തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ 10 മാനുകള്‍ മരിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലേക്ക് ചോര്‍ന്നതിന്റെ പേരില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഗ്രേഡ് പി.കെ. മുഹമ്മദ് ഷമീമിനെ സസ്പെന്‍ഡ് ചെയ്തു.
പോസ്റ്റ്മോര്‍ട്ടം മുതല്‍ മറവ് വരെ ദൃശ്യങ്ങള്‍ എടുക്കരുതെന്ന നിര്‍ദേശം ലംഘിച്ചതും ഫോണില്‍ നിന്ന് സംശയകരമായ കോളുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
മാനുകള്‍ കൊല്ലപ്പെട്ടതില്‍ പാര്‍ക്കിന്റെ സുരക്ഷാ വീഴ്ചകള്‍ സംബന്ധിച്ച് ഇതുവരെ വനംവകുപ്പോ സര്‍ക്കാറോ ഉറച്ച നടപടി കൈക്കൊണ്ടിട്ടില്ലെന്ന വിമര്‍ശനമുണ്ട്. നവംബര്‍ 11-ന് നടന്ന സംഭവവിവരങ്ങള്‍ ആദ്യം മറച്ചുവച്ചതും ‘ക്യാപ്ചര്‍ മയോപതി’ എന്ന വ്യത്യസ്ത വിശദീകരണം നല്കിയതും വിവാദമാവുകയും ചെയ്തിരുന്നു.
കോടതി നടപടിക്രമ ലംഘനം ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. സസ്പെന്ഷന്, യഥാര്‍ഥ ഉത്തരവാദികളെ മറച്ചുവയ്ക്കാനുള്ള നീക്കമാണെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.