കോര്‍ഡോബ: സ്പാനിഷ് ക്ലബ് ബാര്‍സലോണ സൂപ്പര്‍ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. റയല്‍ സോസിഡാഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കലാശകളിക്ക് യോഗ്യതനേടിയത്.സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് ടീം ഇറങ്ങിയത്.
ഗോള്‍കീപ്പര്‍ മാര്‍ക്ക് ആേ്രന്ദ ടെര്‍‌സ്റ്റേഗന്റെ മികച്ച പ്രകടനമാണ് ബാഴ്‌സയ്ക്ക് വിജയം സമ്മാനിച്ചത്. അധികസമയത്ത് രണ്ട് മികച്ച സേവുകള്‍ നടത്തിയ ടെര്‍‌സ്റ്റേഗന്‍ ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകളും തകര്‍ത്തു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും സമനിലപാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 39ാം മിനിറ്റില്‍ ഫ്രാങ്കി ഡിയോംഗിലൂടെയാണ് ബാര്‍സ മുന്നിലെത്തിയത്. 51ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൈക്കല്‍ ഒയാര്‍സബാല്‍ സോസിഡാഡിനായി സമനിലകണ്ടെത്തി.