kerala

തൃശൂരില്‍ യുവാവിന് നേരെ ക്രൂരമായ ആക്രമണം; ജനനേന്ദ്രിയം മുറിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി

By webdesk18

October 27, 2025

തൃശൂര്‍: നഗരത്തെ നടുക്കുന്ന ക്രൂരമായ ആക്രമണത്തില്‍ ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനന്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആക്രമികള്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുന്നതുവരെ മര്‍ദിച്ചും പീഡിപ്പിച്ചതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരില്‍ നഗ്നനായി വഴിയോരത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന സുദര്‍ശനനെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശരീരത്തില്‍ മുഴുവന്‍ മുറിവുകളും വെട്ടേറ്റ പാടുകളും കണ്ടെത്തി. കത്തി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമണമുണ്ടായതാണെന്ന് പൊലീസ് സംശയിക്കുന്നു.

അന്വേഷണത്തിനിടെ ആലപ്പുഴയിലെ ബന്ധുക്കളെ പൊലീസ് തിരിച്ചറിഞ്ഞു. സുദര്‍ശനന്‍ നേരത്തേ ചേര്‍ത്തലയില്‍ മുനീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണെന്നും, അതുമായി ബന്ധപ്പെട്ട പകപോക്കലാകാം ആക്രമണത്തിന് പിന്നില്‍ എന്ന് കുടുംബം ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതികളെ തിരിച്ചറിയാനും ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനും അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുവരുന്നു.