ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരക്കാരായ ചെല്‍സിക്ക് സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി. ലീഗ് ടേബിളിന്റെ താഴ്ഭാഗത്തുള്ള ക്രിസ്റ്റല്‍ പാലസാണ് സ്റ്റാംഫഡ് ബ്രിഡ്ജില്‍ നീലപ്പടക്ക് ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോല്‍വി സമ്മാനിച്ചത്. ബേണ്‍ലിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ടോട്ടനം ഹോട്‌സ്പര്‍ ചെല്‍സിയുമായുള്ള അകലം ഏഴ് പോയിന്റാക്കി കുറച്ചു. ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി തുടരെ നാലാമത്തെ മത്സരവും ജയിച്ചപ്പോള്‍ എവര്‍ട്ടനെ 3-1ന് തകര്‍ത്ത് ലിവര്‍പൂള്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോമിനെതിരെ ഗോള്‍രഹിത സമനില വഴങ്ങി.
അഞ്ചാം മിനുട്ടില്‍ എയ്ഡന്‍ ഹസാര്‍ഡിന്റെ ലോ ക്രോസില്‍ നിന്ന് സെസ്‌ക് ഫാബ്രിഗസിലൂടെ മുന്നിലെത്തിയ ചെല്‍സിക്ക് നാലു മിനുട്ടിനുള്ളില്‍ തന്നെ സന്ദര്‍ശകര്‍ തിരിച്ചടി നല്‍കി. ക്രിസ്റ്റ്യന്‍ ബെന്റകെ ഒരുക്കിയ അവസരം ചെല്‍സി കീപ്പര്‍ തിബോട്ട് കോര്‍ട്വയെ നിസ്സഹായനാക്കി വില്‍ഫ്രഡ് സാഹ വലയിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ 11-ാം മിനുട്ടില്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോളെത്തി. പ്രത്യാക്രമണത്തിലൂടെ സാഹ നല്‍കിയ അവസരം ബെന്റകെ ഗോളിക്കു മുകളിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഡിഫന്റര്‍ ഡേവിഡ് ലൂയിസിന്റെ പിഴവാണ് നീലപ്പടക്ക് തിരിച്ചടിയായത്. സമനിലക്കായി പൊരുതിയ ചെല്‍സി നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പാലസ് കീപ്പര്‍ വെയ്‌നെ ഹെന്നസിയുടെ മാരക ഫോം ആതിഥേയരെ അകറ്റിനിര്‍ത്തി. 11 മിനുട്ട് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും പരിക്ക് ഭേദമാക്കാന്‍ ചെല്‍സിയെ പാലസ് അനുവദിച്ചില്ല. പുറത്താകല്‍ ഭീഷണി നേരിട്ടിരുന്ന പാലസിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇതോടെ റെലഗേഷന്‍ സോണില്‍ നിന്നുള്ള അകലം നാല് പോയിന്റാക്കി വര്‍ധിപ്പിക്കാന്‍ അവര്‍ക്കായി
കരുത്തരുടെ പോരാട്ടത്തില്‍ സദിയോ മാനെ, ഫിലിപ്പ് കൗട്ടിന്യോ, ഡിവോക് ഓറിഗി എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ എവര്‍ട്ടനെ തോല്‍പ്പിച്ചത്. എട്ടാം മിനുട്ടില്‍ മാനെയുടെ ഗോളില്‍ മുന്നിലെത്തിയ ആതിഥേയരെ 28-ാം മിനുട്ടില്‍ പെനിങ്ടണ്‍ ഒപ്പം പിടിച്ചിരുന്നു. എന്നാല്‍ 31-ാം മിനുട്ടില്‍ ലൂകാസ് സില്‍വയുടെ അസിസ്റ്റില്‍ കൗട്ടിന്യോ ടീമിനെ മുന്നിലെത്തിച്ചു. 60-ാം മിനുട്ടില്‍ കുട്ടിന്യോ നല്‍കിയ അവസരം ഗോളാക്കി ഓറിഗി മത്സരം ആതിഥേയരുടേതാക്കി.
പുതിയ കോച്ച് ക്രെയ്ഗ് ഷേക്ക്‌സ്പിയറുടെ കീഴില്‍ മിന്നും ഫോം കാഴ്ചവെക്കുന്ന ലെസ്റ്റര്‍ സിറ്റി ഇരുപകുതികളിലായി ഒന്യിന്യെ എന്‍ദിദി, ജാമി വാര്‍ഡി എന്നിവരുടെ ഗോളുകളിലാണ് സ്‌റ്റോക്ക് സിറ്റിയെ വീഴ്ത്തിയത്. 25, 47 മിനുട്ടുകളിലെ ഗോളുകള്‍ക്ക് ഡാനി സിംപ്‌സണ്‍ വഴിയൊരുക്കി. കഴിഞ്ഞ തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ കോച്ച് ക്ലോഡിയോ റനേരിയെ പുറത്താക്കിയ ശേഷം എല്ലാ മത്സരങ്ങളിലുമായി ലെസ്റ്റര്‍ നേടുന്ന അഞ്ചാം ജയമാണിത്. ലീഗില്‍ തുടര്‍ച്ചയായി നേടിയ നാലാം ജയത്തോടെ പുറത്താക്കല്‍ ഭീഷണിയില്‍ നിന്ന് അവര്‍ സുരക്ഷിതമായ അകലത്തിലെത്തി.
ആദ്യ നാല് സ്ഥാനങ്ങളിലെത്താനുള്ള മാഞ്ചസ്റ്ററിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോമിനോട് നേരിട്ട സമനില. 66-ാം മിനുട്ടില്‍ എറിക് ഡ്രയറും 77-ാം മിനുട്ടി ഹ്യുങ് മിന്‍ സോനും നേടിയ ഗോളുകളില്‍ ടോട്ടനം ബേണ്‍ലിയെ വീഴ്ത്തി. ഹള്‍സിറ്റി വെസ്റ്റ്ഹാമിനെ 2-1 നും വാട്‌ഫോഡ് സണ്ടര്‍ലാന്റിനെ ഒരു ഗോളിനും പരാജയപ്പെടുത്തി.
29 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റോടെ ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 62 പോയിന്റുമായി ടോട്ടനം രണ്ടും 59 പോയിന്റോടെ (30 മത്സരം) ലിവര്‍പൂള്‍ മൂന്നും സ്ഥാനങ്ങളിലാണ്. 57 പോയിന്റുമായി നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ആറാമതുള്ള ആര്‍സനലുമായി ഇന്ന് കൊമ്പു കോര്‍ക്കുന്നുണ്ട്.