വാഷിങ്ടന്‍: യുഎസിലെ കൊളറാഡോയില്‍ ഡെന്‍വര്‍ സബര്‍ബന്‍ വാള്‍മാര്‍ട്ട് സ്‌റ്റോറിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് അക്രമം നടന്നത്. സ്റ്റോറിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു.
രണ്ട് പേര്‍ അക്രമ സ്ഥലത്തു വച്ചും. പരിക്കേറ്റ സ്ത്രീ ആസ്പത്രിയില്‍ വച്ചുമാണ് മരിച്ചത്. സ്റ്റോറിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ നിര്‍ത്താതെ വെടിവയ്ക്കുകയായിരുന്നു. പൊലീസും ശക്തമായി തിരിച്ചു വെടിവച്ചു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു മണിക്കൂറിനുള്ളില്‍ അവസാനിച്ചതായി തോണ്‍ടന്‍ പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ജനങ്ങളെ പരിസരത്തു നിന്നും പൊലീസ് നീക്കം ചെയ്തു. സംഭവുമായി ബന്ധപ്പെട്ടു ആരെയും അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.