അച്ഛന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനിലേക്ക് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി മകള്‍ നിയമിതയായി. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തിനു സാക്ഷ്യം വഹിച്ച എല്ലാവരുടെയും കണ്ണു നിറഞ്ഞു. പോലീസ് സേനയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന അച്ഛനും മകളും എന്ന പ്രത്യേകത മാത്രമല്ല. ഹൃദയസ്പര്‍ശിയായ ഒരു സംഭവത്തിന് കൂടിയാണ് എല്ലാവരും സാക്ഷ്യം വഹിച്ചത്.

ഗുണ്ടൂര്‍ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (DSP) ആയി നിയമിതയായ മകള്‍ ജെസ്സി പ്രസന്തിക്ക് അച്ഛനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ ശ്യാം സുന്ദര്‍ സലൂട്ട് ചെയ്യുന്നത് കണ്ട് എല്ലാവരും ഒരുനിമിഷം നോക്കി നിന്നു. ജനുവരി 4 മുതല്‍ 7 വരെ തിരുപ്പതിയില്‍ നടക്കുന്ന ‘ഇഗ്‌നൈറ്റ്’ എന്ന പോലീസ് ഡ്യൂട്ടി മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

‘ഞങ്ങള്‍ ആദ്യമായാണ് ഡ്യൂട്ടിയില്‍ കണ്ടുമുട്ടുന്നത്. അച്ഛന്‍ എന്നെ സലൂട്ട് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല, എല്ലാത്തിനുമുപരി അദ്ദേഹം എന്റെ അച്ഛനാണ്. എന്നെ സലൂട്ട് ചെയ്യരുതെന്ന് അച്ഛനോട് ആവശ്യപ്പെട്ടതാണ്, പക്ഷേ അത് സംഭവിച്ചു. ഞാനും സല്യൂട്ട് മടക്കി നല്‍കി, ‘ ഗുണ്ടൂര്‍ ഡിഎസ്പി ജെസ്സി പ്രസന്തി പറഞ്ഞു.