വാസ്‌കോ: കളിയുടെ അവസാനം വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങി ഈസ്റ്റ് ബംഗാളിനെതിരേ സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിനെതിരേ ഗോള്‍ നേടി ആധിപത്യം നേടിയെങ്കിലും ഒടുവില്‍ മത്സരം സമനിലയില്‍ കലാശിച്ചു.

ഇരുടീമുകളും ഗോള്‍ നേടാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയുടെ 64ാം മിനിട്ടില്‍ സൂപ്പര്‍ താരം ജോര്‍ദാന്‍ മറെയാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ ലോങ്പാസ് സ്വീകരിച്ച് മറെ പന്ത് കൃത്യമായി വലയിലെത്തിച്ചു. ഐഎസ്എല്ലിന്റെ ഈ സീസണിലെ മറെയുടെ ആറാം ഗോളാണിത്.

ബ്ലാസ്‌റ്റേഴ്‌സ് മധ്യനിര താരം ജീക്‌സണ്‍ സിങ്ങും ഈസ്റ്റ് ബംഗാള്‍ പ്രതിരോധതാരം മിലന്‍ സിങ്ങും കളിയില്‍ മഞ്ഞക്കാര്‍ഡ് കണ്ടു. 11 കളിയില്‍ നിന്ന് 11 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് 10ാം സ്ഥാനത്തും, 11 കളിയില്‍ നിന്ന് 11 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ 9ാം സ്ഥാനത്തുമാണ്.