തിരുവനന്തപുരം: പുതിയ ബി.ജെ.പി ആസ്ഥാന മന്ദിരത്തിനായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തറക്കല്ലിട്ട കെട്ടിടത്തില്‍ മുഖ്യമന്ത്രിക്കായി ഓഫീസും പണിയുന്നു. കേരളത്തില്‍ ബി.ജെ.പി അധികാരത്തിലേറുമെന്ന് ഉറപ്പിച്ചാണ് മുഖ്യമന്ത്രിക്കുള്ള ഓഫീസും പണിയുന്നത്. മലയാള മനോരമയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്.

രണ്ടാഴ്ച്ച മുമ്പ് കേരളത്തിലെത്തിയ അമിത്ഷായാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലാണ് പുതിയ കെട്ടിടം ഉയരുന്നത്. കെട്ടിടത്തിന്റെ രൂപരേഖയില്‍ മുഖ്യമന്ത്രിക്കുള്ള ഓഫീസും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിക്ക് താഴെ രണ്ട് നിലകളും മുകളില്‍ അഞ്ച് നിലകളുമായി ആകെ ഏഴ് നിലകളാണ് മന്ദിരത്തിന് ഉള്ളത്. പാര്‍ട്ടി ആസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ചര്‍ച്ചകള്‍ നടത്താനുമാണ് ഓഫീസ്.

കേരളത്തിലെത്തിയ അമിത്ഷാ പാര്‍ട്ടിക്ക് കേരളത്തില്‍ വളര്‍ച്ചയെത്താത്തതിന് സംസ്ഥാന നേതാക്കളോട് കയര്‍ത്തിരുന്നു. പുതിയ സര്‍ക്കാരിന് വേണ്ടിയാണ് തറക്കല്ലിട്ടതെന്നും ഓര്‍മ്മിപ്പിച്ചാണ് ഷാ മടങ്ങിയത്.