ഹൂസ്റ്റണ്‍: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ച ആദ്യ മലയാളി താരവുമായ ഡോ. സികെ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം യുഎസിലെ ഹൂസ്റ്റണില്‍ വെച്ച് ശനിയാഴ്ചയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായ അദ്ദേഹം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം യുഎസില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

സിലോണിനെതിരെയായിരുന്നു (ഇന്നത്തെ ശ്രീലങ്ക) ഇന്ത്യക്കായി ഭാസ്‌കരന്‍ നായര്‍ കളിച്ച മത്സരം. ഈയൊരു മത്സരം മാത്രമാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത് സിലോണിന് അന്ന് ടെസ്റ്റ് പദവി ഇല്ലാതിരുന്നതിനാല്‍ മത്സരം അനൗദ്യോഗികമായി. മത്സരത്തില്‍ 18 ഓവറുകള്‍ എറിഞ്ഞ ഭാസ്‌കരന്‍ നായര്‍ 51 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തി.

1941 മെയ് അഞ്ചിന് തലശ്ശേരില്‍ ജനിച്ചു. അദ്ദേഹം 1957 മുതല്‍ 1969 വരെ കേരള രഞ്ജി ട്രോഫിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കേരളത്തിനായി 21 മത്സരങ്ങളില്‍ അദ്ദേഹം കളിച്ചു. 37 ഇന്നിംഗ്‌സുകളില്‍ നിന്ന് 69 വിക്കറ്റുകളും 345 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.