അഗര്‍ത്തല: ത്രിപുരയില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് മധുവിധു മാറും മുമ്പേ കലഹം തുടങ്ങുന്നു. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ഇന്റീജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാന ആവശ്യമുന്നയിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

2009 മുതല്‍ ഇക്കാര്യമാവശ്യപ്പെട്ട് ഐ.പി.എഫ്.ടി പ്രക്ഷോഭം നടത്തുന്നുണ്ട്. ത്രിപുരയിലെ ആദിവാസികളുടെ സാമൂഹിക, സാംസ്‌കാരിക, ഭാഷാപരമായ കാര്യങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ പ്രത്യേക മന്ത്രിതല സമിതിയെ നിയമിക്കുമെന്ന് അറിയിച്ചിരുന്നു. നിലവിലെ സ്വയംഭരണ പ്രദേശങ്ങളായ ത്രിപുര ട്രൈബല്‍ ഡിസ്ട്രിക് കൗണ്‍സിലിന്റെ നിലവിലെ അവകാശങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് തങ്ങള്‍ ആവശ്യമുന്നയിച്ചിട്ടുണ്ടെന്ന് ഐ.പി.എഫ്.ടി വൈസ് പ്രസിഡന്റ് ആനന്ദ ദെബ്ബര്‍മ പറഞ്ഞു.

മൂന്നു മാസത്തിനകം മന്ത്രിതല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കമ്മിറ്റിക്ക് ഇതുവരെ രൂപം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത മൂന്ന് മാസത്തിനകം കമ്മിറ്റി രൂപീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐ.പി.എഫ്.ടി -ബി.ജെ.പി സഖ്യമാണ് ത്രിപുരയില്‍ ഭരണം നടത്തുന്നത്. അറുപത് അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 36ഉം ഐ.പി.എഫ്.ടിക്ക് എട്ടും സീറ്റുകളാണ് നിലവിലുള്ളത്.