തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണം അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. മരണം അന്വേഷിക്കണമെന്ന് പിതാവ് സി.കെ ഉണ്ണി ഡി.ജി.പിക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു കുടുംബവുമായി ബാലഭാസ്‌ക്കറിന് കോടികളുടെ ഇടപാടുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ 10 വര്‍ഷമായി പാലക്കാട്ടെ ഒരു കുടുംബവുമായി ബാലഭാസ്‌ക്കറിന് കോടികളുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇത് അപകടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. ആയുര്‍വ്വേദ ഡോക്ടറുടെ കുടുംബവുമായാണ് ബന്ധമുണ്ടായിരുന്നത്. ഈ കുടുംബത്തിലെ അംഗമാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍. അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌ക്കറായിരുന്നുവെന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഭാര്യ ലക്ഷ്മിയുടെ മൊഴി അര്‍ജ്ജുനാണ് വണ്ടിയോടിച്ചിരുന്നത് എന്നാണ്. മൊഴിയിലെ ഈ വൈരുദ്ധ്യങ്ങളാണ് സംശയത്തിനിടയാക്കിയത്.

ഒരു പരിപാടിക്കുശേഷം ബാലഭാസ്‌ക്കറിന് വജ്രമോതിരം നല്‍കിയാണ് ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് കോടികളുടെ സാമ്പത്തിക ബന്ധം അവരുമായുണ്ടായി. ഈ സാമ്പത്തിക ഇടപാട് അന്വേഷിക്കണം. തൃശൂരില്‍ നിന്ന് തിരക്കിട്ട് തിരുവനന്തപുരത്ത് എത്തേണ്ട അത്യാവശ്യം ബാലഭാസ്‌ക്കറിന് ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു.

ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌ക്കര്‍ മരണത്തിന് കീഴടങ്ങുന്നത്. അപകടം നടന്ന് ഒരാഴ്ച്ചക്കു ശേഷമാണ് മരിക്കുന്നത്. സംഭവസ്ഥലത്തുതന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു.