കുട്ടനാടൻ കർഷകരുടെ കണ്ണീർ തോരുന്നില്ല. ഇടവേളക്ക് ശേഷം വീണ്ടുമെത്തിയ പക്ഷിപ്പനി വിനോദ സഞ്ചാരമേഖലയായ ആലപ്പുഴയെയും കോട്ടയത്തെയും ഒരു പോലെ ബാധിച്ചു. സഞ്ചാരികളുടെ മനസ്സും വയറും ഒരുപോലെ നിറക്കുന്നതായിരുന്നു കുട്ടനാടൻ താറാവുകൾ. പ്രദേശത്തെ കർഷകരുടെ പ്രധാന വരുമാന മാർഗവുമായിരുന്നു താറാവു കൃഷി. വിനോദസഞ്ചാരികൾ ആലപ്പുഴയിൽ എത്തുന്നതു തന്നെ കുട്ടനാടൻ താറാവിനെ കണ്ടിട്ടാണെന്നു തന്നെ പറയാം. വിദേശ രാജ്യങ്ങളിൽ നിന്നു പോലും പലപ്പോഴായി വന്ന ആയിരക്കണക്കിന് സഞ്ചാരികളെ വിരുന്നൂട്ടിയത് താറാവുകൾ പ്രധാന വിഭവമായിട്ടായിരുന്നു.
നാലുവർഷത്തിനു ശേഷം കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകർഷകർക്ക് ഇത് കണ്ണീരിന്റെ പുതുവർഷമാണ്. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി ഒരുവിധം മറികടക്കുമ്പോഴാണ് താറാവുകർഷകരുടെ മേൽ ഇടിത്തീപോലെ പക്ഷിപ്പനിയും വന്നുവീഴുന്നത്. ആശങ്കയോടെയാണ് കുട്ടനാട് കഴിയുന്നത്.

2014ലും 2016ലും താറാവുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, ആയിരത്തിനു മുകളിലുണ്ടായിരുന്ന കർഷകരിൽ പകുതിയോളം പേരും ഇപ്പോൾ താറാവു കൃഷി ചെയ്യുന്നില്ല. പല കർഷകരും നാമമാത്ര താറാവുകളെ മാത്രമേ വളർത്തുന്നുള്ളൂ. 2016 ൽ നാശംവിതച്ച, എച്ച്5 എൻ8 വിഭാഗത്തിൽപ്പെട്ട വൈറസ് പരത്തുന്ന പക്ഷിപ്പനിയാണ് ഇത്തവണയും കുട്ടനാട് മേഖലയിൽ വ്യാപിക്കുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയതെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. ഡിസംബർ 19 മുതലാണ് പള്ളിപ്പാട്ടും തകഴിയിലും താറാവുകളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. രണ്ടാഴ്ച പിന്നിടുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലായി 30,000 ൽ അധികം താറാവുകൾ ചത്തു. രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ പക്ഷിപ്പനി കണ്ടെത്തിയതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ മുഴുവൻ ചുട്ടു കൊല്ലുമെന്നും ഏകദേശം 35,000 പക്ഷികളെ കൊല്ലേണ്ടിവരുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
എച്ച്5 എൻ1 വിഭാഗത്തിൽപ്പെട്ട വൈറസ് പരത്തുന്ന രോഗമാണ് 2014ൽ കുട്ടനാട്ടിൽ കണ്ടെത്തിയത്. ദുരന്തസമാനമായ സ്ഥിതിയുണ്ടായതിനെ തുടർന്ന് രോഗബാധ കണ്ടെത്തിയ മേഖലയ്ക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ താറാവുകളെയും അന്ന് കൊന്നൊടുക്കി. മൂന്നുലക്ഷം താറാവുകളെയും രണ്ടരലക്ഷം മുട്ടകളും 4700 കിലോ തീറ്റയും അന്ന് നശിപ്പിച്ചിരുന്നു.

തുടർന്ന് 2016ലും പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ ആറുലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കി. ഒന്നരലക്ഷത്തോളം മുട്ടകളും 9000 കിലോ തീറ്റയും അന്നു നശിപ്പിച്ചു. 97 കർഷകർക്കായി എട്ടു കോടി രൂപയ്ക്കു മുകളിൽ നഷ്ടപരിഹാരം നൽകി. കുട്ടനാട് മേഖലയിൽ ചത്തതിൽ ഭൂരിഭാഗവും 20-40 ദിവസം പ്രായമായ താറാവിൻ കുഞ്ഞുങ്ങളാണ്. ഇവയെ ഈസ്റ്റർ സീസൺ ലക്ഷ്യമാക്കിയാണ് വളർത്തിയിരുന്നതെന്ന് കർഷകർ സങ്കടം പറയുന്നു. കോവിഡിൽ ഇടിഞ്ഞ താറാവ് വിപണി മെല്ലെ കരകയറി വരുമ്പോഴാണ് വീണ്ടും രോഗം ബാധിക്കുന്നത്. ഉചിതമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി കർഷകർക്ക് ബാക്കി. കുട്ടനാടിനെ സംബന്ധിച്ചിടത്തോളം കേവലം നഷ്ടപരിഹാരത്തിൽ മാത്രം ഒതുങ്ങുന്നതല്ല പക്ഷിപ്പനിയുടെ ആഘാതം. ഇവിടത്തെ കർഷകർക്കു നെൽക്കൃഷിക്കു പുറമേയുള്ള പ്രധാന ജീവനോപാധിയാണ് താറാവുകൃഷി.