മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തിയ ബാര്‍സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് പോയന്റ് ടേബിളില്‍ 15-ാം സ്ഥാനത്തുള്ള ലെവെന്റെയാണ് ബാര്‍സലോണയെ മുട്ടുകുത്തിച്ചത്.

നടപ്പു സീസണില്‍ തോല്‍വിയറിയാതെ ചാമ്പ്യന്‍മാരാവുകയെന്ന ചരിത്ര നേട്ടത്തിന് വെറും രണ്ടു മത്സരം ബാക്കി നില്‍ക്കെയാണ് ബാര്‍സയുടെ തോല്‍വി. കരുത്തരായ റയല്‍ മഡ്രിഡിനും അത്‌ലെറ്റിക്കോ മഡ്രിഡിനും സെവിയ്യക്കുമൊന്നും സാധിക്കാത്തത് തങ്ങള്‍ക്കു സാധിച്ചുയെന്നതില്‍ ലെവെന്റെയ്ക്ക് അഭിമാനിക്കാം. കഴിഞ്ഞ സീസണില്‍ ഏപ്രിലില്‍ മലാഗയോടായിരുന്നു ബാര്‍സ അവസാനമായി ലാ ലിഗയില്‍ തോല്‍വി പിണഞ്ഞത്.

 

രണ്ടു താരങ്ങള്‍ ഹാട്രിക് നേടിയ മത്സരത്തില്‍ ഒമ്പതുഗോളുകളാണ് പിറന്നത്. സ്വന്തം മൈതാനത്ത് സൂപ്പര്‍താരം ലയണല്‍ മെസ്സിയില്ലാതെ ചാമ്പ്യന്‍മാരെ നേരിട്ട ലെവന്റെയ്ക്കായി ഒമ്പതാം മിനിറ്റില്‍ തന്നെ എമ്മാനുവല്‍ ബോട്ടെങ് ആദ്യ ഗോള്‍ നേടി. 30-ാം മിനിറ്റില്‍ ബോട്ടെങ് ലീഡ് ഡബിളാക്കി. 38-ാം മിനിറ്റില്‍ കുട്ടിഞ്ഞ്യോയിലൂടെ ബാര്‍സ ഒരുഗോള്‍ മടക്കി. ആദ്യപകുതി 2-1ന് പിരിഞ്ഞു.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ലെവന്റെയെ വീണ്ടും ലക്ഷ്യം കണ്ടു. എനിസ് ബാര്‍ദിയായിരുന്നു സ്‌കോറര്‍.മൂന്ന് മിനിറ്റിനകം വീണ്ടും ബാര്‍സ വലകുലുക്കി ബോട്ടെങ്ങ് ഹാട്രിക്ക് സ്വന്തമാക്കി. ഇതോടെ 2005-ന് ശേഷം ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്കെതിരെ ഹാട്രിക്ക നേടുന്ന ആദ്യ താരമായി ബോട്ടെങ്ങ്. 56-ാം മിനിറ്റില്‍ ബര്‍ദിയും തന്റെ ഗോള്‍ നേട്ടം ഇരട്ടയാക്കിയതോടെ സ്‌കോര്‍ നില 5-1 എന്ന നിലയിലായി. ഇതോടെ ബാര്‍സ വലിയ തോല്‍വി വഴങ്ങുമെന്ന അവസ്ഥയിലായി.

എന്നാല്‍ പിന്നീട് 59 ,64 മിനിറ്റുകളില്‍ ഗോള്‍ നേടി കുട്ടിേേഞ്ഞ്യാ ബാര്‍സയെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. ബാര്‍സ കുപ്പായത്തില്‍ കുട്ടിഞ്ഞ്യോ ആദ്യ ഹാട്രിക്കായിരുന്നു ഇത്. 71-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി സുവാരാസ് ലെവന്റെയുടെ ലീഡ് ഒന്നാക്കി കുറച്ചു. പിന്നീട് സമനില ഗോളിനായി ബാര്‍സ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ലീഗ് സീസണില്‍ ബാര്‍സയുടെ ആദ്യമായി തോല്‍ക്കുകയായിരുന്നു. 2003-ന് ശേഷം ആദ്യമായാണ് ബാര്‍സലോണ ഒരു മത്സരത്തില്‍ അഞ്ച് ഗോള്‍ വഴങ്ങുന്നതും