കള്ളക്കടത്ത് നടത്തുന്നതിനിടെ സിനിമാ താരം മമ്മുട്ടി പിടിക്കപ്പെട്ടു എന്ന രീതിയില്‍ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജം. ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന സോഷ്യല്‍മീഡിയ വ്യാജപ്രചരണമാണ് മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫ് പൊളിച്ചടുക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി സിംഗപ്പൂരിലുളള മമ്മൂട്ടി എങ്ങനെയാണ് ഇന്നലെ വൈകീട്ട് കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തുന്നതെന്നാണ് മനാഫിന്റെ ചോദ്യം.

‘കഴിഞ്ഞ ഒരാഴ്ച്ചയായി മമ്മുക്ക സിംഗപ്പൂരിലാണ്. ഇന്ന് വൈകീട്ടത്തെ ഫ്ലൈറ്റില്‍ അവിടെ നിന്ന് കയറുന്നേയുള്ളൂ… .പിന്നെ എങ്ങനെയാ ദാസപ്പാ ഇന്നലെ വൈകീട്ട് മമ്മുക്ക കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തുന്നേ.. ഫേക്ക് വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോ ടൈമിംഗ് കൂടി ഒന്ന് ശ്രദ്ധിക്കണമെന്ന് ചെറിയ ഒരു അപേക്ഷ.‘ മമ്മുട്ടിയോടൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് കൊണ്ട് മനാഫ് ഫേസ്ബുക്കല്‍ കുറിച്ചു.

രാവിലെ മുതലാണ് വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുതുടങ്ങിയത്. ഫേസ്ബുക്കിലെ പലഗ്രൂപ്പുകളിലും വാര്‍ത്ത പ്രചരിച്ചിരുന്നു. സത്യാവസ്ഥ അറിയാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മനാഫ് രംഗത്തെത്തിയത്.