Connect with us

Career

career chandrika:മാനേജ്‌മെന്റ് കോഴ്‌സുകള്‍ പഠിച്ചുയരാന്‍ ‘ക്യാറ്റ്’

ഇന്ത്യക്കകത്തും പുറത്തുമുള്ള കമ്പനികളില്‍ ഏറ്റവുമുയര്‍ന്ന ശമ്പളത്തോടെ ക്യാമ്പസ് പ്ലെയ്‌സ്‌മെന്റിലൂടെ തൊഴില്‍ നേടാന്‍ സാധ്യതയൊരുക്കുന്ന കോഴ്‌സുകള്‍ ഏതാണെന്ന ചോദ്യത്തിന് മിക്കവാറുമുണ്ടാകുന്ന ഉത്തരം ഐഐഎമ്മുകളിലെയും മറ്റു ബിസിനസ് സ്‌കൂളുകളിലെയും മാനേജ്‌മെന്റ് പ്രോഗ്രാം എന്നതായിരിക്കും.

Published

on

ഇന്ത്യക്കകത്തും പുറത്തുമുള്ള കമ്പനികളില്‍ ഏറ്റവുമുയര്‍ന്ന ശമ്പളത്തോടെ ക്യാമ്പസ് പ്ലെയ്‌സ്‌മെന്റിലൂടെ തൊഴില്‍ നേടാന്‍ സാധ്യതയൊരുക്കുന്ന കോഴ്‌സുകള്‍ ഏതാണെന്ന ചോദ്യത്തിന് മിക്കവാറുമുണ്ടാകുന്ന ഉത്തരം ഐഐഎമ്മുകളിലെയും മറ്റു ബിസിനസ് സ്‌കൂളുകളിലെയും മാനേജ്‌മെന്റ് പ്രോഗ്രാം എന്നതായിരിക്കും. മികച്ച ഐഐഎമ്മുകളില്‍ നിന്ന് വിജയകരമായി മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ കമ്പനികളില്‍ ലീഡര്‍ഷിപ്പ് പദവികളിലടക്കം നിയമനം ലഭിക്കാനും സ്ഥാപനങ്ങളെ പുതിയ തലങ്ങളിലേക്ക് നയിക്കാനുമുള്ള അവസരമാണ് കൈവരുന്നത്.അഹമ്മദാബാദ്, ബെംഗളൂരു, കല്‍ക്കത്ത, കോഴിക്കോട്, ലക്‌നൗ, ഇന്‍ഡോര്‍, എന്നിവ ഐഐഎമ്മുകളുടെ കൂട്ടത്തിലുയര്‍ന്ന നിലവാരമുള്ളവയാണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അടക്കമുള്ള പ്രധാന ബിസിനസ് സ്‌കൂളുകളിലെ പ്രവേശനത്തിന് മാനദണ്ഡമായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (CAT 2022) 50% മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് സെപ്തംബര്‍ 14 ന് 5 മണി വരെ www.iimcat.ac.in വഴി അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നവംബര്‍ 27 നു മൂന്ന് സ്ലോട്ടുകളായി നടക്കും. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി, ഫെലോ ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ എന്നിവയിലേതെങ്കിലും യോഗ്യതകളുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതിയവര്‍ക്കുമപേക്ഷിക്കാനാവസരമുണ്ട്.

തിരുവന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ത്യശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, മംഗളൂരു, മൈസൂര്‍ എന്നിവയടക്കം 150 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 6 കേന്ദ്രങ്ങള്‍ വരെ തിരഞ്ഞെടുക്കാവുന്നതാണ്. പ്രായപരിധിയില്ല. 2300 രൂപയാണ് പരീക്ഷാ ഫീസ്. പട്ടിക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 1150 രൂപ മതി.

