Connect with us

Video Stories

തെരഞ്ഞെടുപ്പിന് നിലമൊരുക്കുന്ന ബി.ജെ.പി

Published

on

സലീം പടനിലം

രാജ്യത്തെ പിന്നാക്ക, ദലിത്, മത ന്യൂനപക്ഷങ്ങള്‍ സങ്കീര്‍ണങ്ങളായ ഒട്ടേറെ പ്രശ്‌നങ്ങളാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച് മുസ്‌ലിംകള്‍. ജനസംഖ്യയില്‍ രണ്ടാമതും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രബലവുമാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍. ദേശീയ പ്രസ്ഥാനത്തിന് ഈ വിഭാഗം കനപ്പെട്ട സംഭാവനയേകിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂതകാലത്തിലേക്കിറങ്ങിചെല്ലുമ്പോള്‍ നൂറ്റാണ്ടുകളോളം ഭരണ ചെങ്കോലേന്തിയവരെന്ന ഖ്യാതിയുമുണ്ട് അവകാശപ്പെടാന്‍. മഹത്തായ ഒരു സാംസ്‌കാരിക പൈതൃകവും കെട്ടുറപ്പുള്ള ഭരണ വ്യവസ്ഥയും മെച്ചപ്പെട്ട ജീവിത രീതിയും ഇതര മതസ്ഥര്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വവും ഇക്കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എന്നാല്‍ വര്‍ത്തമാന ഇന്ത്യ തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന മനോഭാവമാണ് ചിലര്‍ വെച്ചുപുലര്‍ത്തുന്നത്. ഇന്ത്യ ആരുടെയും കുത്തകയല്ല; രാജ്യത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയ പൗരന്റേതുമാണ്. അവിടെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ സിഖ് എന്നോ പാഴ്‌സിയെന്നോ ബുദ്ധനെന്നോ ജൈനനെന്നോ മതമുള്ളവനെന്നോ ഇല്ലാത്തവനെന്നോയെന്ന യാതൊരു വ്യത്യാസവുമില്ല.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെടുന്നു. അവരുടെ വിശ്വാസാചാരങ്ങളെ പോലും ചോദ്യം ചെയ്യപ്പെടുന്നിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. അതിന്റെ പ്രകടമായ തെളിവാണ് മുത്തലാഖ് ബില്ലും പൗരത്വ ഭേദഗതി ബില്ലും പുതിയ സംവരണ ബില്ലുമൊക്കെ.
കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്ത മുത്തലാഖ് ബില്‍ (മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ നിയമം) ലക്ഷ്യമിടുന്നത് മുസ്‌ലിം സ്ത്രീകളുടെ സുരക്ഷിതത്വത്തേക്കാളുപരി ഇപ്പേരില്‍ മുസ്‌ലിം യുവാക്കളെ എങ്ങിനെ തടങ്കലിലിടാമെന്നതാണെന്ന ധാരണ ശക്തമാണ്. ഒരുമിച്ച് മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നയാള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ നല്‍കുന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. മറ്റൊന്ന് മുത്തലാഖ് ചൊല്ലി തടവ് ശിക്ഷ അനുഭവിക്കുന്നയാള്‍ ഭാര്യക്ക് ജീവനാംശവും നല്‍കണമെന്നതാണ്. ഇതെങ്ങിനെ സാധ്യമാകും? തൊഴില്‍ ചെയ്തു പണമുണ്ടാക്കാന്‍ അവസരമില്ലാതെ ജയിലില്‍ കഴിയുന്നയാള്‍ എങ്ങിനെയാണ് ജീവനാംശം നല്‍കുക? മുസ്‌ലിം വനിതകള്‍ അനുഭവിക്കുന്ന വിവേചനവും പീഡനവും അവസാനിപ്പിക്കാനാണ് മുത്തലാഖ് ബില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ മറ്റു പല മതവിഭാഗങ്ങളിലും സ്ത്രീകള്‍ കൊടിയ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നിരിക്കെ, മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ എന്തിനിത്ര ആവേശം കാണിക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്. രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനവും വിവേചനവും അവസാനിപ്പിക്കാന്‍ ഗാര്‍ഹിക പീഡന വിരുദ്ധ നിയമം നിലവിലുണ്ട്. ഇത് മുസ്‌ലിംകള്‍ക്കും ബാധകമാണെന്നിരിക്കെ, പിന്നെന്തിനാണ് മുസ്‌ലിംകള്‍ക്കു മാത്രമായി പ്രത്യേകമൊരു വനിതാവിവാഹ സംരക്ഷണ നിയമമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. മുസ്‌ലിം സ്ത്രീകളോടുള്ള അനുകമ്പയല്ല, മറിച്ച് രാജ്യം മുസ്‌ലിംകള്‍ക്ക് അനുവദിച്ചതും ഭരണഘടന സംരക്ഷണം ഉറപ്പ് നല്‍കിയതുമായ ‘മുസ്‌ലിം വ്യക്തിനിയമം’ തന്നെ ഇല്ലാതാക്കി മുസ്‌ലിംകളുടെ സാംസ്‌കാരിക അസ്തിത്വത്തെ നിഷ്‌കാസനം ചെയ്യുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരെങ്കിലും സന്ദേഹിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനൊക്കുമോ? അതിന്റെ ആദ്യപടിയായി വേണം മുത്തലാഖ് വിരുദ്ധ ബില്ലിനെ കാണാന്‍. