വില്ലനായാലും സ്ത്രീയെ അപമാനിക്കുന്ന വേഷം ചെയ്യില്ലെന്ന് ബാബു ആന്റണി. അക്കാര്യത്തില്‍ താന്‍ അതീവ ശ്രദ്ധാലുവാണ്. വില്ലന്മാരാണെങ്കിലും അവര്‍ക്കും ഒരു സ്വഭാവവിശേഷം ഉണ്ടാകണമെന്നാണ് താന്‍ കരുതുന്നതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാബൂ ആന്റണി പറഞ്ഞു.

വില്ലനായും നായകനായും മലയാളത്തിന് മികച്ച ആക്ഷന്‍ രംഗങ്ങള്‍ സമ്മാനിച്ച താരമാണ് ബാബൂ ആന്റണി. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി മലയാളത്തില്‍ ആക്ഷന്‍ സിനിമ ചെയ്തിട്ടില്ല. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തക്കര തങ്ങല്‍ എന്ന കളരി അഭ്യാസിയെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്.

കൂടാതെ ആക്ഷന്‍ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു ഹോളിവുഡ് ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ബാബു ആന്റണി യു.എസിലും ബഹ്‌റൈനിലും ദുബായിലും മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി നടത്തുന്നുണ്ട്.