മലപ്പുറം; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ബി.ജെ.പി. മുഖ്യമന്ത്രിയുടെ കുടുംബത്തിനു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് ബിജെപി. സ്വര്‍ണക്കടത്തു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും സ്വപ്‌നയ്ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞു.

അവരുടെ വിവാഹ സമയത്തെ വിഡിയോ എഡിറ്റ് ചെയ്യാതെ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാകണം. വീണയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങി നല്‍കിയത് എവിടെ നിന്നെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തണം.

കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വര്‍ഗീയ വാദിയാണ് മന്ത്രി കെ.ടി. ജലീല്‍. മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളില്‍ നിന്നു രക്ഷപെടാനുള്ള ശ്രമമാണ് ജലീല്‍ നടത്തുന്നത്. തെറ്റു ചെയ്തിട്ടില്ലെന്നു വിശുദ്ധ ഖുര്‍ആനില്‍ കൈവച്ചു സത്യം ചെയ്യാന്‍ ജലീല്‍ തയാറാണോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.