വെര്‍ബല്‍ എബിലിറ്റി & റീഡിങ് കോംപ്രിഹെന്‍ഷന്‍, ഡാറ്റ ഇന്റെര്‍പ്രെട്ടേഷന്‍ & ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിങ്ങനെ 3 സെക്ഷനുകളിലായാണ് പരീക്ഷ നടക്കുന്നത്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്ന് ശരിയുത്തരം തിരഞ്ഞെടുക്കാനുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും നേരിട്ട് ഉത്തരം എഴുതേണ്ട നോണ്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുമുണ്ടാവും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് ശരിയുത്തരത്തിന് 3 മാര്‍ക്കും തെറ്റുത്തരത്തിന് ഒരു നെഗറ്റീവ് മാര്‍ക്കുമുണ്ടാവും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് അല്ലാത്ത ചോദ്യങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കില്ല. ഓരോ വിഭാഗത്തിലും എത്ര ചോദ്യങ്ങളുണ്ടാവുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. മോക്ക് ടെസ്റ്റ് വെബ്‌സൈറ്റിലുണ്ടാവും.

കോഴിക്കോട് ഐഐഎമ്മിലെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം,പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ ബിസിനസ് ലീഡര്‍ഷിപ്പ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ ഫൈനാന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ ലിബറല്‍ സ്റ്റഡീസ് ആന്‍ഡ് മാനേജ്‌മെന്റ്, പിഎച്ച്ഡി, കൊച്ചി ക്യാമ്പസിലെ എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിന് കാറ്റ് പരീക്ഷ മാനദണ്ഡമാണ്. സംവരണത്തിന് അര്‍ഹതയുള്ളവര്‍ ബാധകമായ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

അധ്യാപക പരിശീലനത്തിന് ഡി.എല്‍.എഡ്

കേരളത്തിലെ എല്‍.പി/യു.പി സ്‌കൂളുകളിലെ അധ്യാപകരാവാന്‍ വേണ്ട യോഗ്യതകളിലൊന്നായ ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്‌സിന് ഹയര്‍ സെക്കണ്ടറി യോഗ്യതയുള്ളവര്‍ക്ക് ആഗസ്ത് 16 വരെ അപേക്ഷിക്കാം. മുമ്പ് ടീച്ചേര്‍സ് ട്രെയ്‌നിങ് സര്‍ട്ടിഫിക്കറ്റ് (ടി.ടി.സി) എന്ന പേരിലാണിത് അറിയപ്പെട്ടിരുന്നത്. സര്‍ക്കാര്‍/ എയ്ഡഡ് മേഖലയില്‍ 101ഉം സ്വാശ്രയ മേഖലയില്‍ നൂറും സ്ഥാപനങ്ങളാണുള്ളത്

സര്‍ക്കാര്‍/എയിഡഡ് സ്ഥാപനങ്ങള്‍ക്കും സ്വാശ്രയ സ്ഥാപനങ്ങളിലേക്കും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. ഒരോ വിഭാഗത്തിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ. www.education.kerala.gov.ശി എന്ന വെബ്‌സൈറ്റിലെ ലഭ്യമായ അപേക്ഷാഫോമില്‍ തിരഞ്ഞെടുക്കപ്പെടാന്‍ ഉദ്ദേശിക്കുന്ന റവന്യൂ ഉപജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അപേക്ഷിക്കേണ്ടത്.
സ്വാശ്രയ സ്ഥാപനങ്ങളില്‍ 50 ശതമാനം മെറിറ്റ് സീറ്റുകളും ബാക്കി മാനേജ്‌മെന്റുകളും സീറ്റുകളുമായിരിക്കും. സര്‍ക്കാര്‍/ എയിഡഡ് മേഖലയിലെ പ്രവേശനത്തിന് 5 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് അപേക്ഷയില്‍ ഒട്ടിച്ചിരിക്കണം. സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് ക്വാട്ടയിലേക്കുള്ള അപേക്ഷയോടൊപ്പം നൂറു രൂപയുടെ ഡിമാന്റ് ഡ്രാഫ്ട് ബന്ധപ്പെട്ട വിദ്യഭ്യാസ ഉപഡയറക്ടറുടെ പേരില്‍ ഉള്ളടക്കം ചെയ്യണം. മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിലെ മാനേജര്‍മാരുടെ പേരിലെടുത്ത 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്ട് സഹിതം മാനേജര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ മേല്‍ വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Career

കേരള കേന്ദ്ര സര്‍വകലാശാലക്ക് എ ഗ്രേഡ്

കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു. 2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈനേട്ടം.

Published

on

കാസര്‍കോട്: നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിങ്ങില്‍ കേരള കേന്ദ്ര സര്‍വകലാശാലക്ക് ചരിത്ര നേട്ടം. കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു. 2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈനേട്ടം.

