പൂനെ: ഐ.എസ്.എല്ലില്‍ പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ മറിച്ചിട്ട് ബംഗളൂരു എഫ്.സി. ഫ്‌ളോറസിന്റെ ഇരട്ട ഗോളിന്റെ സഹായത്തില്‍ 3-1നായിരുന്നു ബംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ആദില്‍ ഖാന്റെ വായുവില്‍ പറന്നുള്ള മനോഹരമായ ഹെഡറിലൂടെ പൂനെയാണ് ആദ്യം ഗോള്‍ നേടിയത്.
ബോക്‌സിന് തൊട്ടു മുമ്പില്‍ നിന്നുള്ള ആദിലിന്റെ ഹെഡറിന് മുന്നില്‍ ബംഗളൂരു ഗോള്‍ കീപ്പര്‍ക്ക് നിസഹായനായി നോക്കി നില്‍ക്കാനെ ആയുള്ളൂ. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന പൂനെക്ക് പക്ഷേ രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ ബല്‍ജിത് സിങ് സാഹ്നി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ താളം തെറ്റി.
64-ാം മിനിറ്റില്‍ വെനസ്വേലന്‍ താരം നികോളാസ് ഫെഡര്‍ ഫ്‌ളോറസ് ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. 78-ാം മിനിറ്റില്‍ ഫോളറസ് തകര്‍പ്പന്‍ ഷോട്ടിലൂടെ ടീമിനെ മുന്നിലെത്തിച്ചു.
ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിന്റെ മൂന്നാം ഗോള്‍ നേടിയത്. സ്‌കോര്‍ 3-1. വിജയത്തോടെ 12 പോയിന്റുമായി ബംഗളൂരു ലീഗില്‍ തലപ്പത്തെത്തി. ഒമ്പത് പോയിന്റുമായി എഫ്.സി ഗോവയാണ് രണ്ടാമത്.