പുതുപ്പള്ളി: ഉമ്മന്‍ചാണ്ടി ആദ്യം മുഖ്യമന്ത്രിയായ സമയത്ത് ഒരു ഉദ്ഘാടന വേദിയില്‍ നിന്ന് ബാഡ്ജ് വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയ ചൂരംപള്ളി ബിജു പിന്നീട് അതൊരു ഹോബിയാക്കി. ഇതുവരെ ബിജു സ്വന്തമാക്കി സൂക്ഷിച്ചിരിക്കുന്നത് നൂറു കണക്കിനു ബാഡ്ജുകളാണ്. ജോലി, അഡ്മിഷന്‍ മുതല്‍ സ്ഥലംമാറ്റം വരെ പലവിധ ആവശ്യങ്ങളുമായി തന്നെ കാണാന്‍ വരുന്നവര്‍ക്കിടയില്‍ എല്ലാ ബാഡ്ജും തരണമെന്ന ബിജുവിന്റെ ആവശ്യം കേട്ട് ഉമ്മന്‍ചാണ്ടി ആദ്യം ചിരിച്ചെങ്കിലും പിന്നീട് കാര്യമായെടുത്തു.

ഗണ്‍മാന്‍മാരെ ഇക്കാര്യം ചുമതലപ്പെടുത്തി. കേരളത്തില്‍ എവിടെ പരിപാടിയില്‍ പങ്കെടുത്താലും അതിന്റെ ബാഡ്ജ് ഓരോ സമയത്തെ ഗണ്‍മാന്‍മാര്‍ ബിജുവിനു വേണ്ടി വാങ്ങിവയ്ക്കും. പ്രദീപ്, അശോകന്‍, രവി ഇപ്പോഴുള്ള ഗണ്‍മാന്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ ഞായറാഴ്ചകളില്‍ പുതുപ്പള്ളിയില്‍ എത്തുമ്പോള്‍ കെട്ടുകണക്കിന് ബാഡ്ജുകള്‍ ബിജുവിന് ലഭിക്കും. മൂന്നു വലിയ ബാഗ് നിറയെ ബാഡ്ജുകളുടെ വന്‍ ശേഖരമായി ഇപ്പോള്‍. 2004ല്‍ തുടങ്ങിയ ബിജുവിന്റെ ഹോബി ഇപ്പോഴും തുടരുകയാണ്.