കരിക്കുലര്‍ ആസ്പെക്ട്സ്, റിസര്‍ച്ച്-ഇന്നവേഷന്‍സ് ആന്റ് എക്സ്റ്റന്‍ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ലേണിംഗ് റിസോഴ്സസ്, ഗവേണന്‍സ്-ലീഡര്‍ഷിപ്പ് ആന്റ് മാനേജ്മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ വാല്യൂസ് ആന്റ് ബെസ്റ്റ് പ്രാക്ടീസസ് എന്നീ മേഖലകളില്‍ പോയിന്റ് വര്‍ധിച്ചു.

മിസോറാം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.ആര്‍.എസ്. സാംബശിവ റാവു ചെയര്‍മാനായ ആറംഗ സംഘമാണ് ഗ്രേഡ് നിര്‍ണയത്തിനെത്തിയത്. 2009ല്‍ സ്ഥാപിതമായ കേരള കേന്ദ്ര സര്‍വകലാശാലക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് എ ഗ്രേഡ് നേടാന്‍ സാധിച്ചത്.

Continue Reading

Career

career chandrika: ബിരുദം കഴിഞ്ഞവര്‍ക്ക് തുടര്‍പഠനാവസരമൊരുക്കി ‘ജാം’

ബിരുദത്തിന് ശേഷം മികവാര്‍ന്ന സ്ഥാപനങ്ങളില്‍ തുടര്‍പഠനാവസരമൊരുക്കുന്ന ശ്രദ്ധേയമായ എന്‍ട്രന്‍സ് പരീക്ഷയാണ് ‘ജാം’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്‌റ്റേഴ്‌സ്.

Published

on

ബിരുദത്തിന് ശേഷം മികവാര്‍ന്ന സ്ഥാപനങ്ങളില്‍ തുടര്‍പഠനാവസരമൊരുക്കുന്ന ശ്രദ്ധേയമായ എന്‍ട്രന്‍സ് പരീക്ഷയാണ് ‘ജാം’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്‌റ്റേഴ്‌സ്. ബയോടെക്‌നോളജി, കെമിസ്ട്രി, എക്കൊണോമിക്‌സ്, ജിയോളജി, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് എന്നിങ്ങനെ 7 വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. 2023 ഫെബ്രുവരി 12 ന് നടക്കുന്ന പരീക്ഷക്ക് ഒക്ടോബര്‍ 11 നകം https://jam.iitg.ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.

21 ഐഐടികളിലായുള്ള 3,000 ത്തിലധികം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് പുറമെ വിവിധ എന്‍.ഐ.ടികള്‍, ശിബ്പൂരിലുള്ള ഐ.ഐ. ഇ.എസ്.ടി, പഞ്ചാബിലുള്ള എസ്.എല്‍.ഐ. ഇ.ടി, പൂനയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജി, ഐ.ഐ.എസ്.സി, ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ഐസറുകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി തുടങ്ങിയ സ്ഥാപനങ്ങളിലെ കോഴ്‌സുകളിലെ പ്രവേശനത്തിനും ‘ജാം’ സ്‌കോര്‍ മാനദണ്ഡമാണ്.

വിവിധ വിഷയങ്ങളില്‍ എം.എസ്.സി, ജോയന്റ് എം.എസ്.സിപി.എച്ച്.ഡി. എം.എസ്.സിപി.എച്ച്.ഡി ഡ്യുവല്‍ ഡിഗ്രി, എം.എസ്.സി (ടെക്), എം.എസ്.സിഎം.ടെക് ഡ്യുവല്‍ ഡിഗ്രി എന്നിവയാണ് പ്രധാന പ്രോഗ്രാമുകള്‍. പാലക്കാട് ഐ.ഐ.ടിയില്‍ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് എം.എസ്.സി പ്രോഗ്രാമാണുള്ളത്.

