സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. വനംവകുപ്പ് മന്ത്രി കെ രാജുവാണ് ഇതു സംബന്ധിച്ച അറിയിപ്പു നല്‍കിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയിലും കുട്ടനാട്ടിലും താറാവുകള്‍ ചത്തിരുന്നു. എന്നാല്‍ ഇത് മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍.

കോട്ടയം നീണ്ടൂരില്‍ പതിനാലാം വാര്‍ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ ഒരാളുടെ അടുത്തുള്ള 8000 താറാവുകളുടെ കൂട്ടത്തില്‍ രോഗബാധ സ്ഥിരീകരിച്ചു. ഇതുപ്രകാരം ഇയാളുടെ എല്ലാ താറാവുകളെയും കൊല്ലും. പുറമെ, ഇതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ താറാവുകളെയും കൊല്ലുന്ന നടപടിയിലേക്ക് കടക്കും. ഏകദേശം 38000 ത്തോളം താറാവുകളെ കൊല്ലേണ്ടതായി വരും. ഇതിനായി ദ്രുത കര്‍മ്മ സേന രൂപീകരിച്ചു. കോട്ടയം കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം പുരോഗമിച്ചുവരികയാണ്.

ഡിസംബര്‍ 19 മുതലാണ് ആലപ്പുഴ ജില്ലയിലെ ചില മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടുതുടങ്ങിയത്. ക്രിസ്മസ് കച്ചവടത്തിന്റെ തിരക്കില്‍ കര്‍ഷകര്‍ അത് ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഒട്ടേറെ വില്‍പ്പനയും നടന്നിരുന്നു.

ഭോപ്പാലിലേക്ക് അയച്ച സാമ്പിള്‍ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.