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിവില്‍ നിയമത്തിനുകീഴിലുള്ളതാണ്. അതിന് ക്രിമിനല്‍ ശിക്ഷ നല്‍കുന്നത് ശരിയായ നടപടിയല്ല. സിവില്‍ നിയമപ്രകാരം കാണേണ്ട തെറ്റ് ക്രിമിനല്‍ കുറ്റമാകുമ്പോള്‍ യഥാര്‍ഥത്തില്‍ വാദിക്കും പ്രതിക്കും നീതി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. തലാഖ് ഒന്നായാലും മൂന്നും ഒന്നിച്ചു ചൊല്ലിയാലും ഫലത്തില്‍ ഭാര്യയെ ഉപേക്ഷിക്കലാണത്. എന്നാല്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് മറ്റു സമുദായങ്ങളിലെല്ലാം സിവില്‍ കുറ്റമാണ്. എന്തുകൊണ്ട് മുസ്‌ലിം സമുദായത്തില്‍ മാത്രം അത് ക്രിമിനല്‍ കുറ്റമായി മാറുന്നു? ബില്ലിലെ ഇസ്‌ലാമിക വിരുദ്ധത ചൂണ്ടിക്കാട്ടുമ്പോള്‍, ഇത് മതവിഷയമല്ല ലിംഗ നീതിയുടെ പ്രശ്‌നമാണെന്നാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും പറയുന്നത്. സ്ത്രീമാന്യത, തുല്യനീതി, ലിംഗനീതി എന്നിങ്ങിനെയുള്ള വിഷയങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. അങ്ങിനെയെങ്കില്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും എന്തുകൊണ്ടാണ് അനുകൂല നിലപാട് സ്വീകരിക്കാതിരിക്കുന്നത്? ശബരിമല വിഷയത്തിലെ കോടതി വിധി നടപ്പാക്കാന്‍ സഹായകമായ നിയമ നിര്‍മാണത്തിന് എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാവുന്നില്ല? സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കിലും മുത്തലാഖ്, ശബരിമല വിഷയങ്ങള്‍ സമാനമല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെടുന്നത്. മുത്തലാഖ് സ്ത്രീ-പുരുഷ സമത്വത്തിന്റേതും ശബരിമലയിലെ യുവതി പ്രവേശന വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. യഥാര്‍ഥത്തില്‍ ലിംഗനീതിയല്ല; തികഞ്ഞ മുസ്‌ലിം വിരുദ്ധതയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കുന്നതെന്ന് ഈ ഇരട്ടത്താപ്പിലൂടെ ബോധ്യപ്പെടും.
ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലും മുസ്‌ലിം വിരുദ്ധത പ്രകടമാണ്. അസമിലെ പൗരത്വ രജിസ്‌ട്രേഷന്‍ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 40.07 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 3.29 കോടി ജനങ്ങളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമായ അസമില്‍ 2.89 കോടി പേര്‍ മാത്രമാണ് അവസാന കരട് പ്രകാരം പൗരന്മാരായിട്ടുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ധനവ് അനുഭവപ്പെടുന്നതായും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഇതിന് കാരണമെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൗരന്മാരെ രജിസ്റ്റര്‍ ചെയ്യുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും സംസ്ഥാനത്തെ മുസ്‌ലിംകളെ ലക്ഷ്യമാക്കിയുള്ള ഗൂഢനീക്കമാണിതെന്നാണ് കരുതപ്പെടുന്നത്. മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 40 ലക്ഷത്തിലേറെ പേരെയാണ് പൗരത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ – 2019 സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതു