ബെംഗളൂരു: കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതിയുടേതാണ് നടപടി.

കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നേരത്തെ ബിനീഷിനെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്. ഈ കാലവധി ഇന്ന് തീരാനിരിക്കെയാണ് കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വീണ്ടും ഇഡി അപേക്ഷ നല്‍കിയത്.

അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന കണ്ടെടുത്തതായി ഇഡി കോടതിയെ അറിയിച്ചു. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നും ഇഡിഅഭിഭാഷകര്‍ കോടതിയെ അറിയിച്ചു.