അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാറും ഗവര്‍ണര്‍ തഥാഗത റോയിയും തമ്മിലുള്ള അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിപ്പിച്ച സംഭവമാണ് ഇരുവരും തമ്മിലുള്ള തുറന്ന പോരിന് വഴിയൊരുക്കിയത്.
ബിശാല്‍ഗട്ടിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത്. ഇതേ വിഷം ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ആഴ്ച ഗവര്‍ണര്‍ മാണിക് സര്‍ക്കാറിനെ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെ മറ്റൊരു യോഗം കൂടി വിളിപ്പിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വീണ്ടും യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായ താന്‍ ഗവര്‍ണറോട് സംസാരിച്ചു കഴിഞ്ഞ വിഷയമാണ്. ഇനി ചീഫ് സെക്രട്ടറിയുമായും പൊലീസ് മേധാവിയുമായും അദ്ദേഹം ചര്‍ച്ച നടത്തേണ്ട ആവശ്യകതയില്ലെന്നും മാണിക് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഗവര്‍ണറും രംഗത്തുവന്നു. ഒന്നു മറക്കാനില്ലെങ്കില്‍ മാണിക് സര്‍ക്കാര്‍ എന്തിനാണ് ഡിജിപിയെയും ചീഫ്‌സെക്രട്ടറിയെയും വിലക്കുന്നതെന്നും ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമായി പെരുമാറുന്നത് എന്തിനാണെന്നും ഗവര്‍ണര്‍ ചോദിച്ചു.