പ്രകാരം 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം ലഭിക്കും. അതത് രാജ്യങ്ങളില്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷങ്ങള്‍ എന്ന ന്യായീകരണത്തില്‍ ആയിരങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതിലൂടെ അനധികൃത കുടിയേറ്റത്തിന് കൈയ്യൊപ്പ് ചാര്‍ത്തുകയാണ് യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍. മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങളായ റോഹിംഗ്യകള്‍ കൊടിയ പീഡനങ്ങളെത്തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം അഭയംതേടി ഇന്ത്യയിലെത്തുമ്പോള്‍ അവരെ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ആട്ടിയോടിക്കുന്നവര്‍ക്ക് എങ്ങിനെയാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ചേക്കേറിയ ന്യൂനപക്ഷങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ കഴിയുക? മുത്തലാഖ് പോലെ പൗരത്വ ഭേദഗതി ബില്ലും ബി. ജെ.പിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്. മുസ്‌ലിംകളെ മാറ്റിനിര്‍ത്തുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നത് സ്പഷ്ടമാണ്. പൗരത്വത്തെ വര്‍ഗീയമായി വേര്‍തിരിക്കുന്നതിലൂടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മഹിത മൂല്യങ്ങളെയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ നിരാകരിക്കുന്നത്.
ഉയര്‍ന്ന ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെത്തിക്കൊണ്ടുള്ള 124ാം ഭരണഘടനാ ഭേദഗതി ബില്‍-2019 പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാര്‍ പാസാക്കിയെടുക്കുകയുണ്ടായി. ഇതും വര്‍ഗീയ പ്രീണനനയത്തിന്റെ ഭാഗമാണ്. സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനോ വേണ്ടിയുള്ള ഒന്നല്ല. മറിച്ച് അത് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള ഒരു സുരക്ഷാപദ്ധതിയാണ്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ക്ലേശം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ ആരായുകയാണ് വേണ്ടത്. പിന്നാക്കക്കാരുടെ അവസരം നഷ്ടപ്പെടുത്തികൊണ്ടുള്ള ഒരു സാമ്പത്തിക സംവരണം മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി ആവിഷ്‌കരിക്കുന്നത് നീതിയുക്തമല്ല.
എട്ടുലക്ഷം രൂപ വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള ക്രീമിലെയര്‍ വ്യവസ്ഥയിലാണ് പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഇപ്പോള്‍ സംവരണ ആനുകൂല്യം ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വരുമാനപരിധിയും എട്ടുലക്ഷം രൂപ തന്നെയാണ്. ഈ മാനദണ്ഡമനുസരിച്ച് എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളും പുതുതായി സംവരണത്തിന് അര്‍ഹത നേടുന്നു. ഇതോടെ മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും സംവരണത്തിന് ഒരേ വരുമാന പരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക സംവരണം നടപ്പാക്കുക വഴി യഥാര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ സാമുദായിക സംവരണം അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കാറായതോടെ വര്‍ഗീയ പ്രീണനവും മത വിഭജനവും നടത്തി ഹിന്ദു വോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബി.ജെ.പി സര്‍ക്കാരിന്റെ ധൃതിപ്പെട്ടുള്ള ഈ നിയമ നിര്‍മാണങ്ങള്‍. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചുള്ള ഇത്തരം നീക്കങ്ങള്‍ അവരില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കാം.

