റിയോ: ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയുമോ എന്നാലോചിച്ച് അര്‍ജന്റീന കളിക്കാര്‍ക്ക് ഇന്നു രാത്രി ഉറങ്ങാന്‍ കഴിയില്ലെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്ക് ഇക്വഡോറിനെ നേരിടുന്ന അര്‍ജന്റീനക്ക് നേരിട്ട് യോഗ്യത ലഭിക്കണമെങ്കില്‍ ജയം അനിവാര്യമാണ്.

‘ലോകകപ്പിനെ പറ്റിയുള്ള സംശയത്തില്‍ അര്‍ജന്റീനക്കാര്‍ക്ക് ഇന്ന് നല്ല ഉറക്കം ലഭിക്കുമോ എന്ന് സംശയമാണ്. അര്‍ജന്റീനയില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്.’ ടിറ്റെ പറഞ്ഞു.

നാളെ ചിലിയെ നേരിടുമ്പോള്‍ വലിയ മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും നന്നായി കളിക്കുക മാത്രമാണ് ലക്ഷ്യമെന്നും ടിറ്റെ പറഞ്ഞു. ചിലി ബ്രസീലിനോട് തോറ്റാല്‍ അര്‍ജന്റീനക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവും. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമായതെന്തോ അതാണ് (ചിലിക്കെതിരെയും) ഞങ്ങള്‍ ചെയ്യുക. ജനങ്ങളുടെ അഭിമാനം ഉയര്‍ത്തുക എന്നതാണ് കാര്യം. മറ്റുള്ളവര്‍ വിതയ്ക്കുന്നത് അവര്‍ക്ക് കൊയ്യാം.’ ടിറ്റെ പറഞ്ഞു.

‘ലോകകപ്പിനു യോഗ്യത എന്നത് ഒരൊറ്റ മത്സരത്തിലുണ്ടാകുന്നതല്ല. അതൊരു പരമ്പരയാണ്.’ ടിറ്റെ പറഞ്ഞു.