ഓരോ വിഷയത്തിലും 60 ചോദ്യങ്ങളിലായി 100 മാര്‍ക്കാണ് പരമാവധി ലഭിക്കുക. തന്നിട്ടുള്ള ഓപ്ഷനുകളില്‍ നിന്ന് ശരിയുത്തരം തിരഞ്ഞെടുക്കേണ്ട മള്‍ട്ടിപ്പിള്‍ ചോയ്‌സ്, ഒരു ചോദ്യത്തിന് ഒന്നോ അതിലധികമോ ശരിയുത്തരങ്ങള്‍ ഉണ്ടാവുന്ന മള്‍ട്ടിപ്പിള്‍ സെലക്ട്, സംഖ്യകള്‍ ഉത്തരമായി വരുന്ന ന്യൂമെറിക്കല്‍ ആന്‍സര്‍ ടൈപ്പ് എന്നീ വിഭാഗങ്ങളിലുള്ള ചോദ്യങ്ങള്‍ ഉണ്ടാവും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് വിഭാഗത്തില്‍ തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും.

കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ് എന്നിവയില്‍ ഒരു വിഷയവും ബയോടെക്‌നോളജി, എക്കണോമിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് എന്നിവയില്‍ ഒരു വിഷയവുമടക്കം പരമാവധി രണ്ട് വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ഒരു വിഷയം മാത്രം തിരഞ്ഞെടുത്താല്‍ 1800 രൂപയും രണ്ട് വിഷയങ്ങള്‍ തിരഞ്ഞെടുത്താല്‍ 2500 രൂപയുമാണ് അപേക്ഷാ ഫീസ്. പെണ്‍കുട്ടികള്‍, പട്ടിക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇത് യഥാക്രമം 900 രൂപ, 1250 രൂപ എന്നിങ്ങനെയാണ്.

തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന പ്രോഗ്രാമിന് ബാധകമായ അര്‍ഹത, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പ് വരുത്തണം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഓരോ വിഷയത്തിന്റെയും സിലബസ് പ്രോസ്‌പെക്ടസിലുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂര്‍, മംഗളുരു, മൈസൂരു, ചെന്നൈ, കോയമ്പത്തൂര്‍, ബംഗളുരു എന്നിവിടങ്ങളിലടക്കം നിരവധി പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

നിയമം പഠിക്കാന്‍ ആള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ്

ഡല്‍ഹിയിലുള്ള ദേശീയ നിയമ സര്‍വകലാശാലയിലെ പഞ്ചവര്‍ഷ നിയമബിരുദ പ്രോഗ്രാമായ ബി.എ.എല്‍.എല്‍.ബി (ഓണേഴ്‌സ്) കോഴ്‌സിന്റെ പ്രവേശനത്തിനുള്ള മാനദണ്ഡമായ ആള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റിനു (‘ഐലറ്റ്’2023). 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്ക് (പട്ടിക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 40 ശതമാനം) നവംബര്‍ 15 വരെ അപേക്ഷിക്കാം. 2023 ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

2022 ഡിസംബര്‍ 11 ന് നടക്കുന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം & ആനുകാലികം, ലോജിക്കല്‍ റീസണിങ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. പൊതുവിഭാഗത്തില്‍ 3,500 രൂപയാണ് പരീക്ഷാ ഫീസ്. തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ചെന്നൈ, മംഗളൂരു, എന്നിവയടക്കം നിരവധി പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 110 സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷയനുസരിച്ച് അഡ്മിഷന്‍ നടത്തുന്നത്. അപേക്ഷിക്കാനും മറ്റു വിശദ വിവരങ്ങള്‍ക്കും https://nationallaw universtiydelhi.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.നിയമബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ‘ഐലറ്റ്’ പരീക്ഷ വഴി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള എല്‍.എല്‍.എം കോഴ്‌സിനും ഇപ്പോള്‍ അപേക്ഷിക്കാം.

Continue Reading

Career

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Published

on

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് www.admission.dge.kerala.gov.in se Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചു.

First Suppl.Allotment Results എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും കഴിയും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 14 വൈകുന്നേരം 4 മണി വരെ സ്‌കൂളില്‍ പ്രവേശനം നേടാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവര്‍ക്ക് താല്‍ക്കാലിക പ്രവേശനം അനുവദനീയമല്ല. അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥി സെപ്റ്റംബര്‍ 14 വൈകുന്നേരം 4 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ സ്ഥിര പ്രവേശനം നേടാതിരുന്നാല്‍ അഡ്മിഷന്‍ നടപടികളില്‍ നിന്നും പുറത്താകുന്നതാണ്.

Continue Reading

Trending