പാട്ന: ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തേജസ്വി യാദവിനെതിരെ ചെരിപ്പേറ്. ഔറംഗാബാദിലെ കുടുമ്പ മണ്ഡലത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആര്‍ജെഡി നേതാവിന് നേരെ സദസ്സില്‍ നിന്നും ഒരാള്‍ ചെരിപ്പെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വേദിയില്‍ ഒരു നേതാവ് പ്രസംഗിക്കുന്നതിനിടെയാണ് സമീപത്ത് ഇരിക്കുകയായിരുന്ന തേജസ്വിക്കെതിരെ ചെരിപ്പ് വന്നത്. ഒരു ജോഡി ചെരിപ്പിന്റെ ഒന്ന് അദ്ദേഹത്തെ തൊട്ട് പിന്നിലേക്ക് വീണെങ്കിലും ഒന്ന് കൃത്യമായി അദ്ദേഹത്തിന്റെ മടിയിലേക്ക് വീണു. എന്നാല്‍ അദ്ദേഹം മാറാതെ വേദിയില്‍ തന്നെ തുടര്‍ന്നു. പിന്നീട് നടത്തിയ പ്രസംഗത്തിനിടയിലും ചെരിപ്പേറിനെക്കുറിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയില്ല.

ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ആയിരക്കണക്കിന് ആളുകളാണ് തേജസ്വി യാദവിന്റെ റാലികളില്‍ എത്തിച്ചേരുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതി വന്‍ തോതില്‍ ഇടിഞ്ഞെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു. ഇതിനെതിരെ ബിഹാറില്‍ ജനരോഷം ശക്തമാണ്.