കേരളത്തിലെ പുതിയ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി പ്രമുഖ വിദ്യാഭ്യാസ വിചക്ഷകന്‍ ഡോ. മുബാറക്പാഷയെ നിയമിച്ചതിനെതിരെ ശ്രീനാരായണ ധര്‍മ പരിപാലന സംഘം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂക്ഷമായ വാക്കുകളുമായി രംഗത്തുവന്നിരിക്കുകയാണ്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ മുസ്്‌ലിമിനെ വി.സിയായി നിയമിച്ചതാണത്രേ വെള്ളാപ്പള്ളിയുടെ വിമര്‍ശനഹേതു. ശ്രീനാരായണ ആദര്‍ശങ്ങളെക്കുറിച്ച് സാമാന്യമായ ജ്ഞാനമുള്ളവരെല്ലാം തന്നെ ഇതുകേട്ട് മൂക്കത്തുവിരല്‍വെച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

‘ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘ജാതി ചോദിക്കരുത്, പറയരുത്’ എന്നും മനുഷ്യരായ സര്‍വരോടും കല്‍പിക്കുകയും ഉപദേശിക്കുകയുംചെയ്ത കേരളത്തിന്റെയും മലയാളിയുടെയും അഭിമാനപുരുഷനായ നാരായണഗുരുവിന്റെ പേരുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ സാരഥി ഇത്തരമൊരു ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ. മുമ്പും ഗുരുദേവന്റെ അടിസ്ഥാന ആശയങ്ങളായ പലതിനെയും തന്റേതായ വ്യാഖ്യാനത്തിലൂടെ വക്രീകരിക്കുകയും സ്വാര്‍ത്ഥരാഷ്ട്രീയ സാമ്പത്തിക മോഹങ്ങള്‍ക്കുവേണ്ടി ദുരുപയോഗിക്കുകയും ചെയ്തിട്ടുള്ളയാളെന്ന നിലക്ക് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വാക്കുകള്‍ തികഞ്ഞ അവജ്ഞയോടെയല്ലാതെ കടുത്ത വര്‍ഗീയത തലക്കുപിടിക്കാത്തയാരും കരുതുകയില്ല. ‘വെളിച്ചമുണ്ടാകട്ടെ, അറിവുവരട്ടെ’ എന്ന് ഉദ്‌ഘോഷിച്ച ഒരു മഹാമനീഷിയുടെ പാദുകങ്ങളില്‍വീണ് ക്ഷമ ചോദിച്ചാലല്ലാതെ ഈ കൊടിയ ഗുരുനിന്ദിക്ക് പ്രായശ്ചിത്തവുമാകില്ല.

തിരൂരില്‍ മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെയും കോട്ടയത്ത് രാഷ്ട്രപിതാവിന്റെയും പേരുകളില്‍ കേരളത്തിലിന്ന് സര്‍വകലാശാലകളുണ്ട്. സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാല രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ നാമധേയത്തിലാണ്. സാധാരണയായി ഒരുമഹാന്റെ നാമത്തില്‍ വിദ്യാഭ്യാസസ്ഥാപനമോ മറ്റോ സ്ഥാപിക്കുന്നത് പ്രസ്തുത വ്യക്തിയുടെ മഹത്വം വരുംതലമുറയിലേക്കുകൂടി സന്നിവേശിപ്പിക്കുന്നതിനുവേണ്ടിയാണ്. അതായിരിക്കണം ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ ഒരുസര്‍വകലാശാല തുടങ്ങാന്‍ സാഹചര്യമൊരുങ്ങിയത്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ള സര്‍വകലാശാലയായിട്ടല്ല സംസ്ഥാന സര്‍ക്കാര്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്.

കേരളത്തിലെ സര്‍വകലാശാലകളിലെ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവേശനം ലഭിക്കാതെവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദൂരവിദ്യാഭ്യാസത്തിനായി മെച്ചപ്പെട്ട സൗകര്യമൊരുക്കുക എന്നതാണ് സര്‍ക്കാര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ശ്രീനാരായണഗുരുവിന്റെ നാമം ആലേഖനംചെയ്തതുകൊണ്ട് കേരള ഓപ്പണ്‍ സര്‍വകലാശാലയുടെ ഉന്നതസ്ഥാനീയനായ വ്യക്തി നാരായണഗുരുവിന്റെ സമുദായത്തില്‍ പിറന്നയാളാകണമെന്ന് വാദിക്കുന്നത് ബാലിശമാണെന്നേ പറയേണ്ടതുള്ളൂ.

സവര്‍ണ ചൂഷണങ്ങള്‍ക്കെതിരെ പടനയിക്കുമ്പോള്‍തന്നെ ഈഴവാദി പിന്നാക്ക സമുദായങ്ങളുടെ മുഴുവന്‍ മുന്നേറ്റത്തിനായി അഹോരാത്രം ശബ്ദിക്കുകയും പോരാടുകയുംചെയ്ത സാര്‍വലൗകികതയുടെ വക്താവാണ് നാരായണഗുരുജി. പിന്നാക്കക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ ഈഴവ ശിവനെ പ്രതിഷ്ഠിക്കുമെന്ന് പറഞ്ഞ ഗുരു, പിന്നീട് ‘കണ്ണാടിപ്രതിഷ്ഠ’ നടത്തിയ ചരിത്രം ഒളിമങ്ങാതെ ഇന്നും കിടപ്പുണ്ട്. ഇവിടെയാണ് ശ്രീനാരായണന്റെ പേരില്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പിയുടെ തലപ്പത്തിരുന്നുകൊണ്ടൊരു വ്യക്തി വൃഥാവാചാടോപം നടത്തുന്നത്. ഇത് ബി.ജെ.പിയാദി സംഘ്പരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്്‌ലിം പ്രൊഫസര്‍ പഠിപ്പിക്കരുതെന്ന് വാദിച്ചവരുടെ വിഷഭാഷയാണിതിലും.

