ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ചതിന് മലയാളി ഐ.പി.എസ് ട്രെയിനി ഉദ്യോഗസ്ഥന്‍ പിടിയില്‍.

തിരുനെല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസ്റ്റിസ്റ്റ് പൊലീസ് സൂപ്രണ്ടായി പ്രൊബഷനില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഷബീര്‍ കരീമിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതുന്നതിനിടെ കൃത്രിമം കാട്ടിയതിനാണ് ഷബീര്‍ പിടിയിലായത്. ബ്ലൂടൂത്ത് ഉപയോഗിച്ചായിരുന്നു കൃത്രിമം നടത്തിയത്.

പരീക്ഷ എഴുതുന്ന ഷബീറിന് ഹൈദരാബാദില്‍ നിന്ന് ഭാര്യ മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞു നല്‍കിയെന്നാണ് ആരോപണം. ഐ.എ.എസ് നേടണമെന്ന ആഗ്രഹത്തിലാണ് സിവില്‍ സര്‍വീസ് പരീക്ഷ വീണ്ടുമൊഴുതിയത്. സംഭവത്തില്‍ ഷബീറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നതിന് ചെന്നൈ പൊലീസ് ഹൈദരാബാദ് പൊലീസിന്റെ സഹായം തേടി.