ദുബായ്: ധോനിയുടെ പിന്‍ഗാമിയാവാന്‍ നല്ലത് സഞ്ജു സാംസണേക്കാളേറെ നല്ലത് ഋഷഭ് പന്ത് തന്നെയാണെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. സഞ്ജു ക്ലാസ് ആണെങ്കിലും സ്‌പോര്‍ട്ടിങ് വിക്കറ്റുകളില്‍ മികച്ച ബൗളിങ് അറ്റാക്കിനെതിരെ സഞ്ജുവിന്റെ പ്രകടനം അത്ര നല്ലതല്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് ലാറ പറഞ്ഞു. ഋഷഭ് പന്ത് ഇപ്പോള്‍ കൂടുതല്‍ ചുമതലകളോടെ കളിക്കുന്നുണ്ടെന്നും റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ത്വര അദ്ദേഹത്തിനുണ്ടെന്നും ലാറ വ്യക്തമാക്കി.

‘സഞ്ജു സാംസണ്‍, രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കീപ്പ് ചെയ്യുന്നില്ല. പക്ഷേ, ഞാന്‍ മനസ്സിലാക്കിയത് അദ്ദേഹം കീപ്പ് ചെയ്യുമെന്നാണ്. അതാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചുമതലകളില്‍ ഒന്ന്. ക്ലാസ് പ്ലെയറാണ്. ഷാര്‍ജയില്‍ വളരെ മികച്ച പ്രകടനമായിരുന്നു. സ്‌പോര്‍ട്ടിംഗ് വിക്കറ്റുകളില്‍, മികച്ച ബൗളിംഗ് അറ്റാക്കിനെതിരെ ടെക്‌നിക്കലി അദ്ദേഹത്തിന്റെ ആവനാഴിയില്‍ വേണ്ടത്ര വിഭവങ്ങള്‍ ഇല്ലെന്ന് തോന്നിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണെങ്കില്‍ ഋഷഭ് പന്തിനെ ഞാന്‍ തിരഞ്ഞെടുക്കില്ലായിരുന്നു. പക്ഷേ, ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ തന്റെ ചുമതലകള്‍ ഇപ്പോള്‍ അദ്ദേഹം കൂടുതലായി മനസ്സിലാക്കുന്നുണ്ട്. ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി അദ്ദേഹം കളിക്കുന്നത് ശ്രദ്ധിക്കുക. ആ ചുമതല അദ്ദേഹം ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ത്വരയുണ്ട്. ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്ത് ഉയര്‍ന്ന സ്‌കോര്‍ നേടണമെന്നുണ്ട്, ഇങ്ങനെ തുടരുകയാണെങ്കില്‍ അദ്ദേഹം നമ്പര്‍ 1 ആകുമെന്നാണ് ഞാന്‍ കരുതുന്നത്.’ ലാറ പറയുന്നു.

ഐപിഎല്ലിലെ നടപ്പു സീസണിലെ ആദ്യ കളികളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയ സഞ്ജു അവസാന മത്സരങ്ങളില്‍ മികച്ച ഫോമിലേക്ക് എത്തിയിരുന്നില്ല.