അങ്കമാലി: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച കേസില്‍ കോടുശേരി പൊന്നാടത്ത് വീട്ടില്‍ സിഫ്‌സിയെ അങ്കമാലി പൊലിസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാവിലെ 11ന് അങ്കമാലി ടിബി ജംക്ഷനിലായിരുന്നു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു. അസഭ്യം പറഞ്ഞ് യാത്രക്കാരിയുടെ വസ്ത്രങ്ങളും വലിച്ചുകീറി. ഇവരെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി ബഹളം വച്ചു. പിന്നീട് വനിത പൊലീസ് അടക്കം ഇടപെട്ടാണ് ഇവരെ ശാന്തയാക്കിയത്.

സംഭവ സ്ഥലത്ത് നിന്ന് ഇവര്‍ നാട്ടുകാരോടും പൊലീസിനോടും തര്‍ക്കിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. വാഹനത്തിന് സൈഡ് നല്‍കാത്തത് തന്നെയാണോ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.