india

കെജ്രിവാള്‍ പടിയിറങ്ങുമ്പോള്‍

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മതേതര പക്ഷത്ത് വിള്ളല്‍ സൃഷ്ടിക്കുന്ന നീക്കങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായതും ഡല്‍ഹിയില്‍പോലും മതേതര സഖ്യം രൂപപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചതും അവര്‍ സ്വയം കു ഴിതോണ്ടിയതിനുള്ള ഉദാഹരണങ്ങളാണ്.

Published

on

ഒരുപതിറ്റാണ്ടുകാലത്തെ തുടര്‍ഭരണത്തിനു ശേഷം ഡല്‍ഹിയില്‍ ആം ആദ്മിപാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ്. 70 അംഗ സംസ്ഥാന നി യമസഭയില്‍ 48 സീറ്റുകളുമായി ബി.ജെ.പി ഭരണമുറപ്പിച്ചപ്പോള്‍ ആപ് 22 സീറ്റുകളിലേക്ക് ഒതുങ്ങിയിരിക്കുന്നു. പാര്‍ട്ടിയുടെ സര്‍വസ്വവുമായിരുന്ന അരവിന്ദ് കെജ്രിവാളിന്റെയും പാര്‍ട്ടിയിലെ രണ്ടാമന്‍ മനീഷ് സിസോദിയയുടെയും പരാജയങ്ങള്‍ ഇരട്ട പ്രഹരമായിമാറിയപ്പോള്‍ മുഖ്യമന്ത്രി അതിഷിയുടെ വിജയമാണ് അവര്‍ക്ക് ഏക ആശ്വാസം. 2015ല്‍ 54.3 ശതമാനം വോട്ടും 67 സീറ്റും 2020 ല്‍ 53.57 ശതമാനം വോട്ടും 62 സീറ്റും നേടിയ ‘സാധാരണക്കാരന്റെ പാര്‍ട്ടിക്ക്’ ഇത്തവണ ലഭിച്ചത് 43.57 ശതമാനം വോട്ടും 22 സീറ്റുമാണ്. കേന്ദ്രവും മിക്ക സംസ്ഥാനങ്ങളും കൈവശമുണ്ടായിട്ടും ഡല്‍ഹിയുടെ അസാനിധ്യം അഭിമാനപ്രശ്നമായി കണക്കാക്കിയിരുന്ന ബി.ജെ.പി ഇന്ദ്രപ്രസ്ഥം കൈപ്പിടിയിലൊതുക്കാന്‍ ഇത്തവണ അരയും തലയും മുറുക്കി ഗോദയിലുണ്ടയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും മുന്നണിയില്‍ നിലയുറപ്പിച്ചപ്പോള്‍ അണിയറയില്‍ ആര്‍.എസ്.എസും കഠിനപ്രയത്‌നത്തി ലായിരുന്നു. കോണ്‍ഗ്രസ് കളത്തിലുണ്ടായിരുന്നെങ്കിലും ബി.ജെ.പി തിരിച്ചുവരുമോ ആം ആദ്മി പാര്‍ട്ടി തുടരുമോ എന്നതു തന്നെയായിരുന്നു ജനാധിപത്യ ഇന്ത്യ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരത്തിലേറ്റിയ ഡല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങള്‍ തന്നെ കെജ്രിവാളിനെയും കൂട്ടരെയും നിഷ്‌കരുണം താഴെയിറക്കിയിരിക്കുകയാണ്. സാധാരണക്കാരന്റെ രാഷ്ട്രീയം പറഞ്ഞ, മധ്യവര്‍ഗത്തിന് വലിയ സ്വപ്നങ്ങള്‍ നല്‍കിയ, രാഷ്ട്രീയത്തിലെ അഴിമതിയും അധാര്‍മികതയും തൂത്തുവാരുമെന്ന് പ്രഖ്യാപിച്ച ആംആദ്മിയെ ഡല്‍ഹി ജനത മാറ്റിനിര്‍ത്തുമ്പോള്‍ ആംആദ്മിയുടെ രാഷ്ട്രീയത്തിന് എവിടെയാണ് പിഴച്ചത് എന്ന ചോദ്യം പ്രസക്തമാവുകയാണ്.

