികളുടെ കേന്ദ്രമെന്നുമാണ് ഭാരതീയ ജനസംഘവും മറ്റുചിലരും മലപ്പുറത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ അടിസ്ഥാന ജനതയുടെ അതിജീവനത്തിനു വേണ്ടി അടിയുറച്ചുനില്‍ക്കാന്‍ മുസ്‌ലിംലീഗ് മുന്നോട്ടുവന്നതാണ് പുതിയ ജില്ലയുടെ പിറവിയിലെത്തിച്ചത്. ഏറനാട്ടിലും വള്ളുവനാട്ടിലും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ദേശീയ പ്രശ്‌നമായാണ് മുസ്‌ലിംലീഗ് കണ്ടത്. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക റവന്യൂ ജില്ല വേണമെന്ന ആവശ്യം അധികാരികള്‍ക്കു മുമ്പില്‍ മുസ്്‌ലിംലീഗ് ഉയര്‍ത്തിയത്. അവിഭക്ത പാലക്കാട് ജില്ലാ മുസ്‌ലിംലീഗ് കൗണ്‍സില്‍ യോഗത്തില്‍ കുറുവ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പാങ്ങിലെ പി.കെ ബാപ്പുട്ടി അവതരിപ്പിച്ച പ്രമേയത്തിലാണ് മലപ്പുറം ജില്ല എന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കുന്നത്. പിന്നീട് മങ്കട എം.എല്‍.എ ആയിരുന്ന അഡ്വ. പി. അബ്ദുല്‍ മജീദ് 1960ലെ നിയമസഭയില്‍ മലപ്പുറം ജില്ല രൂപീകര്ക്കണമെന്ന ആവശ്യം പ്രമേയത്തിലൂടെ അവതരിപ്പിച്ചു. 1967ലെ സപ്ത മുന്നണി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് നിയമസഭാ കക്ഷി മലപ്പുറം ജില്ലാ രൂപീകരണമെന്ന ശക്തമായ ആവശ്യവുമായി മുന്നോട്ടുപോയി. 1968ല്‍ കോഴിക്കോട്ട് നടന്ന മുസ്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തില്‍ പഞ്ചായത്ത് മന്ത്രി എം.പി.എം അഹമ്മദ് കുരിക്കള്‍ കൃത്യമായ കണക്കുകള്‍ നിരത്തിവെച്ച് നടത്തിയ പ്രസംഗത്തിലൂടെ ജില്ല രൂപീകരണ ആവശ്യം കേരളത്തിന്റെ പൊതു പ്രഖ്യാപനമായി മാറുകയായിരുന്നു. നേരത്തെ സപ്തകക്ഷി സര്‍ക്കാറിന്റെ പൊതുമിനിമം പരിപാടിയില്‍ മലപ്പുറം ജില്ലാ രൂപീകരണം ഉള്‍പ്പെടുത്തണമെന്ന് മുസ്‌ലിംലീഗ് അധ്യക്ഷന്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍, താനും മലപ്പുറത്തുകാരനാണെന്ന് പറഞ്ഞ ഇ.എം.എസ് നമ്പൂതിരിപ്പാട് പൊതുമിനിമം പരിപാടിയില്‍ ഈ വിഷയം എഴുതേണ്ടതില്ലെന്നും സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ജില്ല അനുവദിക്കാമെന്നും പറഞ്ഞൊഴിഞ്ഞു. പിന്നീട് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധം നിലപാട് മാറ്റാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയായിരുന്നു.
മുസ്‌ലിംലീഗിന്റെ ശക്തമായ നിലപാടിനെ തുടര്‍ന്ന് സര്‍ക്കാര്‍, മലപ്പുറം ജില്ല രൂപീകരണ തീരുമാനം കൈക്കൊണ്ടു. ഇന്ന് സംസ്ഥാനത്ത് കൂടുതല്‍ ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണ് മലപ്പുറം. 45 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന ജില്ല. 3550 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. ഇത് സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതിയുട 9.13 ശതമാനം വരും. വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്താണ് മലപ്പുറം. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മലപ്പുറത്തിന് അവകാശപ്പെടാനുള്ളത്. കേരളത്തിനു മാതൃകയായ നിരവധി പദ്ധതികള്‍ മലപ്പുറം സംഭാവന ചെയ്തു. ജനകീയ കൂട്ടായ്മയില്‍ ഉയര്‍ന്നുവന്ന നിരവധി സംരംഭങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചു. അക്ഷയയും പരിരക്ഷയും കുടുംബശ്രീയും മഞ്ചേരി മെഡിക്കല്‍ കോളജും വിജയഭേരിയും കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയും തണല്‍ക്കൂട്ടുമെല്ലാം മലപ്പുറത്തിന്റെ നിശ്ചയദാര്‍ഢ്യം നിറംപകര്‍ന്ന മകുടോദാഹരണങ്ങളാണ്.
അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മലപ്പുറം ജില്ലക്ക് അടിസ്ഥാന സൗകര്യങ്ങളില്‍ ഇനിയും മുന്നോട്ടുപോകാനുണ്ട്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറം പ്രതിശീര്‍ഷ വരുമാനത്തില്‍ 14-ാം സ്ഥാനത്താണുള്ളത്. രാജ്യത്തെ 200ഓളം ജില്ലകളേക്കാള്‍ ജനസംഖ്യയിലോ വിസ്തൃതിയിലോ മലപ്പുറം മുന്നിലാണ്. ത്രിപുര, അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, ഗോവ, സിക്കിം, മേഘാലയ, മണിപ്പൂര്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളേക്കാളും ജനസംഖ്യയാണ് മലപ്പുറത്ത്. പത്തനംതിട്ട, കാസര്‍കോട്, ഇടുക്കി, വയനാട് എന്നീ നാല് ജില്ലകളിലുംകൂടി 44.20 ലക്ഷം ജനങ്ങള്‍ക്ക് 256 വില്ലേജുകളും 521 ആസ്പത്രികളും 502 ഹൈസ്‌കൂളുകളും 48 കോളജുകളുമുണ്ട്. എന്നാല്‍ 45 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് 135 വില്ലേജുകളും 259 ആസ്പത്രികളും 171 ഹൈസ്‌കൂളുകളും 16 കോളജുകളുമാണുള്ളത്. 11.07 ലക്ഷം ജനസംഖ്യയുള്ള ഇടുക്കിയില്‍ 144 ഹൈസ്‌കൂളുകളും 11 കോളജുകളും 153 ആസ്പത്രികളും 64 വില്ലേജുകളുമുണ്ട്. 8.16 ലക്ഷം ജനസംഖ്യയുള്ള വയനാട്ടില്‍ 76 ഹൈസ്‌കൂളുകളും 9 കോളജുകളും 86 ആസ്പത്രികളും 49 വില്ലേജുകളുമുണ്ട്. 11.95 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ടയില്‍ 159 ഹൈസ്‌കൂളുകളും 20 കോളജുകളും 149 ആസ്പത്രികളും 68 വില്ലേജുകളുമുണ്ട്. 13.02 ലക്ഷം ജനസംഖ്യയുള്ള കാസര്‍കോട്ട് 123 ഹൈസ്‌കൂളുകളും എട്ട് കോളജുകളും ആസ്പത്രികളും 75 വില്ലേജുകളുമുണ്ട്. മലപ്പുറം ജില്ലയില്‍ ഒരു താലൂക്കിനെ ആശ്രയിക്കുന്നത് 6,45,159 ജനങ്ങളാണ്. പത്തനംതിട്ടയില്‍ ഇത് 2,39,107ഉം ഇടുക്കിയില്‍ 2,76,863ഉം കോട്ടയത്ത് 3,95,876ഉം ആലപ്പുഴയില്‍ 3,53,657 മാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ ജനസംഖ്യാനുപാതിക വികസനം സാധ്യമാക്കാന്‍ മലപ്പുറത്തിനായിട്ടില്ല എന്നതാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. റവന്യൂ-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ എണ്ണത്തിലെ കുറവ് വാര്‍ഷിക ധനസഹായത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് വെട്ടിക്കുറവിന് കാരണമാകുന്നുണ്ട്. നിലവിലെ ജനസംഖ്യ രണ്ടു ജില്ലകളിലായി വിഭജിച്ചാല്‍ വിഹിതം ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ജനങ്ങള്‍ക്ക് എത്തിക്കാനും സര്‍ക്കാര്‍ ജോലികളുടെ അനുപാതം വര്‍ധിപ്പിച്ച് യുവാക്കളായ തൊഴിലന്വേഷകരെ സഹായിക്കാനും കഴിയും. അതുകൊണ്ടാണ് ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി മുസ്‌ലിംലീഗും മലപ്പുറം ജില്ലാ പഞ്ചായത്തും മുന്നോട്ടുവന്നിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മലപ്പുറം ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തുടക്കം കുറിക്കുന്നത് മലപ്പുറത്തിന്റെ പുതുയുഗപ്പിറവിക്കായുള്ള ചിറകടിയാണ്.