മോസ്‌ക്കോ: ചിലി അതിമനോഹരമായി കളിച്ചു. ആക്രമണ ഫുട്‌ബോളിന്റെ ശക്തരായ വക്താക്കളായി വിദാലും സാഞ്ചസും കളം വാണു. പക്ഷേ ലോകത്തിലെ ഏറ്റവും മിടുക്കരായ രണ്ട് മുന്‍നിരക്കാരുണ്ടായിട്ടും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ ഗോളടിക്കാന്‍ മറന്നു. 93 മിനുട്ട് പോരാട്ടത്തില്‍ തുറന്ന് കിട്ടിയ ഒരേ ഒരു അവസരമാവട്ടെ ലോക ചാമ്പ്യന്മാരായ ജര്‍മനി ഉപയോഗപ്പെടുത്തി. അവരാണ് പുതിയ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കള്‍-അഥവാ വന്‍കരാ ചാമ്പ്യന്മാര്‍…!
ജോക്കിം ലോ എന്ന അത്യാധുനികനായ പരിശീലകന്‍. അദ്ദേഹം റഷ്യയിലേക്ക് വരുന്നതിന് മുമ്പേ ഒരു കാര്യം മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞിരുന്നു-ഇത് യുവ പരീക്ഷണ സംഘമാണ്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന ടീം. ആ ടീമാണ് കോച്ചിനെ പോലും അല്‍ഭുതപ്പെടുത്തി ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കടാക്ഷത്തില്‍ ഒരു ഗോള്‍ വിജയവുമായി ലോക ഫുട്‌ബോളിലെ അതികായന്മാരായിരിക്കുന്നത്.
ഇതാദ്യമായി കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മുത്തമിടാന്‍ ജര്‍മനിയെ സഹായിച്ചത് അധികമാരുമറിയാത്ത ലാര്‍സ് സ്റ്റിന്‍ഡല്‍ എന്ന ബൊറൂഷ്യ മോന്‍ജേഗബാദിന്റെ താരമാണ്. മല്‍സരത്തിന് 21 മിനുട്ട് പ്രായമായപ്പോള്‍ ചിലി വരുത്തിയ ഒരേ ഒരു വലിയ പിഴവ്-അത് ഉപയോഗപ്പെടുത്തിയായിരുന്നു അവസരവാദത്തിന്റെ ജര്‍മന്‍ ഗോള്‍. സ്വന്തം ബോക്‌സില്‍ നിന്നും പന്ത് തട്ടിയ ചിലി ഡിഫന്‍ഡര്‍ മാര്‍സിലോ ഡയസ് ഗോള്‍ക്കീപ്പര്‍ക്ക് മൈനസ് ചെയ്യാനുളള ശ്രമത്തിനിടെ വരുത്തിയ പിഴവില്‍ പന്ത് പിടിച്ചെടുത്ത സ്റ്റിന്‍ഡല്‍ ഗോള്‍ക്കീപ്പറെ എളുപ്പത്തില്‍ നിസ്സഹായനാക്കി.
17 ഗോളവസരങ്ങളാണ് ഇരു പകുതികളിലായി ചിലി നേടിയത്. അവസാന മിനുട്ട് വരെ അവര്‍ ജര്‍മന്‍ ഗോള്‍വലയം വിറപ്പിച്ചു. പക്ഷേ മാനുവല്‍ ന്യൂയര്‍ എന്ന സൂപ്പര്‍ ഗോള്‍ക്കീപ്പറുടെ പിന്‍മുറക്കാരനായി എത്തിയ മാര്‍ക്ക് ആന്ദ്രെ സ്‌റ്റെഗന്‍ എന്ന കാവല്‍ക്കാരന്റെ അത്യുജ്ജ്വല സേവുകളായിരുന്നു ലോക ചാമ്പ്യന്മാര്‍ക്ക് ഭാഗ്യമായി മാറിയത്.
പത്ത് ദിവസം മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇതേ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 ലായിരുന്നു. അന്നും കളത്തില്‍ മിന്നിയത് ചിലിയായിരുന്നു. ആ മാനസിക മുന്‍ത്തൂക്കത്തില്‍ വിദാലും സാഞ്ചസും മുന്നേറി കളിച്ചു. ആദ്യ പത്ത് മിനുട്ടില്‍ മാത്രം മൂന്ന് ഉഗ്രന്‍ ഷോട്ടുകള്‍. പക്ഷേ ജര്‍മന്‍കാര്‍ ഗോളുമായി ഒന്നാം പകുതിക്ക് ചിരിയോടെ പിരിഞ്ഞു. രണ്ടാം പകുതിയില്‍ ജര്‍മനി സ്വന്തം വിലാസമായ മധ്യനിര പ്രതിരോധത്തിലേക്ക് പോയി. മുസ്താഫിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സിനെ പക്ഷേ പലവട്ടം വിറച്ചിട്ടും ചിലിക്കൊപ്പം ഗോള്‍ ഭാഗ്യം വന്നില്ല. അതിനിടെ പലവട്ടം കയ്യാങ്കളിയില്‍ റഫറി ഇടപ്പെട്ടു. വീഡിയോ റഫറലുകള്‍ വന്നു. ഏറ്റവുമൊടുവില്‍ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ ജര്‍മനിക്ക് മറ്റൊരു കപ്പ് കൂടി-ഇത് വരെ അവര്‍ക്ക് നേടാന്‍ കഴിയാത്ത കിരീടം.