ലക്‌നൗ: യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോസ്റ്റലില്‍വച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ എട്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയാണു സംഭവം. പ്രതികള്‍ക്കെതിരെ എന്‍എസ്എ പ്രകാരമുള്ള കുറ്റങ്ങളും ചുമത്താന്‍ ആവശ്യപ്പെടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് ഝാന്‍സി സീനിയര്‍ എസ്പി ദിനേഷ് കുമാര്‍ പി. പറഞ്ഞു. ഈ സമയത്ത് മറ്റുള്ളവര്‍ ഹോസ്റ്റലിന് പുറത്തു നില്‍ക്കുകയായിരുന്നു. കോളേജില്‍ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു സംഭവം. അധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടിയുടെ തിരക്കിലായിരുന്നെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പീഡനം നടന്ന ഹോസ്റ്റല്‍ കോളേജില്‍നിന്ന് കുറച്ച് അകലെയായതിനാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍പെട്ടില്ലെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്ത യുവാക്കള്‍ക്കെതിരെ ഐപിസി, പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അടച്ചിരുന്ന കോളേജ് പോളിടെക്‌നിക്കിന്റെ ഹോസ്റ്റലിലേക്കു യുവാക്കള്‍ എങ്ങനെയെത്തി എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. കേസിലെ പ്രതികളെല്ലാം ഇതേ കോളേജിലെ തന്നെ വിദ്യാര്‍ത്ഥികളാണ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി യുവാക്കള്‍ 3,000 രൂപയും തട്ടിയെടുത്തു.കോളജിന് സമീപം ഒരു സുഹൃത്തിനെ കാണാന്‍ പോയ പെണ്‍കുട്ടിയെ പ്രതികള്‍ ബലം പ്രയോഗിച്ച് കോളേജ് ഹോസ്റ്റലിലേക്കു കൊണ്ടുപോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനെയും സംഘം ആക്രമിച്ചു.