Connect with us

india

ഗ്രഹാം സ്‌റ്റെയിന്‍സ് കേസില്‍ വെറുതെ വിടണമെന്ന് ബജ്‌റംഗദൾ പ്രവര്‍ത്തകന്റെ ഹരജി; നീക്കം ബി.ജെ.പി അധികാരമേറ്റതിന് പിന്നാലെ

സ്റ്റെയിന്‍സും മക്കളായ ഫിലിപ്പും (10), തിമോത്തിയും (6) ഉറങ്ങുകയായിരുന്ന വാഹനത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ദാരയുടെ നേതൃത്വത്തിലുള്ള സംഘം തീയിടുകയായിരുന്നു. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഈ ക്രൂരത.

Published

on

ഒഡീഷയില്‍ ആദ്യ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ, ഗ്രഹാം സ്റ്റെയിന്‍സ് കേസില്‍ ശിക്ഷാമോചന ഹരജി സമര്‍പ്പിച്ച് പ്രതി ദാരാ സിങ്. ഹരജിയില്‍ ആറ് മാസത്തിനകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ഒഡീഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വി.എന്‍. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും ചുട്ടു കൊന്ന കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിയാണ് ദാരാ സിങ്. ജീവപര്യന്തം തടവുകാരെ അകാലത്തില്‍ മോചിപ്പിക്കുന്നതിനുള്ള 2022 ലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി തന്റെ കേസ് പരിഗണിക്കാന്‍ ഒഡീഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.

രാജ്യത്തെ തന്നെ നടുക്കിയ കൊലപാതക കേസുകളിലൊന്നാണ് ഗ്രഹാം സ്റ്റെയിന്‍സിന്റേയും കുട്ടികളുടെയും. 1999 ജനുവരി 22-ന് ഗോത്രവര്‍ഗക്കാരുടെ ആധിപത്യമുള്ള കിയോഞ്ജറിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ നടന്ന ഈ ദാരുണമായ കൊലപാതകങ്ങള്‍ അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

സ്റ്റെയിന്‍സും മക്കളായ ഫിലിപ്പും (10), തിമോത്തിയും (6) ഉറങ്ങുകയായിരുന്ന വാഹനത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ദാരയുടെ നേതൃത്വത്തിലുള്ള സംഘം തീയിടുകയായിരുന്നു. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഈ ക്രൂരത. അതേസമയം സിങിന്റെ ഹരജിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.

‘ഹരജിയുടെ സമയം സംശയാസ്പദമാണ്. വര്‍ഷങ്ങളോളം അയാള്‍ ജയിലിലായിരുന്നു. അപ്പോഴൊന്നും ഇങ്ങനെയൊരു നീക്കമുണ്ടായിരുന്നില്ല. എന്നാല്‍, സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ ഹരജി പൊടുന്നനെ ഉയര്‍ന്നുവന്നിരിക്കുന്നത്.

പുതിയ സര്‍ക്കാരിന് ദാരയോട് അനുഭാവമുണ്ടെന്നും അതില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഹരജി നല്‍കിയതെന്നുമുള്ള സംശയം ഉണ്ട്,’ മയൂര്‍ഭഞ്ച് സ്വദേശിയായ മുന്‍ ബിജു ജനതാദള്‍ (ബി.ജെ.ഡി) എം.എല്‍.എ രാജ്കിഷോര്‍ ദാസ് പറഞ്ഞു. ഹരജി കൊടുത്തിരിക്കുന്ന സമയം തീര്‍ത്തും സംശയാസ്പദമാണെന്ന് ജയ്പൂരിലെ കോണ്‍ഗ്രസ് എം.എല്‍.എ താരാ പ്രസാദ് വഹ്നിപതിയും പറഞ്ഞു.

ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, നേരത്തെ ഒഡീഷ നിയമസഭയില്‍ പ്രതിപക്ഷ ചീഫ് വിപ്പായിരുന്ന സമയത്ത് സിങ്ങിനെ ജയില്‍ മോചിതനാക്കണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കിയിരുന്നു. മോചനം അവശ്യപ്പെട്ട് അന്ന് മാജി ധര്‍ണ നടത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് ശക്തമായ വിമര്‍ശനങ്ങളാണ് നിലവില്‍ പ്രതിപക്ഷം ഹരജിക്കെതിരെ ഉന്നയിക്കുന്നത്.