2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മതേതര ശക്തികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയുടെ ഗണത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തെ പെടുത്താന്‍ കഴിയില്ലെന്ന സാഹചര്യത്തില്‍ വിശേഷിച്ചും. കാരണം, മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ജനവിധി അട്ടിമറിക്കലും വര്‍ഗീയ ധ്രുവീകരണവുമെല്ലാമാണ് വര്‍ഗീയ ശക്തികളുടെ വിജയത്തിനും മതേതര ശക്തികളുടെ പരാജയത്തിനും കാരണമായി പറയാവുന്നതെങ്കില്‍ ഡല്‍ഹിയില്‍ ഈരണ്ടു ഘടകങ്ങളും മുഖ്യവിഷയമായി ഉയര്‍ത്തിക്കാണി ക്കാനുള്ള സാഹചര്യം നിലവിലില്ല എന്നതുതന്നെ. ഇ ലക്ട്രിക് വോട്ടിങ് മെഷിനുകളുമായി ബന്ധപ്പെട്ടുള്ള പൊരുത്തക്കേടുകളൊന്നും ഒരു പാര്‍ട്ടിയും ചൂണ്ടിക്കാണിച്ചിട്ടില്ല എന്നതിനോടൊപ്പം പതിവില്‍ നിന്ന് വിഭിന്നമായി ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തേക്കാള്‍ ഊന്നല്‍ നല്‍കിയത് മറ്റുപല വിഷയങ്ങള്‍ക്കുമാണെന്നതും യാഥാര്‍ത്ഥ്യവുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ പരീക്ഷണമായിരുന്ന ആംആദ്മിക്ക് സംഭവിച്ചിരിക്കുന്നത് രാഷ്ട്രീയമായ പരാജയം തന്നെയാണെന്ന് ന്യായമായും വിലയിരുത്താവുന്നതാണ്.

2015ല്‍ സാധാരണക്കാരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും ആരോഗ്യം, വിദ്യാഭ്യാസം, വെള്ളക്കരം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ അവ പ്രാവര്‍ത്തികമാക്കാനും സാധിച്ചിരുന്നുവെങ്കില്‍ 2020 ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ അവ പാലിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാലിന്യം നിറഞ്ഞ തെരുവുകളും പാതിവഴിയിലായ പദ്ധതികളുമെല്ലാം ഇവിടെയൊരു ഭരണമുണ്ടോ എന്ന ചോദ്യം ജനങ്ങളില്‍ ഉയര്‍ത്തുന്ന സാഹചര്യങ്ങള്‍ സംജാതമാക്കി. ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം അന്വേഷണങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും സര്‍ക്കാരിനെ പ്രതിരോധിക്കുകയെന്ന ചുമതലയായിരുന്നു ഇക്കഴിഞ്ഞ കാലയളവില്‍ കെജ്രിവാളിനും സംഘത്തിനുമുണ്ടായിരുന്നത്. മദ്യ അഴിമതിയും, കെജ്രിവാളിന്റെ്‌റെ ഔദ്യോഗിക വസതിയായ ശീഷ് മഹലിന്റെ നവീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആംആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ക്കുമേല്‍ തന്നെ പതിക്കുന്നതായിരുന്നു. ധാര്‍മികതയും അഴിമതി വിരുദ്ധതയും പറഞ്ഞ് അധികാരത്തിലെ ത്തിയവര്‍ ഇതേ വിഷയങ്ങളുടെ പേരില്‍ ജയിലറകളിലേക്ക് പോകുന്ന സാഹചര്യം ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു.

