പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും രോഗം മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്റെ ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി ഉത്തരവും ഇറക്കി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.

രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍, മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ല. രോഗം സ്ഥിരീകരിച്ചവയുടെ കൂട്ടത്തിലുള്ള മറ്റു താറാവുകളെ കൊല്ലാന്‍ പ്രത്യേക ദൗത്യസംഘങ്ങളും രൂപീകരിച്ചിരുന്നു.