ദുബായ്: ഐപിഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പത്തു വിക്കറ്റിന് തകര്‍ത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണും ഡുപ്ലസിയും ചേര്‍ന്ന് കളിയവസാനം വരെ വിക്കറ്റ് പോവാതെ നടത്തിയ കൂട്ടുകെട്ടാണ് ചെന്നൈക്ക് വന്‍ വിജയമൊരുക്കിയത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഒറ്റ വിക്കറ്റും കളയാതെ 181 റണ്‍സെടുക്കുകയായിരുന്നു. സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ വിജയമാണിത്.

ചെന്നൈക്കായി ഹാഫ് ഡുപ്ലെസി 53 പന്തില്‍ 87 റണ്‍സും ഷെയ്ന്‍ വാട്‌സണ്‍ 53 പന്തില്‍ 83 റണ്‍സും നേടി. 2.2 ഓവറുകള്‍ ബാക്കി നിര്‍ത്തിയാണ് ഇരുവരും ചെന്നൈയെ വിജയ തീരത്തെത്തിച്ചത്. ഈ സീസണിലെ ഏറ്റവും തിളക്കമാര്‍ന്ന ജയത്തോടെ ചെന്നൈ അവസാന സ്ഥാനത്തു നിന്ന് ആറാമതെത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറി തിളക്കത്തിലാണ് (52 പന്തില്‍ 63) 178 റണ്‍സെടുത്തത്. ഒന്നാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളും കെഎല്‍ രാഹുലും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.