ആശയപരമായ വ്യക്തതയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പിന്റെ ആധാരം എന്നതാണ് ആം ആദ് മി പാര്‍ട്ടിയുടെ പരാജയം നല്‍കുന്ന ഏറ്റവും വലിയ പാഠം. മതേതരത്വ ആശയങ്ങളോട് എത്രമാത്രം കൂറ് പുലര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് ചിന്തനീയമാണ്. പ്രായോഗികമായും സൈദ്ധാന്തികമായുമുള്ള നിലപാടുകള്‍ ഇക്കാര്യത്തില്‍ സംശയത്തിന്റെ കരിനിയല്‍ ആ പാര്‍ട്ടിയുടെ മേല്‍ വീഴ്ത്തിയിട്ടുണ്ട് എന്നത് നിസംശയമാണ്. നാട് കലാപാഗ്‌നിയില്‍ കത്തിച്ചാമ്പലാവുകയും ഒരു വിഭാഗം ജനങ്ങള്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍ ഭരണാധികാരികളെ ആ വഴിക്ക് കാണാതിരിക്കുന്നതിന്റെ അര്‍ത്ഥം തങ്ങള്‍ കലാപകാരികളോടൊപ്പമാണ് എന്ന പ്രഖ്യാപനമല്ലാതെ മറ്റെന്താണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോര ട്ടത്തിന്റെ കേന്ദ്രമായി ഡല്‍ഹി മാറിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളിനെ പോലും ആ വഴിക്കൊന്നും കണ്ടില്ലെന്നത് അത്ര നിസാരമായി തള്ളിക്കളയാവുന്ന ഒന്നായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മതേതര പക്ഷത്ത് വിള്ളല്‍ സൃഷ്ടിക്കുന്ന നീക്കങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായതും ഡല്‍ഹിയില്‍പോലും മതേതര സഖ്യം രൂപപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചതും അവര്‍ സ്വയം കു ഴിതോണ്ടിയതിനുള്ള ഉദാഹരണങ്ങളാണ്. വര്‍ഗീയത ക്കെതിരായ പോരാട്ടത്തില്‍ മതേതര പക്ഷത്ത് വിട്ടുവി ഴ്ച്ചയില്ലാതെ നിലയുറപ്പിക്കുകയെന്നതാണ് ആപിന്റെ തിരിച്ചുവരവിനുള്ള ഏക മാര്‍ഗം.

 

Continue Reading

kerala

“ഇത്രകാലം നടത്തിയത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും” കെ. മുരളീധരൻ

കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

Published

on

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. “കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

“ഇത്രകാലം ഞങ്ങൾ നടത്തി വന്നത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും,” എന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

കിഫ്ബി ഫണ്ടിന്‍റെ സഹായത്തോടെ നിർമിക്കുന്ന റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഈ വിഷയത്തിൽ സർക്കാരിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. “ജനങ്ങൾക്ക് കൂടി ഭൂഷണമായി ഈടാക്കുന്ന ടോൾ സ്വീകരിക്കാനാകില്ല. സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധവുമായി തെരുവുകളിലിറങ്ങും,” എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ.

വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലും, ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇടത് മുന്നണിയും സർക്കാരും പിന്നോട്ട് നീങ്ങാത്തത് ശ്രദ്ധേയമാണ്. ടോൾ ചുമത്തുന്നത് എൽഡിഎഫ് തത്വപരമായി അംഗീകരിച്ചതായി മുന്നണി കൺവീനർ വ്യക്തമാക്കി.

എന്നിരുന്നാലും, ഈ വിഷയത്തിൽ മുന്നണി യോഗത്തിൽ വ്യക്തമായ ചർച്ച നടന്നില്ലെന്ന് ചില ഘടകകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പിരിവിന് ആവശ്യമായ നിയമനിർമ്മാണത്തിനുള്ള കരട് ഇപ്പോൾ ധനവകുപ്പിന്‍റെ പരിഗണനയിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

Trending