കൊച്ചി: മുന്നോക്ക സമുദായങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ വിരുദ്ധ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംവരണ സമുദായങ്ങളുടെ യോജിച്ച പ്രക്ഷോഭ പരിപാടികള്‍ക്കും നിയമ നടപടികള്‍ക്കും രൂപം നല്‍കുവാന്‍ എറണാകുളത്ത് ചേര്‍ന്ന 27 പിന്നോക്ക വിഭാഗ സംഘടനകളുടെ ആലോചനയോഗം തീരുമാനിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുട്ടി അഹമ്മദ് കുട്ടി, അഡ്വ. സി.കെ വിദ്യാസാഗര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ്, കുട്ടപ്പ ചെട്ടിയാര്‍, പി. രാമഭദ്രന്‍, പി.പി രാജന്‍, അഡ്വ. എന്‍.ഡി പ്രേമചന്ദ്രന്‍, പ്രൊഫ. ടി.ബി വിജയകുമാര്‍ തുടങ്ങിയവര്‍ കൂട്ടായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും പിന്തുണയും പ്രഖ്യാപിച്ചു.
മുസ്‌ലിം ലീഗ്, എസ്.എന്‍.ഡി.പി യോഗം, കെ.ആര്‍.എല്‍.സി.സി, മെക്ക, ജമാഅത്തെ ഇസ്‌ലാമി, കേരള മുസ്‌ലിം ജമാഅത്തു കൗണ്‍സില്‍, ശ്രീനാരായണ സേവാസംഘം, വിവിധ ദലിത് സംഘടനകള്‍, ജമാഅത്ത് കൗണ്‍സില്‍, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, ജമാഅത്ത് ഫെഡറേഷന്‍, സംവരണ സമുദായ മുന്നണി, എം.ഇ.എസ്, എം.എസ്.എസ്, ജനതാദള്‍ (നാഷണലിസ്റ്റ്), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, പോപ്പുലര്‍ ഫ്രണ്ട്, എസ്.എന്‍ ട്രസ്റ്റ്, സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍, എഴുത്തച്ഛന്‍ സമാജം, േഫാറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ഇമാം കൗണ്‍സില്‍, എസ്.എന്‍ യൂത്ത് മൂവ്‌മെന്റ്, ഫ്രെറ്റേണിറ്റി മൂവ്‌മെന്റ്, എസ്.ഐ.ഒ ഇസ്‌ലാമിക് വെല്‍ഫെയര്‍ ഫോറം, ഇസ്‌റ, എച്ച്.സി.ഐ, ദലിത് പിന്നോക്ക ആക്റ്റിവിസ്റ്റുകളടക്കം പങ്കെടുത്ത സംവരണ സമുദായ നേതൃയോഗം അമ്പത്തിയൊന്നംഗവര്‍ക്കിങ്ങ് ഗ്രൂപ്പിന് രൂപംനല്‍കി. സമാന ചിന്താഗതിക്കാരായ മുഴുവന്‍ പ്രസ്ഥാനങ്ങളെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ പ്രത്യക്ഷ സമര പരിപാടികള്‍ക്കും യോജിച്ച മുന്നേറ്റത്തിനും വര്‍ക്കിങ്ങ് ഗ്രൂപ്പ് മുന്‍കൈ എടുക്കും.