ഇനി മുസ്്‌ലിം വി.സിയായതാണ് പ്രശ്‌നമെങ്കില്‍ അതിനുമാത്രം എന്തടിസ്ഥാനമാണ് ഈ ആരോപണത്തിനുപിന്നിലുള്ളത്. കേരളത്തില്‍ നിലവില്‍ ഒരൊറ്റ മുസ്്‌ലിമും വി.സിയായിരിക്കുന്നില്ലെന്ന് മാത്രമല്ല, ആ സമുദായത്തില്‍നിന്നുള്ളത് ആകെ ഒരൊറ്റ പ്രോ-വൈസ്ചാന്‍സലറാണ്. രജിസ്ട്രാര്‍ തസ്തികയും തഥൈവ. കാലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രമാണ് വിരലിലെണ്ണാവുന്ന മുസ്്‌ലിം സമുദായാംഗങ്ങള്‍ വി.സിമാരായിരുന്നിട്ടുള്ളത്. ഇതര സമുദായക്കാര്‍ അവിടെ വി.സിമാരായതിനെ ആരും എതിര്‍ത്തിട്ടുമില്ല. ഇതൊരു വി.സിയുടെ മാത്രംപ്രശ്‌നമല്ല, പണ്ടുമുതല്‍ ചിലര്‍ കൊണ്ടുനടക്കുന്ന മുരത്ത വര്‍ഗീയതയുടെയും ഇസ്‌ലാം വിരുദ്ധതയുടെയും പ്രശ്‌നമാണ്.

സംസ്ഥാനത്ത് ഈഴവര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സമുദായമായിട്ടും കേരളത്തിലെ സര്‍ക്കാര്‍ ഉന്നത തസ്തികകളില്‍ മുസ്്‌ലിം പ്രാതിനിധ്യം അതിനൊത്തുയരുന്നില്ലെന്ന് മാത്രമല്ല, കേരളപ്പിറവിക്ക് ഏഴു പതിറ്റാണ്ടാകുമ്പോഴും നാമമാത്രമാണ്. ഐ.എ.എസ്, ഐ.പി.എസ് തസ്തികകള്‍ മുതല്‍ താഴോട്ട് ഇത് പരക്കെ പ്രകടമാണ്. എന്നിട്ടും ബി.ജെ.പിയുടെ കുഴലൂത്തുകാരനെപോലെ തോന്നുമ്പോഴെല്ലാം തികട്ടിവരുന്ന ന്യൂനപക്ഷ വിരുദ്ധതയുമായി വെള്ളാപ്പള്ളിയെപോലൊരാള്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നതിനെ അദ്ദേഹത്തിന്റെ ഉള്ളിലുറഞ്ഞുകൂടിക്കിടക്കുന്ന ശുദ്ധ വര്‍ഗീയതയുടെ ലക്ഷണമായേ കാണാനാകൂ. അതിനെ ലോകം കൗതുകത്തോടെ പഠിക്കുകയും പിന്തുടരുകയുംചെയ്യുന്ന ഒരു മഹാപുരുഷനുമായി കൂട്ടിക്കെട്ടുന്നത് ശ്രീനാരായണരോടും ഈഴവ സമുദായത്തോടും നവോത്ഥാന കേരളത്തോടും ചെയ്യുന്ന അനിതീയാണ്.

കോഴിക്കോട് രണ്ട് തൊഴിലാളികള്‍ അഴുക്കുചാലിനകത്ത് കുടുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍ ത്യജിക്കേണ്ടിവന്ന നൗഷാദിനെപോലും ആ മനുഷ്യസ്‌നേഹിയുടെ മതം നോക്കി വിമര്‍ശിച്ചയാളെക്കുറിച്ച് ഇതില്‍ കൂടുതലെന്തുപറയാനാണ്? അതിനെതിരെ ഒരു താക്കീതുപോലും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് ആലോചിക്കുമ്പോഴാണ് വെള്ളാപ്പള്ളി മുന്നോട്ടുവെക്കുന്ന വ്യാജ ബോധ നിര്‍മിതിയുടെ പിന്നിലുള്ളവരുടെ പൊയ്മുഖം അനാവൃതമാകുന്നത്. എന്‍.എസ്.എസുമായും ബി.ജെ.പിയുമായും സഖ്യമുണ്ടാക്കുകയും മറ്റൊരവസരത്തില്‍ അവയില്‍നിന്ന് ഊരിപ്പോരുകയും ചെയ്യുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് നേതാവിന്റെ പിതാവിന് ബി.ജെ.പി പ്രേമവും പിണറായി ഭക്തിയും മുസ്്‌ലിം വിരുദ്ധതയും ഒരേസമയം ഉണ്ടാകുന്നതില്‍ തെറ്റുകാണാനാവില്ല. ഒരേ തൂവല്‍പക്ഷികള്‍ ഒരുമിച്ചുപറക്കുമെന്നാണല്ലോ. കൂപമണ്ഡൂകത്തോട് സാദൃശ്യമുള്ള അതിസങ്കുചിതകാവിക്കാഷായം ഊരിവെച്ചാകട്ടെ ഏറ്റംകുറഞ്ഞത് അദ്വൈതാചാര്യന്‍
പിറന്നുവീണ കേരളത്തിലെങ്കിലും ജനാധിപത്യ സമൂഹത്തോട് ശ്രീനാരായണ ഭക്തന്‍ സംസാരിക്കേണ്ടത്.