തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംവരണം ഇല്ലാതാക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഒരു നീക്കവും ഈ സര്‍ക്കാരില്‍ നിന്നുണ്ടാവില്ല. നിലവിലെ സംവരണക്രമം നിലനില്‍ക്കണമെന്നതാണ് ഇടത് നിലപാട്. അതേസമയം മുന്നാക്കക്കാരിലെ പരമദരിദ്രര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും അതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നതും ഇടതു മുന്നണിയുടെ നേരത്തെ മുതലുള്ള നിലപാടാണ്. ഹിന്ദുവിഭാഗങ്ങള്‍ക്ക് മാത്രമാണ് ദേവസ്വംബോര്‍ഡില്‍ നിയമനം. അവിടെ ന്യൂനപക്ഷ സംവരണം ഇല്ലാത്തതിനാല്‍ ഒഴിവു വരുന്ന 10 ശതമാനം തസ്തികകള്‍ മുന്നാക്കക്കാരിലെ പാവങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. അതിന് ഭരണഘടനാ ഭേദഗതി ആവശ്യമില്ല. നേരത്തെ സംവരണ ആനുകൂല്യം ലഭിക്കുന്ന ആര്‍ക്കും ഒരു നഷ്ടവും വരില്ല. മാത്രമല്ല ഈ വിഭാഗങ്ങളുടെ സംവരണ ശതമാനത്തില്‍ വര്‍ധനയും വരുത്തിയിട്ടുണ്ട്.

വഖഫ് ബോര്‍ഡിലേക്കുള്ള പി.എസ്.സി നിയമനങ്ങള്‍ മുസ്‌ലിം വിഭാഗത്തിന് മാത്രമായി വ്യവസ്ഥ ചെയ്യും. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്ന് എം.ഉമ്മറിനെ മുഖ്യമന്ത്രി അറിയിച്ചു.ഏതാനും പേര്‍ ചേര്‍ന്നിരുന്ന് നിയമനം നടത്തുമ്പോള്‍ പരിചയക്കാരോ മറ്റു തരത്തില്‍ ബന്ധമുള്ളവരോ ആകും തെരഞ്ഞെടുക്കപ്പെടുക.എന്നാല്‍ പി.എസ്.സിക്കു വിടുമ്പോള്‍ നിയമനങ്ങള്‍ കൂടുതല്‍ വിശാലവും സുതാര്യവുമാവും. ഇതിന് നിയമപരമായ തടസങ്ങളില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ദേവസ്വം നിയമനങ്ങള്‍ക്ക് നേരത്തെ റിക്രൂട്ട്മെന്റ് ബോര്‍ഡുണ്ടായിരുന്നു. ഇടക്കാലത്ത് ഇല്ലാതായ ഈ സംവിധാനം പുനഃസംഘടിപ്പിക്കുകയാണ് ചെയ്തത്.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമ്പോള്‍ നേരിട്ടുള്ള നിയമനങ്ങളില്‍ (സ്ട്രീം ഒന്ന്) മാത്രമാണ് സംവരണം ബാധകമാവുക. രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് സര്‍വീസില്‍ നിന്നുള്ളവരില്‍ നിന്ന് നിയമനം നടത്തുന്നതിനാല്‍ സംവരണം ബാധകമാവുന്നില്ല. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കാന്‍ നടപടി എടുക്കും. കിഫ്ബിയിലൂടെ 15 വകുപ്പുകളിലായി 18,938.95 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 331.95 കോടി ഇതിനകം ചെലവഴിക്കുകയും ചെയ്തു.വന്‍കിട പദ്ധതികള്‍ക്ക് ഉണ്ടാകാറുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 36 നെതിരെ 81 വോട്ടുകള്‍ക്ക് നന്ദിപ്രമേയം സഭ പാസാക്കി.