സ്റ്റെയിന്‍സ് കേസിന് പുറമേ, 1999 ഓഗസ്റ്റില്‍ മയൂര്‍ഭഞ്ച് ജില്ലയിലെ പാഡിയബേഡ ഗ്രാമത്തില്‍ നിന്നുള്ള എസ്.കെ. റഹ്മാന്‍ എന്ന മുസ്ലിം വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും ജമുബാനി ഗ്രാമത്തില്‍ വെച്ച് 35 കാരനായ കത്തോലിക്ക പുരോഹിതന്‍ അരുള്‍ ദോസിനെ കൊലപ്പെടുത്തിയ കേസിലും ദാര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.2022 ഏപ്രില്‍ 19 ലെ നയത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള യോഗ്യതാ കാലയളവിനേക്കാള്‍ കൂടുതല്‍ (14 വര്‍ഷത്തെ തടവ്) തടവ് ഇതിനകം അനുഭവിച്ചിട്ടുണ്ടെന്നും കൂടാതെ 24 വര്‍ഷത്തിലധികം യഥാര്‍ത്ഥ തടവ് (മോചനം കൂടാതെ) അനുഭവിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അരവിന്ദ് കെജ്രിവാൾ നാളെ ലെഫ്റ്റനന്റ് ഗവർണ‌റെ കാണും; രാജിക്കത്ത് നൽകും

നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോ​ഗം ചേരും

Published

on

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാളെ രാജിവയ്ക്കും. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചു. നാളെ വൈകുന്നേരം 4.30നാണ് കൂടിക്കാഴ്ച. ഇതിനു ശേഷമായിരിക്കും രാജിയെന്ന് ആം ആദ്മി നേതാക്കള്‍ അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോ​ഗം ചേരും.

അരവിന്ദ് കെജ്രിവാൾ നാളെ രാജി വയ്ക്കുന്നതോടെ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്നതിൽ ചർച്ച സജീവമായിരിക്കുകയാണ്. കെജ്‍രിവാൾ നാളെ രാജിവയ്ക്കുമെന്നും മറ്റു നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവും മന്ത്രിയുമായ ഭരദ്വാജ് പറഞ്ഞു. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയെ തീരുമാനിക്കും. മന്ത്രിമാരായ അതിഷി, ,സൗരദ് ഭരദ്വാജ്, ഗോപാൽ റായി കൈലാഷ് ഗഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും ചർച്ചകളിലുണ്ട്.

Continue Reading

crime

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു

Published

on

ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മീനയാണ് കൊല്ലപ്പെട്ടത്. മീനയുടെ ഭര്‍ത്താവ് സുന്ദര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

രണ്ടുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുക്കൊണ്ട് സുന്ദര്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ടിവിഎസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഉപദ്രവത്തെ തുടര്‍ന്ന് മീന സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍ ഭാര്യവീട്ടിലെത്തിയ പ്രതി മീനയെ തന്റെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചും കഴുത്ത് ഞെരിച്ചും ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പരാതി.

സംഭവമറിഞ്ഞ് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. യുവതിയുടെ മരണത്തില്‍ സുന്ദറിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

india

പള്ളിക്കെതിരായ ഹിന്ദുത്വ വാദികളുടെ പ്രകടനം; ഷിംലയില്‍ ബി.ജെ.പി-വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.

Published

on

ഹിമാചല്‍ പ്രദേശിലെ സഞ്ജൗലിയില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്ത് നിരത്തിലിറങ്ങിയവര്‍ക്കെതിരെ നടപടി. പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട 50 ബി.ജെ.പി പ്രവര്‍ത്തക്കെതിരെയും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നടപടികള്‍ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഏതാനും പ്രവര്‍ത്തകര്‍ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് പ്രതിഷേധമെന്നും സഞ്ജീവ് ഗാന്ധി ചൂണ്ടിക്കാട്ടി.

വിദ്വേഷം വളര്‍ത്തല്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, ആക്രമണം, വ്യാജ പ്രചാരണം, അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്ജിദ് പൊളിക്കാന്‍ തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സഞ്ജൗലിയില്‍ എത്തിയത്. പൊലീസുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ലാത്തി ചാര്‍ജിനിടയില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റുകയുണ്ടായി.

അതേസമയം മസ്ജിദ് നിര്‍മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് സംസ്ഥാന വഖഫ് ബോര്‍ഡ് പ്രതികരിച്ചിരുന്നു. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം ഒരു നിലയുള്ള മസ്ജിദ് കെട്ടിടം സഞ്ജൗലിയില്‍ നിര്‍മിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ മസ്ജിദില്‍ കൂടുതലായി പണിതിട്ടുള്ള അധിക നിലകളെ സംബന്ധിച്ച വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ വാദം.

മസ്ജിദ് നിലവില്‍ കോടതിയുടെ പരിഗണനിയിലാണ്. 2000 ല്‍ ഷിംല മുന്‍സിപ്പില്‍ കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.

പള്ളി പൊളിക്കണമെന്ന് ആഹ്വാനം ചെയ്ത് ഷിംലയില്‍ ആള്‍ക്കൂട്ടമെത്തിയതിന് പിന്നാലെ ഹിന്ദു ജാഗരന്‍ മഞ്ച് സെക്രട്ടറി കമല്‍ ഗൗതം ഉള്‍പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി, വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരിക്കുനന്ത്.

Continue Reading

Trending